Wednesday, March 7, 2018

മരുഭൂമിയിലെ അഗ്നി പർവത മുഖത്തു സഞ്ചാരി ക്കൂട്ടത്തിനൊപ്പം


വിരസവും യാന്ത്രിക വുമായ പ്രവാസ ജീവിതത്തിൽ യാത്രകൾക്കുള്ള അവസരങ്ങൾ വളരെ കുറവാണു. നീണ്ട പ്രവാസ ജീവിത കാലത്തു വളരെ കുറച്ചു യാത്രകൾ മാത്രമേ നടത്താൻ പറ്റിയിട്ടുള്ളൂ. സഞ്ചാരി ജിദ്ദ ഗ്രൂപ്പ് വഹ്‌ബാ യാത്ര പ്ലാൻ ചെയ്തതും എനിക്ക് അവധി ലഭിക്കാൻ തുടങ്ങിയതും ഒരേ സമയത്തായതിനാൽ മറ്റൊന്നും ചിന്തിക്കാതെ ഉടൻ പേര് നൽകി. തായിഫിൽ നിന്നും 250 കിലോമീറ്ററോളം ദൂരെയുള്ള വഹബ ഗർത്തം എന്ന മനോഹരവും അത്ഭുതകരവുമായ കാഴ്ച കാണാനായിരുന്നു ആ യാത്ര. രണ്ടു കിലോമീറ്റർ വ്യാസവും കാൽ കിലോമീറ്റർ ആഴവും ഉള്ള ഈ ഗർത്തം അഗ്നി പർവത സ്ഫോടന ഫലമായി ഉണ്ടായതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഒരു ഭീമൻ ഉൽക്ക വീണു ഉണ്ടായതാണെന്നും  ചിലർ വിശ്വസിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ ആറരയോടെ ഞങ്ങൾ സ്റ്റാർട്ടിങ് പോയിന്റായ ഖാലിദ് ബിൻ വലീദ് റോഡിലെ ഡോൾഫിൻ പാർക്കിനു  മുമ്പിലെത്തി. ഞങ്ങൾ എത്തുന്നതിനു മുമ്പ് തന്നെ ബസും ഉത്സാഹികളായ അഡ്മിന്മാരുമെല്ലാം അവിടെയിത്തിയിരുന്നു. അവരെല്ലാം ബസിലേക്ക് ഭക്ഷണവും മറ്റു സാധനങ്ങളും കയറ്റുന്ന തിരക്കിൽ ആയിരുന്നു. കൃത്യം ഏഴ് മണിക്ക് തന്നെ യാത്ര എന്ന ഒറ്റ വികാരത്തിൽ ഒരുമിച്ച അമ്പതോളം ആളുകളുമായി പുലർ വെളിച്ചത്തിൽ ജിദ്ദയുടെ തെരുവിലൂടെ സുന്ദരനായ മെയ്ഡിസ് ബെൻസ് ബസ് യാത്ര തുടങ്ങി. പ്രാർത്ഥനയോടെ തുടങ്ങിയ യാത്ര ഉല്ലാസത്തിലേക്കു മാറാൻ ഏറെ സമയമെടുത്തില്ല. കിടിലൻ ഗെയിമുകൾ ആയിരുന്നു അഡ്മിൻസ്  ഒരുക്കി വെച്ചിരുന്നത് . തുടക്കത്തിൽ തന്നെ എല്ലാവർ ക്കും ഓരോ പെൻസിൽ വിതരണം ചെയ്തിരുന്നു.  പിന്നീട് സ്പെല്ലിങ് എഴുതൽ, അക്കങ്ങൾ അമേരിക്കൻ ഇംഗ്ലീഷിൽ പറയൽ, പൂക്കളുടെയും പഴങ്ങളുടെയും പേര് പറയൽ, പതാക കാണിച്ചു രാജ്യം പറയൽ, മലയാള അക്കങ്ങൾ കണ്ടെത്തൽ തുടങ്ങിയ മത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. അതിടക്കു ബഹ്‌റയിൽ എത്തിയപ്പോൾ പ്രഭാത ഭക്ഷണം കഴിക്കാൻ സൗകര്യ പ്രദമായ ഒരു സ്ഥലത്തു ബസ് നിർത്തി. എല്ലാവരും കഴിച്ച ശേഷം ഒരു മാലിന്യം പോലും അവിടെയില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് യാത്ര തുടർന്നത്.


അകത്തു  മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ബസ് ബഹ്‌റയും ജുമൂമും പിന്നിട്ട് ഇത്തിരി
 പച്ചപ്പുള്ള കൃഷി സ്ഥലങ്ങൾ ക്കരികിലൂടെ മുന്നോട്ട് കുതിക്കുകയായിരുന്നു.
ബാത്‌റൂമിൽ പോകാനും മറ്റുമായി ഒരു പെട്രോൾ പമ്പിൽ ബസ് നിർത്തിയപ്പോഴാണ് പുറത്തു അത്യാവശ്യം തണുപ്പുണ്ടെന്നു മനസ്സിലായത്. കളി ചിരികൾക്കിടയിൽ മുഖ്യ അവതാരകൻ അച്ചൂസ് പെട്ടെന്ന് ഓടി ഒരു സീറ്റിൽ പോയി ഇരിക്കുന്നത് കണ്ടു. അപ്പോഴാണ് ചെക്കിങ്ങിനു വേണ്ടി പോലീസ് കൈ കാണിച്ചതെന്ന്.മനസ്സിലായത്. പോലീസ് ബിസിനകത് കയറി എല്ലാവരുടെയും ഇക്കാമ പരിശോദിച്ചു. യാത്ര തുടങ്ങുന്നതിനു മുമ്പ് തന്നെ അഡ്മിന്മാർ രേഖകൾ എല്ലാം പരിശോദിച്ചു ഉറപ്പു വരുത്തിയിരുന്നതിനാൽ പ്രശനങ്ങൾ ഒന്നും ഉണ്ടായില്ല. ബിസിനകത്തെ ഗെയിമുകളും പുറത്തെ പ്രക്രതിയും മാറിക്കൊണ്ടിരുന്നു. അഭിനയിച്ചു കാണിച്ചു സിനിമ പേര് പറയിപ്പിക്കുന്ന കളി എല്ലാവരെയും ഏറെ ചിരിപ്പിച്ചു. സുക്രതം, കഥാവശേഷൻ തുടങ്ങിയ പേരുകൾ അഭിനയിച്ചു ഫലിപ്പിക്കാൻ മത്സരാർത്ഥികൾ ഏറെ പണിപ്പെട്ടു. അന്താക്ഷരി മത്സരം തുടങ്ങിയപ്പോൾ ആണ് പലരുടെയും സർഗ വാസന പുറത്തു ചാടിയത്. അകത്തെ പരിപാടികൾ ആസ്വദിക്കുമ്പോഴും എന്റെ ശ്രദ്ധ പുറത്തെ പ്രകൃതിയിലേക്കായിരുന്നു. മരുഭൂമിയുടെ പ്രതേക ഭാവങ്ങളുടെ കാഴ്ചകൾ ആസ്വാദകമായിരുന്നു. ചിലയിടത്തെ കാഴ്ച കടൽ പോലെ അറ്റമില്ലാതെ കിടക്കുന്ന വെളുത്ത മരുഭൂമിയായിരുന്നു. മറ്റു ചിലയിടത് കറുത്ത പാറകൾ ചെറിയ
കഷ്ണങ്ങളായിട്ടു അലങ്കരിച്ച പോലത്തെ കൊച്ചു കുന്നുകൾ. വെയിലടിച്ചു കരിഞ്ഞു പോയ പോലത്തെ കറുത്ത ഒട്ടക കൂട്ടങ്ങൾ . കൊച്ചു കൊച്ചു കൃഷിത്തോട്ടങ്ങൾ. കട്ടി കടലാസ്സിൽ വെട്ടിയെടുത്ത പോലത്തെ കുഞ്ഞു മലകൾ. മരുഭൂമിൽ മാത്രം കാണാവുന്ന പ്രതേക ചെടികൾ തുടങ്ങിയ പല
മനോഹരമായ കാഴ്ച്ചകളും ആസ്വദിച്ചു. അകത്തെ എല്ലാ കലാപരിപാടികളും സഹിച്ച ഞങ്ങളുടെ സിറിയക്കാരനായ ഡ്രൈവർക്കു പലരുടെയും പാട്ടുകൾ കേട്ട് സഹി കെട്ടു. അയാൾ ഒന്ന് ഉടക്കി. അഡ്മിന്മാർ ചില്ലറക്കാരല്ലെന്നു മനസ്സിലാക്കിയ അയാൾ ഒടുവിൽ ഞങ്ങൾക്ക് കീഴടങ്ങി. ഏകദേശം വഹബ എത്താനായതിനാലും ഡ്രൈവർ അവിടെ ഇറക്കി വിട്ടു പോരുമെന്നു ചെറിയ ഭയം ഉള്ളതിനാലും ഞങ്ങൾ പാട്ടു നിർത്തി. അപ്പോയെക്കും ജുമുഅ നിസ്കാരത്തിന്റെ സമയം ആയിരുന്നു. മരുഭൂമിയിലൂടെ കുറെ സഞ്ചരിച്ചിട്ടും പള്ളി പോയിട്ട് ഒരു പുള്ളിയെ പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ പുല്ലിൻകെട്ടുകളും മറ്റും വിൽക്കുന്ന കടകളുള്ള ഒരു കൊച്ചു ഗ്രാമത്തിൽ  ഞങ്ങൾ എത്തി.അവിടെയുള്ള ഒരു പള്ളിയിൽ ജുമുഅ നിസ്കരിച്ചു. നല്ല തണുത്ത കാലാവസ്ഥായായിരുന്നു അവിടെ അനുഭവപ്പെട്ടത്. അവിടെ നിന്നും എല്ലാവരും കുറെ ഫോട്ടോസ് ഒക്കെ എടുത്താണ് യാത്ര പുറപ്പെട്ടത്.
രണ്ടു മണിയാകുന്നതിനു മുമ്പ് തന്നെ ഞങ്ങൾ വഹബ യിൽ  എത്തിച്ചേർന്നു. കാഴ്ചകളിലേക്ക് പോകുന്നതിനു മുമ്പ് പാർക്കിംഗ് ഭാഗത്തു തന്നെ ഉച്ച ഭക്ഷണം കഴിക്കാനിരുന്നു. നല്ല തണുപ്പും കാറ്റുമുള്ള അവിടെ ഇരുന്നു സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി എല്ലാവരും ആസ്വദിച്ചു കഴിച്ചു. അതിനോടൊപ്പമുണ്ടായിരുന്ന മാങ്ങാ അച്ചാറിനും നല്ല രുചിയായിരുന്നു. ഭക്ഷണ ശേഷം ഞങ്ങൾ വാഹബ ഗർത്ത പര്യവേഷണം ആരംഭിച്ചു.







ഗർത്തത്തിന്റെ വലിപ്പം ദൂരെ നിന്ന് തന്നെ മനസ്സിലാക്കാൻ പറ്റിയിരുന്നു.
സഞ്ചാരികൾ കൂടുതൽ വരുന്നതിനാൽ  സൗദി സർക്കാർ കുറച്ചു സൗകര്യങ്ങൾ അവിടെ കൊണ്ട് വന്നിട്ടുണ്ട്. ഗർത്തതിന് ചുറ്റും അരയാൾ  പൊക്കത്തിൽ കരിങ്കല്ല് കൊണ്ടുള്ള മതിൽ പണിതിട്ടുണ്ട്. മൂന്നു നാലു ചെറു നിരീക്ഷണ വിശ്രമ കേന്ദ്രങ്ങളും  പാർക്കിംഗ് ഏരിയ യും അതിനോടനുബന്ധുച്ചു ചെറിയ ഓഫീസും പള്ളിയും ബാത്റൂമുകളും എല്ലാം പണിതിട്ടുണ്ട്. ഞങ്ങൾ ചെന്ന സമയത്തു ഇതെല്ലാം അടഞ്ഞു കിടക്കുക യായിരുന്നു.ആദ്യം ഞങ്ങൾ മുകളിൽ നിന്നുള്ള ഗർത്തത്തിന്റെ കാഴ്ച ആസ്വദിച്ച്. രണ്ടു കിലോമീറ്ററിൽ കൂടുതൽ വ്യാസവും കാൽ കിലോമീറ്റർ ആഴവും ഉള്ള ഒരു വലിയ ഗർത്തമാണിത്. വെളുത്ത പ്രതലത്തോട് കൂടിയ ഇതിന്റെ അടി ഭാഗം   ഒരു മൈതാനം പോലെ പറന്നാണിരിക്കുന്നത്. വൃത്ത ആകൃതിയിലുള്ള അടിഭാഗം മുകളിൽ നിന്ന് കാണാൻ നല്ല ഭംഗിയാണ്. അവിടെയുള്ള ആളുകളെ ഒരു പൊട്ടു പോലെ കാണാൻ സൂക്ഷിച്ചു നോക്കുക തന്നെ വേണം. ആ കാഴ്ച കുറെ നേരം ആസ്വാദിച്ച ശേഷം താഴേക്കിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങൾ. നല്ല തണുപ്പും കാറ്റുമുണ്ടെങ്കിലും എല്ലാവരും ജാക്കറ്റും തൊപ്പിയുമൊക്കെ ധ രിച്ചിരുന്നതിനാൽ ഒരു പരിധി വരെ അതിനെ നേരിടാൻ പറ്റി. താഴേക്കിറങ്ങുന്ന സ്ഥലത്തെത്താൻ ഗർത്തത്തിനരികിലൂടെ ഒരു കിലോമീറ്ററോളം നടക്കേണ്ടി വന്നു. അവിടെയെത്തിയപ്പോൾ പാശ്ചാത്യ സഞ്ചാരികൾ വന്ന ബസും കുറച്ചു കാറുകളും കണ്ടു. വിവിധ വർണങ്ങളിലും മറ്റുമുള്ള പ്രതേക കല്ലുകൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശങ്ങൾ. പലയിടത്തും ഈ കല്ലുകൾ പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന പാശ്ചാത്യ സഞ്ചാരികളെ കാണാൻ പറ്റി. താഴെക്കിറങ്ങുന്ന കാര്യത്തിൽ ജന്മനാ പേടിത്തൊണ്ടനായ എനിക്ക് നല്ല ആശങ്ക ഉണ്ടായിരുന്നു. സാഹചര്യം അനുകൂലമാണെങ്കിൽ ഇറങ്ങിയാൽ മതിയെന്നായിരുന്നു എന്റെ തീരുമാനം. എല്ലാവരും ആവേശത്തോടെ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഞാനും നോക്കി നിന്നില്ല. താഴേക്കിറങ്ങുമ്പോൾ  ഒരു സായിപ്പ് പറഞ്ഞത് നിങ്ങൾക്ക് നല്ല കാൽ മുട്ടുണ്ടെങ്കിൽ അര മണിക്കൂർ താഴേക്കും തിരിച്ചു കയറാൻ ഒരുമണിക്കൂറും വേണ്ടി വരും എന്നാണ്. .  ഇറക്കത്തിന്റെ തുടക്കം വലിയ പ്രയാസമില്ല. കുറെ വലിയ പ്രയാസമില്ലാതെ നടക്കാം . പിന്നീട് താഴേക്ക് വളരെ ശ്രദ്ദിച്ചു ഇറങ്ങേണ്ടി വന്നു. വഴി കല്ലൊക്കെ ഇട്ടു ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ശ്രദിച്ചില്ലെങ്കിൽ വീഴാൻ സാധ്യത യുള്ള ചെറിയ കല്ലുകളാണ് പാത മുഴുവൻ. താഴേക്കിറങ്ങുമ്പോൾ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അടി ഭാഗത്തിന്റെ കാഴ്ച വളരെ മനോഹരമാണ്. ചുരം പോലെ വളഞ്ഞു പുളഞ്ഞ വഴിയിലൂടെ താഴെയെത്തുമ്പോൾ കല്ലുകൾ പൊറുക്കി വെച്ചു നിർമിച്ച കവാടം ഞങ്ങളെ സ്വാഗതം ചെയ്തു. കുറച്ചു കൂടി മുന്നോട്ടു പോയി മനോഹരമായ വെളുത്ത ഗ്രൗണ്ടിൽ ഞങ്ങൾക്ക് മുമ്പേ കുറെ പേർ എത്തിച്ചേർന്നിരുന്നു. താഴെ എത്തിച്ചേർന്ന സന്തോഷം മനസ്സിലുണ്ടായിരുന്നുവെങ്കിലും തിരിച്ചു കയറുന്നതിനെ കുറിച്ചുള്ള ആവലാതി ആയിരുന്നു മനസ്സ് നിറയെ. ഫോട്ടോ എടുപ്പും പാട്ടുകളും മറ്റുമായി ഞങ്ങൾ ശരിക്കും ആഘോഷിച്ചു.  എല്ലാവരുടെയും ചാടുന്ന ഭാവങ്ങൾ  അദ്നു വളരെ നന്നായി ക്യാമെറയിൽ പകർത്തി. കുറച്ചപ്പുറത്തു ഒരു ഇംഗ്ലീഷ്കാരിയുടെ വിവിധ യോഗ ഭാവങ്ങളിൽ ഉള്ള ഫോട്ടോ ഷൂട്ട് ഞങ്ങൾക്ക് ഏറെ കൗതുകം പകർന്നു.
പലരും അവിടെ നിന്നും ഫേസ്ബുക് ലൈവ് നടത്തുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും സഞ്ചാരിയുടെ ബാനർ പിടിച്ചു കുറച്ചു ഫോട്ടോകൾ എടുത്തു.
ഒടുവിൽ ദേശീയ ഗാനം ആലപിച്ചു ഞങ്ങൾ മുകളിലേക്കുള്ള യാത്ര ആരംഭിച്ചു.
കയറ്റം വിചാരിച്ച പോലെ വളരെ ബുദ്ദിമുട്ട്  നിറഞ്ഞതായിരുന്നു. സാഹസികഥയേക്കാൾ എന്നെ  ബുദ്ദിമുട്ടിച്ചത് അധ്വാനം ആയിരുന്നു.മുകളിലേക്ക് കയറുംതോറും കിതപ്പ് കൂടുന്നത് ഒരു വലിയ പ്രശ്‌നമായിരുന്നു.
എപ്പോഴും മറക്കാൻ ശ്രമിക്കുന്ന പ്രായം എന്ന യാഥാർഥ്യം എന്നെ തുറിച്ചു നോക്കി. നാലഞ്ചു തവണ ഇരുന്നു മുക്കി മൂളി ഒരുമണിക്കൂർ കൊണ്ട് മുകളിൽ എത്തിച്ചേർന്നു.എന്റെ ഓർമ ശരിയാണെങ്കിൽ   ഇങ്ങനെയൊരു കയറ്റം ജീവിതത്തിൽ ആദ്യമായിട്ടാണ്. മുകളിലെത്തി കുറച്ചു നേരം വിശ്രമിച്ചു  ഒരുവിധം കഷ്ടപ്പെട്ട് മുന്നോട്ട് നീങ്ങി. പിന്നെയും ഒരുകിലോമീറ്ററിൽ കൂടുതൽ ബിസിനടുത്തേക്കു നടക്കാനു ണ്ടായിരുന്നു. അപ്പോഴാണ് ചുവന്ന പിക് അപ്പ് വാഹനത്തിൽ വന്ന മലയാളികൾ ഞങ്ങളെ വിളിച്ചത്. കേട്ട പാതി കേൾക്കാത്ത പാതി ഞങ്ങൾ അതിൽ ചാടി കയറി. ഞങ്ങളുടെ കിതപ്പ് കേട്ട് പടച്ചോൻ നേരിട്ടയച്ച വാഹനമാണത് എന്നാണെനിക്കപ്പോൾ തോന്നിയത്. ബിസിനടുത്തെത്തിയപ്പോൾ പകുതിയോളം ആളുകൾ തിരിച്ചെത്തിയിരുന്നു.
ബാക്കിയുള്ളവരും തിരിച്ചെത്തിയപ്പോൾ ബാക്കിയുള്ള ബിരിയാണി ആവശ്യക്കാർക്ക് വിളമ്പി. അവിടെ വെച്ച് എല്ലാവരും കൂടി ഗ്രൂപ്പ് ഫോട്ടോ എടുത്തു.അപ്പോയേക്കും സൂര്യൻ പാതി മറഞ്ഞിരുന്നു. വിറകു കത്തിച്ചു ചായ കാച്ചാനുള്ള ശ്രമം തുടങ്ങിയെങ്കിലും സമയം വൈകുമെന്നതിനാൽ അതുപേക്ഷിച്ചു. സ്വാദിഷ്ടമായ  നെയ്യപ്പം കഴിച്ചു ആറര മണിയോടെ ആ വിസ്മയ ഭൂമിയിൽ  നിന്നും ഞങ്ങൾ മടക്ക യാത്ര ആരംഭിച്ചു. മടക്ക യാത്രയിൽ സമ്മാന വിതരണവും യാത്രയുടെ കണക്കാവതരണവും ഉണ്ടായിരുന്നു. ബാക്കി വന്ന പണം അപ്പോൾ തന്നെ എല്ലാവർക്കും വീതിച്ചു നൽകി. . മണിക്കൂറുകൾ നീണ്ട യാത്രക്ക് ശേഷം രാത്രി പന്ത്രണ്ടു മണിയോടെ ഞങ്ങൾ പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചെത്തി.യാത്രയിൽ ഉടനീളമുള്ള  അഡ്മിന്മാരുടെ കഠിനാധ്വാനവും തികഞ്ഞ അർപ്പണ ബോധവുമാണ് ഈ യാത്രയെ വലിയൊരു വിജയമാക്കിയത്. സാഹസികത കൊണ്ടും ഉല്ലാസം കൊണ്ടും എനിക്കേറെ ഇഷ്ടപെട്ട ഈ യാത്ര ഒരിക്കലും മറക്കാത്ത കുറെ അനുഭവങ്ങൾ ആണ് എനിക്ക് സമ്മാനിച്ചത്.