Tuesday, February 28, 2023

തമിഴ് നാട് യാത്രനുഭവങ്ങൾ.

   ജിദ്ദയിൽ കൂടെ ജോലി ചെയ്തിരുന്ന കമാൽ പാഷ എന്ന തമിഴ് നാട് സ്വദേശി അകാലത്തിൽ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വീട് സന്ദർശിക്കണം എന്ന പ്ലാൻ ഷിഹാബിന്റേതായിരുന്നു, തുടക്കത്തിൽ ഒരു വാൻ നിറയെ ആളുണ്ടായിരുന്നെങ്കിലും അവസാനം  ഷിഹാബും റഷീദ്‌കയും നൗഷാദും പിന്നെ ഞാനും മാത്രമായി ചുരുങ്ങി. , ഞാനും റഷീദ്‌കയും അതി രാവിലെ തന്നെ  പെരിന്തൽമണ്ണയിൽ എത്തിച്ചേർന്നു,  കുറച്ചു കാത്തിരുന്നപ്പഴേക്കും നൗഷാദ് അവന്റെ കാറുമായെത്തി. അവന്റെ പുതു പുത്തൻ സ്വിഫ്റ്റ്കാറിൽ ആണ്  ഞങ്ങൾ യാത്ര പോകുന്നത് . മണ്ണാർക്കാട് എത്തുന്നതിന് മുമ്പ് ഷിഹാബും വണ്ടിയിൽ കയറി. മണ്ണാർക്കാട് കഴിഞ്ഞതിനു ശേഷം പ്രാതൽ കഴിച്ചു ഞങ്ങളുടെ ലക്ഷ്യ സ്ഥാനമായ മധുരക്കടുത്തുള്ള മേലൂരിറിലേക്കുള്ള യാത്ര തുടങ്ങി. ഏറെ താമസിയാതെ ഞങ്ങൾ പാലക്കാട് പട്ടണം പിന്നിട്ട് പാലക്കാടൻ പ്രകൃതി മനോഹാരിത യിലൂടെയായിരുന്നു യാത്രയെങ്കിലും റോഡിന്റെ സ്ഥിതി അത്ര നല്ലതായിരുന്നില്ല കു റച്ചു ദൂരം ഓടി തമിഴ് നാട്ടിലേക്ക് പ്രവേശിച്ചപ്പോൾ റോഡിന്റെ സ്ഥിതി ആകെ മാറി . പുതിയ അതിമനോഹരമായ റോഡിലൂടെ യായിരുന്നു ഞങ്ങളുടെ യാത്ര . കുറച്ചു പിന്നിട്ടപ്പോൾ റോഡിനിരു വശവും കാറ്റാടി കൾ ആയിരുന്നു പിന്നീടുള്ള കാഴ്ച്ച. പല വലിപ്പത്തിലും പലകമ്പനികളുടെയും കറങ്ങുന്നതും കറങ്ങാത്തതും അടക്കം നൂറുകണക്കിന് കാറ്റാടികൾ ഞങ്ങൾക്ക് കൗതുക കാഴ്ചയാണ് സമ്മാനിച്ചത്. ഇടക്ക് വണ്ടി നിർത്തി കുറച്ചു ഫോട്ടോയൊക്കെ എടുത്ത് ഞങ്ങൾ യാത്ര തുടർന്നു. മണിക്കൂറുകൾ ഓടിയിട്ടും കാറ്റാടി പാഠം ഒരറ്റമില്ലാതെ തുടർന്നപ്പോൾ ഞങ്ങൾക്ക് ബോറടി യായി മാറി. പൊള്ളാച്ചി പിന്നിട്ട് പുതിയ ഹൈവേയിലൂടെ പുതിയ കാഴ്ചകൾ കണ്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി. ഏറെ സംസാരിക്കുന്ന റഷീദ്ക്കയും ഷിഹാബും ഒന്നും പറയാതെ വളരെ നന്നായി വണ്ടി ഓടിച്ച നൗഷാദും പിന്നെ ഞാനും കൂടിയപ്പോൾവർഷങ്ങളോളം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തതിനാൽ   ആഴ്ചകൾ പറഞ്ഞാലും തീരാത്ത അത്ര കഥകളും അനുഭവങ്ങളും ഞങ്ങൾക്ക് പറയുന്നുണ്ടായിരുന്നു.  അത് കൊണ്ട് തന്നെ ഈ യാത്ര മുഴുവൻ ഏറെ രസകരമായിരുന്നു. പിന്നീട് ഒരു പെട്രോൾ പമ്പിൽ വണ്ടി നിർത്തി ഞങ്ങൾ അടുത്ത ബ്രേക് എടുത്തു. അപ്പോയെക്കും ഉച്ചക്ക് പന്ത്രണ്ടര മണി ആയിരുന്നു. പെട്രോൾ പമ്പിന് അടുത്തു റോഡരികിൽ പേരക്കയും കരിമ്പ് ജ്യൂസും മറ്റും വിൽക്കുന്നവരുടെ അടുത്തെത്തി എല്ലാവരും ഓരോ ഗ്ലാസ് കരിമ്പ് ജ്യൂസ് കുടിക്കുകയും  കുറച്ചു പേരക്ക വാങ്ങിക്കുകയും ചെയ്തു. അകത്തു നല്ല ചുവപ്പ് നിറമുള്ള സ്വാദിഷ്ടമായ പേരക്ക അടുത്തുള്ള മല കാണിച്ചു അവിടെ നിന്ന് വന്നതാണെന്ന് വിൽപ്പനക്കാരൻ പറഞ്ഞു. 




യാത്ര തുടർന്ന് ഡിണ്ടിഗൽ പട്ടണവും പിന്നിട്ട് ഏറെ മുന്നോട്ട് പോയ ഞങ്ങളുടെ  ലക്‌ഷ്യം ഉച്ച ഭക്ഷണം കഴിക്കുക എന്നതായിരുന്നു. ഏറെ മുന്നോട്ട് പോയെങ്കിലും നല്ലൊരു റെസ്റ്റോറന്റ് കണ്ടെത്താൻ കഴിഞ്ഞില്ല. കുറെ ഓടി നാദം എന്ന സ്ഥലത്തിയപ്പോൾ നല്ലൊരു  റെസ്റ്റോറന്റ് കണ്ടു പിടിച്ചു. ഞങ്ങളെ അകത്തെ AC റൂമിലേക്ക് തന്നെ അവർ ക്ഷണിച്ചു. അവിടത്തെ തിരക്ക് കണ്ടപ്പോൾ പ്രതീക്ഷിച്ച പോലെ നല്ല ഭക്ഷണം ആയിരുന്നു. ഞങ്ങൾ തമിഴ് നാട് തലപ്പാക്കട്ടി സ്റ്റൈൽ ബിരിയാണിയും ഹൈദരാബാദ് ബിരിയാണിയും വയറ് നിറച്ചു കഴിച്ചു. അവിടെ നിന്നും യാത്ര തുടർന്ന ഞങ്ങൾ മൂന്നര മണിയോടെ മേലൂർ പട്ടണത്തിലെ  കമാൽ പാഷ യുടെ വീട്ടിലെത്തി. ആ യാത്രയിൽ ഞാൻ കുടിക്കണം എന്ന് വിചാരിച്ചിരുന്ന മധുരയിലെ ജിഗർ തണ്ട എന്ന പാനീയം ആ വീട്ടിൽ നിന്നും കുടിച്ചു. അര മണിക്കൂർ അവിടെ ചിലവിട്ട് അവർക്ക് ധന സഹായം കൈമാറി അവിടെ നിന്നും ഇറങ്ങി. അടുത്തത് എങ്ങോട്ട് എന്നതിന് ക്രത്യമായ പ്ലാൻ ഞങ്ങൾക്കില്ലായിരുന്നു. ധനുഷ്ക്കോടി രാമേശ്വരം, കൊടൈക്കനാൽ , കമ്പം തേനി വഴി ഇടുക്കി എന്നീ മൂന്നു പ്ലാനുകൾ ഉണ്ടായിരുന്നു. അതിൽ യാത്ര കുറവുള്ള കമ്പം തേനി ഇടുക്കി തിരഞ്ഞെടുത്തു  ആ റൂട്ടിൽ യാത്ര തിരിച്ചു. ഇങ്ങോട്ട് വന്നപ്പോൾ ഒരു രൂപ പോലും ടോൾ കൊടുക്കാതിരുന്ന ഞങ്ങളെ കാത്തിരുന്നത് ടോളുകളുടെ ഘോഷ യാത്ര ആയിരുന്നു. തമിഴ് ഗ്രാമങ്ങളുടെ ഭംഗി ആസ്വദിച്ചു മുന്നോട്ട് പോയപ്പോൾ ആണ് പെട്ടി എന്നവസാനിക്കുന്ന നൂറുകണക്കിന് സ്ഥലങ്ങൾ തമിഴ് നാട്ടിൽ ഉണ്ടെന്ന് മനസ്സിലായത്. ഒരു ഗ്രാമത്തിൽ ഒന്നു ബ്രേക്ക് എടുക്കാൻ കാ ർ നിർത്തിയപ്പോൾ സൂര്യൻ അസ്തമിക്കാനായിരുന്നു. ആണ്ടി പെട്ടി എന്ന ടൗണിൽ എത്തിയപ്പോൾ ഒരു ലോഡ്ജ് കണ്ടെത്തി താമസിക്കാൻ അവിടെ റൂമെടുത്തു.  




രാവിലെ എണീറ്റ് ഞങ്ങൾ ആദ്യം പോയത് അവിടെ അടുത്തുള്ള വൈഗൈ  അണകെട്ട് കാണാൻ ആയിരുന്നു. വൈഗൈ നദിക്ക് കുറുകെ നിർമിച്ച ഈ ഭീമൻ അണകെട്ട് തമിഴ് നാട്ടിലെ അഞ്ചു ജില്ലകളിലെ പരുത്തി , ചെറുപയർ , നെല്ല് , ചോളം , പച്ചക്കറികൾ മുതലായവ  കൃഷി ചെയ്യുന്ന കർഷകക്ക് വെള്ളം നൽകി  വരുന്നു. അണക്കെട്ടിന് മുകളിൽ കയറിയ ഞങ്ങൾ വലിയൊരു പ്രദേശം മൊത്തം നിറഞ്ഞു നിൽക്കുന്ന ജല സംഭരണി കണ്ട് ആത്ഭുതപെട്ടു.അണകെട്ടും പാർക്കും കണ്ടു യാത്ര തുടർന്ന ഞങ്ങൾ പിന്നെ നിർത്തിയത് പ്രാതൽ കഴിക്കാനായി തേനി പട്ടണത്തിൽ ആയിരുന്നു. കമ്പത്തെ മുന്തിരി തോട്ടങ്ങൾ തേടി ആയിരുന്നു തേനിയിൽ പ്രാതലായി പൂരിയും ബജിയും കഴിച്ചതിന് ശേഷമുള്ള ഞങ്ങളുടെ യാത്ര.



 കമ്പം തേനി എന്നാണ് എപ്പോഴും പറഞ്ഞു കേൾകുന്നതെങ്കിലും  തേനിയിൽ നിന്നും കമ്പത്തേക്ക് 40 കിലോമീറ്റർ ദൂരമുണ്ടെന്നുള്ള സത്യം ഈ യാത്രയിൽ ആണ് മനസ്സിലായത്. അതി മനോഹരമായ കുറെ ഓടി മുന്തിരി തോട്ടത്തിൽ ഞങ്ങൾ എത്തി. വലിയ തോട്ടത്തിന്റെ ഒരു ഭാഗം സഞ്ചാരികൾക്കു ഫോട്ടോയെടുക്കാൻ പാകത്തിന് അവിടെ തയ്യാറാക്കി നിർത്തിയിരുന്നു. സീസൺ അല്ലാത്തതിനാൽ മുന്തിരി പാകമായി വരുന്നതേ ഉള്ളൂ. അവിടെ മുന്തിരി വീഞ്ഞും ജ്യൂസും മറ്റും വിൽക്കുന്ന കടകളും ഉണ്ടായിരുന്നു. മുന്തിരി തോട്ടത്തിന്റെ ഭംഗി ആസ്വദിച്ചു ഫോട്ടോ കൾ എടുത്ത് കുറച്ചു സമയം അവിടെ ചിലവഴിച്ചു.  




അവിടെ നിന്നും ചുരം പാതയിലൂടെ പെൻസ്റ്റോക്ക് പൈപ്പുകൾ ഒക്കെ കണ്ടു ഞങ്ങൾ കുമളിയിൽ എത്തി. തേക്കടി പോകാൻ ശ്രമിച്ചെങ്കിലും കൂടുതൽ സമയമെടുക്കും എന്നതിനാൽ അത് ഉപേക്ഷിച്ചു . ഇടുക്കിയുടെ പ്രകൃതി ഭംഗി ആസ്വദിച്ചു തേയിലത്തോട്ടങ്ങൾ ചുരമിറങ്ങി നാട് ലക്ഷ്യമാക്കി യാത്ര തുടർന്നു. AVT യുടെ തോട്ടത്തിൽ ഉള്ള കടയിൽ കയറി ഞങ്ങൾ തേയിലയും കാപ്പിയും ഏല വുമെല്ലാം വാങ്ങി. പിന്നെ ഞങ്ങൾ എത്തിയത് പരുന്തും പാറ എന്ന സുന്ദരമായ ടൂറിസ്റ്റ് കേന്ദ്രത്തിലാണ്. അവിടെ ഞങ്ങളെ ആകർഷിച്ചത് ചുറ്റുമുള്ള മലകളും പരുന്തിന്റെ തല പോലത്തെ പാറയും മറ്റുമാണ്. അവിടത്തെ  ഭംഗി ആസ്വദിച്ച് ഞങ്ങൾ കുറെ നടന്ന ശേഷം ചുരമിറങ്ങി നാട്ടിലേക്കുള്ള യാത്ര തുടർന്നു. 





വാഗമൺ അടക്കമുള്ള പല സ്ഥലങ്ങളിലേക്കും പോകാമായിരുന്നെങ്കിലും അന്ന് രാത്രി നാട്ടിൽ തിരിച്ചെത്തണം എന്നതിനാൽ അതെല്ലാം  ഉപേക്ഷിച്ചു. നാട്ടിലേക്കുള്ള മടങ്ങുമ്പോൾ മുവാറ്റുപുഴ കഴിഞ്ഞു ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന അഷ്‌റഫ്, സിസ്‌റ്റർ സലൂജ എന്നിവരെയും ഫാസിലിന്റെ വീടും സന്ദർശിച്ചു പാതി രാത്രിയോടെ ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി.