Friday, December 1, 2023

കൊടൈകനാലിലേക്ക് നടത്തിയ കുടുംബ ഉല്ലാസ യാത്ര.

 കൊടൈകനാലിലേക്ക് നടത്തിയ കുടുംബ ഉല്ലാസ യാത്ര ഏറെ രസകരമായിരുന്നു. കുടുംബ യാത്രകൾ ഇടക്കിടക്ക് നടത്താറുണ്ടെങ്കിലും പ്രവാസിയായ എനിക്ക് ചിലതിലൊന്നും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല . പിഞ്ചു കുട്ടികൾ അടക്കം നാല്പതോളം പേർ പങ്കെടുത്ത യാത്ര രാത്രി 10 മണിക്ക് യാത്ര ആരംഭിച്ചു. ബസ് മണ്ണാർക്കാടും പാലക്കാടും പിന്നിട്ട് തമിഴ് നാട്ടിൽ പ്രവേശിച്ചത് ഉറക്കത്തിലായിരുന്ന പലരും അറിഞ്ഞത് പോലുമില്ല. ഇടക്ക് പുറത്തു നോക്കുമ്പോൾ അരണ്ട വെളിച്ചത്തിൽ കാറ്റാടി പങ്കകൾ കറങ്ങുന്നത് കണ്ടിരുന്നു. നാലു മണിയോടെ ബസ് തീർത്ഥാടന സ്ഥലമായ പളനിയിൽ എത്തി. പളനി മലയും അതിനു മുകളിൽ  പ്രകാശത്തിൽ മുങ്ങി നിൽക്കുന്ന അമ്പലവും ഏറെ ദുരെ നിന്ന് തന്നെ കാണാം. പളനിയുടെ ഏതോ ഭാഗത്തു  വണ്ടി നിർത്തി പ്രാഥമിക കാര്യങ്ങൾ ഒക്കെ നിർവഹിച്ചു ഞങ്ങൾ യാത്ര തുടർന്നു. കുറച്ചു കിലോമീറ്ററുകൾ ഓടി ഞങ്ങൾ ചുരം പാതയിൽ എത്തി. അപ്പോയെക്കും നേരം വെളുത്തു തുടങ്ങിയിരുന്നു. 


മനോഹരമായ മാപ്പിളപ്പാട്ടും കേട്ട് ചെറിയ വേഗതയിൽ ചുരത്തിലൂടെയുള്ള യാത്രയും പുറത്തെ കാഴ്ചകളും നല്ലൊരു അനുഭവമായിരുന്നു. ചുരം യാത്ര പകൽ വെളിച്ചത്തിൽ വേണമെന്ന യാത്ര ക്യാപ്റ്റൻ സിദ്ദിഖിന്റെ തീരുമാനം ശരി വെക്കുന്നതായിരുന്നു ആ അനുഭവം . താഴെ കണ്ടിരുന്ന തടാകം ചുരം കയറുന്നതിനനുസരിച്ചു അകന്നകന്നു വന്നു ഒടുവിൽ കാണാതെയായി. കുറെ കയറിയപ്പോൾ അപ്പുറതുള്ള മലകളിൽ മനോഹരമായ വെള്ള ചാട്ടങ്ങൾ കാണാൻ പറ്റി .  ഇടക്കിടക്ക് ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും യാത്ര യിൽ ഒരിക്കൽ പോലും അത് ഞങ്ങളെ ശല്യപെടുത്തിയിരുന്നില്ല. മനോഹരമായ ഒരു മഴവില്ല് മലകൾക്കു മുമ്പിൽ കണ്ടത് മറക്കാനാവാത്ത അനുഭവം ആയിരിന്നു. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും മനോഹരവും വലുതും ആയ ഒരു മഴവില്ല് കാണുന്നത്. കുറെ ഓടി ഞങ്ങൾ സിൽവർ കാസ്‌കഡ് എന്ന മനോഹര വെള്ളച്ചാട്ടത്തിനടുത്തി.  



കൊടൈക്കനാൽ എത്തുന്നതിനു മുമ്പുള്ള ഒരു മനോഹര വെള്ളച്ചാട്ടമാണിത്. 180 അടി ഉയരം വരുന്ന ഇവിടെ നല്ല വെള്ളം ഉണ്ടായിരുന്നു. എല്ലാവരും വെള്ളച്ചാട്ടം കണ്ട്  ആസ്വദിച്ച് കുറെ ഫോട്ടോകൾ എടുത്തു. അവിടെ റോഡരികിൽ നല്ലൊരു സ്ഥലം കിട്ടിയപ്പോൾ പ്രഭാത ഭക്ഷണവും അവിടെ നിന്നും കഴിച്ചു. അവിടെ നിന്ന് പിന്നെയും കുറെ യാത്ര ചെയ്തു  ആദ്യം ഞങ്ങൾ പോയത് റോസ് ഗാർഡനിലേക്കാണ്, 12 ഏക്കറോളം വിസ്തൃതി ഉള്ള ഇവിടത്തെ പ്രധാന കാഴ്ച പല തരത്തിലുള്ള റോസാ പൂക്കൾ ആണ്. പല തട്ടുകളിലായി വ്യാപിച്ചു കിടക്കുന്ന റോസ് ഗാർഡനിൽ ഞങ്ങൾ കുറെ സമയം ചെലവഴിച്ചു. പിന്നീട് പോയത് മൊയാർ  പോയിന്റ് ലേക്കാണ്. അവിടെ എത്തിയപ്പോൾ ഞങ്ങളെ വരവേറ്റത് നല്ല കോടമഞ്ഞായിരുന്നു. നട്ടുച്ചക്ക് പരസ്പരം കാണാൻ പോലും പറ്റാത്ത രീതിയിലുള്ള കോട മഞ്ഞും തണുപ്പും ശരിക്കും  ആസ്വദിച്ചു .ഗുണ കേവ് . പൈൻ ഫോറെസ്റ് അടക്കമുള്ള കൊടൈക്കനാലിലെ പ്രധാന കാഴ്ചകൾ കണ്ട് ഒരു ഷോപ്പിങ് ഏരിയ യിൽ ബസ് നിർത്തി , ചോക്ലേറ്റ് , സോവനീർ തുടങ്ങിയ പലതും പലരും വാങ്ങി. ആ യാത്രയുടെ ഓർമക്കായി കൊടൈക്കനാൽ എന്നെഴുതിയ ഒരു ഫ്രിഡ്ജ് മാഗ്‌നറ്റും പല തരം ചോക്ലേറ്റുകൾ അടങ്ങിയ ഒരു ബോക്സും ഞാൻ വാങ്ങി. യാത്ര യിലൂടനീളം പലരും കൊണ്ട് വന്ന പല ഹാരങ്ങളും പഴങ്ങളും വിതരണം ചെയ്തു കൊണ്ടേ ഇരുന്നു. ഒടുവിൽ കൊടൈക്കനാലിലെ തടാക കരയിൽ എത്തി.


 അവിടത്തെ പ്രധാന ആകർഷണമായ സൈക്കിൾ , കുതിര യാത്രകൾ പലരും ആസ്വദിച്ചു . ഒറ്റനോട്ടത്തിൽ ചെറിയ തടാകമെന്നു തോന്നുമെങ്കിലും സൈക്കിളിൽ അതൊന്നു ചുറ്റി വരാൻ നാല് കിലോമീറ്റർ സഞ്ചരിക്കണം . അവിടെ കുറെ സമയം ചിലവഴിച്ച ഞങ്ങൾ മടക്ക യാത്ര ആരംഭിച്ചു. മടക്ക യാത്രയിൽ കുട്ടികൾ മുതൽ വലിയവർ വരെ പാട്ടും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. എല്ലാവർക്കും  സമ്മാനങ്ങളും വിതരണം ചെയ്തു. അപ്പോയെക്കും ചുരമിറങ്ങി പളനിയിൽ ഞങ്ങൾ എത്തിയിരുന്നു. അവിടത്തെ ഹോട്ടലിൽ നിന്നും അത്താഴം കഴിച്ചു നാട്ടിലേക്കു പുറപ്പെട്ട  ഞങ്ങൾ  മൂന്ന് മണിയോടെ നാട്ടിൽ തിരിച്ചെത്തി.

Monday, March 20, 2023

അബഹ , ജിസാൻ, ഫർസാൻ ദ്വീപ് യാത്ര.

സൗദി യിലെ അബഹ , ജിസാൻ, ഫർസാൻ  ദ്വീപ് എന്നിടങ്ങളിലൂടെ  ആയിരത്തി അറുനൂറിലധികം കിലോമീറ്റർ ദൂരം കരയിലൂടെയും പിന്നെ കടലിലൂടെയും ദ്വീപിനകത്തും നടത്തിയ മൂന്ന് ദിവസം നീണ്ട് നിന്ന  യാത്ര അനുഭവം.

അവിചാരിതമായി സൗദിയിൽ കുറച്ചു ദിവസം അവധി കിട്ടിയപ്പോഴാണ്  കൂടെയുള്ള ഡോക്ടർ ഇജാസ് വിളിച്ചു ഒരു യാത്ര നടത്തിയാലോ എന്ന് ചോദിച്ചത്. സൗദിയിൽ ജിസാനിൽ നിന്ന് കടലിൽ അമ്പത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഫർസാൻ ദ്വീപിലേക്കോ അല്ലെങ്കിൽ അബഹ യിലേക്കോ പോയാലോ എന്നായിരുന്നു ആലോചന. നെറ്റിൽ ചെക്ക് ചെയ്തപ്പോൾ ഇവ രണ്ടും ഏകദേശം ഒരേ റൂട്ടിൽ ആയതിനാലും സമയം ഉള്ളതിനാലും രണ്ടിടത്തേക്കും പോകാം എന്ന് തീരുമാനിച്ചു. പെട്ടെന്ന് ഞങ്ങൾ ഒത്തു കൂടി റാഫി, അൻസാരി എന്നിവരെയും കൂടെ കൂട്ടി യാത്രപദ്ധതികൾ തയ്യാറാക്കി അടുത്ത ദിവസം രാവിലെ തന്നെ യാത്ര പോകാൻ തീരുമാനിച്ചു. അടുത്ത ദിവസം രാവിലെ ആറു മണിക്ക് ഞങ്ങൾ ഡോക്ടർ ഇജാസിന്റെ കാറിൽ യാത്ര ആരംഭിച്ചു. സൂര്യൻ കിഴക്കുദിക്കുമ്പോൾ ജിദ്ദ പട്ടണം പിന്നിട്ട് അതി വിശാലമായ ജിദ്ദ ജിസാൻ റോഡിലൂടെ ഞങ്ങൾ അതി വേഗം മുന്നോട്ട് കുതിക്കുകയായിരുന്നു. റോഡിനിരു വശവും തണ്ണിമത്തൻ കൃഷി യാണ് കുറെ ദൂരം ഞങ്ങൾ കണ്ടത്. അവിടെ നിന്നുള്ള തണ്ണിമത്തൻ വിൽക്കുന്ന കുറെ സ്റ്റാളുകൾ ഇടക്കിടക്ക്  കണ്ടിരുന്നു. റോഡരികിൽ വണ്ടി നിർത്തി അത്തരമൊരു സ്റ്റാൾ ഞങ്ങളും സന്ദർശിച്ചു. പല വലിപ്പത്തിലുള്ള തണ്ണി മത്തനുകൾ നിരത്തി വെച്ച അവിടത്തെ ജോലിക്കാരനായ സുഡാനി ഞങ്ങൾക്ക് അഞ്ചു റിയാൽ മുതൽ മുപ്പത് റിയാൽ വരെയുള്ളവ ചൂണ്ടി കാണിച്ചു തന്നു. ഞങ്ങൾ അതിൽ നിന്നൊരെണ്ണം വാങ്ങി അവിടത്തെ ഭംഗി ആസ്വദിച്ചു കുറച്ചു ഫോട്ടോയൊക്കെ എടുത്ത് യാത്ര തുടർന്നു.  ഏഴര മണിയോടെ ഞങ്ങൾ ഒരു പെട്രോൾ പമ്പിൽ വണ്ടി നിർത്തി എണ്ണയടിക്കുകയും ടയറിൽ കാറ്റടിക്കുകയും മറ്റു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റി കുറച്ചു സമയത്തിന് ശേഷം ഞങ്ങൾ യാത്ര തുടർന്നു.  മരുഭൂമിയിൽ മഴ സമ്മാനിച്ച പച്ചപ്പ് ഞങ്ങളെ ഏറെ അത്ഭുതപ്പെടുത്തി. വിശാലമായ പച്ചപ്പും അതിൽ മേഞ്ഞു നടക്കുന്ന ഒട്ടകങ്ങളും ഇടക്കിടെയുള്ള ബദുക്കളുടെ താൽകാലിക താമസയിടങ്ങളും ഞങ്ങൾക്ക് നൽകിയത് അവിസ്മരണീയമായ കാഴ്‌ചകൾ ആയിരുന്നു. കുറെ ഓടി അൽ ലൈത് പിന്നിട്ട് വസ്‌ക എന്ന സ്‌ഥലത്തു പ്രാതൽ കഴിക്കാൻ നിർത്തിയപ്പോൾ  സമയം ഒമ്പത് മണി ആയിരുന്നു. മലയാളികൾ ജോലി ചെയ്യുന്ന ഒരു ബൂഫിയ യിൽ നിന്നും സാൻഡ്‌വിച്ചും ചായയും ഓഡർ ചെയ്‌ത്‌ കാത്തിരുന്നു. അവിടെ നല്ല തിരക്ക് ആയതിനാൽ കുറച്ചു കാത്തിരുന്ന് അത് കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു . അവിടെ നിന്നും നൂറിലേറെ കിലോമീറ്റർ സഞ്ചരിച്ച ഞങ്ങൾ പതിനൊന്ന് മണിയോടെ ഖുൻഫുദ പട്ടണം പിന്നിട്ടു. പ്രതീക്ഷിച്ചതിലും വേഗത്തിൽ ജിസാൻ എത്തും എന്ന് മനസിലായപ്പോൾ ഞങ്ങൾ യാത്ര പദ്ധതിയിൽ ചെറിയൊരു മാറ്റം വരുത്തി. നേരെ ജിസാനിൽ പോകാതെ ഇന്ന് തന്നെ അബഹ പോയി രാത്രി ജിസാനിൽ എത്താനായിരുന്നു ഞങ്ങളുടെ പുതിയ പദ്ധതി. പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ ഞങ്ങൾ തയ്യാറാക്കി കൊണ്ട് വന്ന ഉച്ച ഭക്ഷണം കഴിക്കാൻ നല്ലൊരു സ്ഥലം കണ്ടെത്താൻ തീരുമാനിച്ചു. കുറച്ചു പോയപ്പോൾ ഞങ്ങളുടെ യാത്ര കടൽ തീരത്തു കൂടിയായി. അവിടെ ബീച്ചിൽ പുൽ പാകിയ നാലു ഭാഗം തുറന്ന കുറെ കുടിലുകൾ കണ്ടപ്പോൾ വണ്ടി അവിടേക്കിറക്കി ഒരു കുടിലിൽ വണ്ടി നിർത്തി അതിനരികിൽ ഉച്ച ഭക്ഷണം കഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു.  





അവിടെ നിന്ന് കുറച്ചു മാറി വിശാലമായ ബാത്ത് റൂമും മറ്റ് സൗകര്യങ്ങളും ഉണ്ടായിരുന്നത് ഞങ്ങൾക്ക് ഏറെ സന്തോഷം നൽകി. ബീച്ചിലെ മണലിൽ  പരവതാനി വിരിച് അൻസാരി ഉണ്ടാക്കി കൊണ്ട് വന്ന ചിക്കൻ മന്തി ഞങ്ങൾ ആസ്വദിച്ചു കഴിച്ചു. യാത്ര തുടർന്ന ഞങ്ങൾ അൽ ബിർക് എന്ന സ്ഥലത്തു നിന്നും ഹൈവേ യോട് വിട പറഞ്ഞു ചെറിയ  റോഡിലേക്ക് പ്രവേശിച്ചു. ഇരു വശത്തേയ്ക്കും ഒരേ റോഡിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്ന ആ റോഡ് തുടക്കത്തിൽ നല്ലൊരു കയറ്റം ആയിരുന്നെങ്കിലും പിന്നീട് ഇരു വശത്തും നോക്കെത്താ ദൂരത്തോളം കറുത്ത കല്ലുകൾ നിറഞ്ഞ നിരപ്പായ പ്രദേശത്തു കൂടിയായിരുന്നു യാത്ര. കുറച്ചു ദൂരം ഓടിയപ്പോൾ  റോഡിന്റെ സ്വഭാവം തന്നെ മാറി . മലകൾക്കിടയിലൂടെ വളവും തിരിവും കയറ്റവും ഇറക്കവും ആയിരുന്നെങ്കിലും  റോഡ് നല്ല നിലവാരത്തിൽ ഉള്ളതിനാലും വാഹന തിരക്ക് കുറവാതിനാലും ഡ്രൈവിംഗ് ആവേശമായ ഡോക്ടർ ഇജാസ് മനോഹരമായി ആസ്വദിച്ചു അതിലൂടെ കാറോടിച്ചു. കുറച്ചു ദൂരം ഞങ്ങൾ സഞ്ചരിച്ചത് കൃഷിയിടങ്ങൾക്ക് നാടുവിലൂടെയായിരുന്നു . ആ യാത്ര ശരിക്കും ഒരു തമിഴ് നാട് ഗ്രാമത്തിലൂടെയോടാണെന്ന് തോന്നിപ്പിച്ചു. കുറെ ഓടി മഹായിൽ പട്ടണം പിന്നിട്ട് രിജാൽ അൽമ എന്ന ചരിത്ര ഗ്രാമത്തിലേക്ക് ഞങ്ങൾ അടുക്കുകയായിരുന്നു. അതേ പേരിലുള്ള ഒരു ചെറിയ പട്ടണവും ഒരു തുരങ്ക പാതയും പിന്നിട്ട് നല്ലൊരു ഇറക്കമിറങ്ങിയാണ് ഞങ്ങൾ അവിടെ എത്തിയത്.  സീസൺ അല്ലാത്തതിനാൽ ഞങ്ങളെ കൂടാതെ വളരെ കുറച്ചു സഞ്ചാരികളെ അവിടെ ഉണ്ടായിരുന്നുള്ളൂ. സീസണിൽ ആയിരകണക്കിന് സഞ്ചാരികൾ ആണ് ഇവിടെ എത്തുന്നത്.  ഒരു മലഞ്ചെരുവ് മൊത്തം വ്യാപിച്ചു കിടക്കുന്ന മനോഹരമായ ഒരു ഗ്രാമം. 900 വർഷത്തോളം പഴക്കമുള്ള ഈ ഗ്രാമത്തിൽ എട്ടു നില വരെയുള്ള കെട്ടിടങ്ങൾ ഉണ്ട്. അബഹയിൽ നിന്നും അമ്പത്‌ കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടെ ഒരു മ്യൂസിയവും ഉണ്ട്. അവിടെ നടന്ന് കണ്ട് കുറെ ഫോട്ടോകൾ എടുത്ത് ഒരു ചായയൊക്കെ കുടിച്ചു യാത്ര തുടർന്നു . മറ്റൊരു തുരങ്കം കടന്നു  തൊട്ടടുത്തു തന്നെയുള്ള മറ്റൊരു മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന ഹണി റിഫൈനറി എന്ന സ്ഥാപനത്തിൽ ആണ് പിന്നീട് ഞങ്ങൾ എത്തിയത്. തേനും തേനീച്ചയുമായി ബന്ധപ്പെട്ട് പലതരം കാഴ്ചകൾ നൽകുന്ന അവിടെയുള്ള വലിയ കാറ്റാടിയും മരം കൊണ്ട് നിർമിച്ച കെട്ടിടവും ഏറെ ആകര്ഷകമായിരുന്നു.  അവിടെ പണികൾ നടക്കുന്നതിനാലും വലിയ പുതുമ തോന്നാത്തതിനാലും കുറച്ചു സമയം നടന്ന് കണ്ട് അവിടെ നിന്നും യാത്ര തുടർന്നു. റിജാൽ ആൽമയിലേക്കു പോയ റോഡിലൂടെ തിരിച്ചു വന്ന് മറ്റൊരു റോഡിലേക്ക് തിരിഞ്ഞു 





അബഹയിലേക്കുള്ള യാത്ര ഞങ്ങളെ എത്തിച്ചത് ഒരിക്കലും പ്രതീക്ഷി കാത്ത ഒരു ചുരം പാതയിൽ  ആയിരുന്നു. വളരെ പെട്ടെന്നാണ് കുത്തനെയുള്ള ചുരം പാതയിലേക്ക് ഞങ്ങൾ പ്രവേശിച്ചത്. കുത്തനെയുള്ള കയറ്റവും വലിയ വളവുകളും ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. ഞങ്ങളുടെ വണ്ടി നിന്ന് പോകുമെന്നും അപകടത്തിൽ പെടുമെന്നൊക്കെ ഞങ്ങൾ ഭയന്നു . ജീവിതത്തിൽ ആദ്യമായാണ് ഇത്രയും പേടിപ്പെടുത്തുന്ന ഒരു ചുരത്തിലൂടെ ഞാൻ സഞ്ചരിക്കുന്നത്. കുറെ വളവുകളും കയറ്റങ്ങളും പിന്നിട്ട് മുകളിൽ എത്തിയപ്പോയാണ്  ഞങ്ങൾക്ക് ആശാസം ആയത്. ഞങ്ങൾ വണ്ടി നിർത്തി പുറത്തിറങ്ങി . ഞങ്ങളെ വരവേറ്റത് നല്ല തണുത്ത കാറ്റും ചുറ്റുമുള്ള മലകളുടെ മനോഹര കാഴ്ചയും കുറെ കുരങ്ങന്മാരും ആയിരുന്നു. അപ്പോഴും ചുരം കയറിയ ഷോക്ക് വിട്ടു പോയിട്ടില്ലായിരുന്നു. അബഹ യിലെ മനോഹര പ്രദേശങ്ങളിൽ ഒന്നായ ജബൽ സൗദ എന്ന മലമ്പ്രദേശത്താണ് ഞങ്ങൾ എത്തിച്ചേർന്നത്. അതിലൂടെ യാത്ര തുടർന്ന ഞങ്ങൾ അവിടത്തെ പച്ചപ്പും ഭംഗിയും ആസ്വദിച്ച് മുന്നോട്ട് നീങ്ങി. അവിടെ കേബിൾ കാറും മറ്റും ഉണ്ടായിരുന്നെങ്കിലും സീസൺ അല്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്നു. സുന്ദരമായ കാഴ്ചകൾ ആസ്വദിച്ച് മുന്നോട്ടു പോയപ്പോൾ താഴ്‌വാരം പോലെ ഒരു സ്ഥലത്തു പടർന്നു കിടക്കുന്ന മനോഹരമായ അബഹ പട്ടണം ഞങ്ങൾ കണ്ടു. അതിമനോഹരമായ ആ കാഴ്ചയിലേക്ക് മുന്നോട്ട് പോകുന്തോറും ഞങ്ങൾ അടുത്തടുത്തു വന്നു. അബഹ പട്ടണത്തിൽ എത്തിയ ഞങ്ങൾ അവിടത്തെ ഒരു മനോഹര ഉദ്യാനത്തിൽ ആണ് ആദ്യം എത്തിച്ചേർന്നത്. മലഞ്ചെരുവിൽ തട്ട് തട്ടായി സ്ഥിതി ചെയ്യുന്ന പൂക്കളും പച്ചപ്പും നിറഞ്ഞ അബു കിയാൽ എന്ന ഒരു സുന്ദരൻ ഉദ്യാനം. അപ്പോൾ സമയം സൂര്യാസ്തമയം ആയിരുന്നു. താഴെ പടർന്ന് കിടക്കുന്ന അബഹ പട്ടണവും തൊട്ടപ്പുറത്തുള്ള പച്ച മലയും അങ്ങോട്ട് നീണ്ടു പോകുന്ന പ്രവർത്തിക്കാത്ത കേബിൾ കാറും എല്ലാം കൂടി ആ സായാഹ്‌നം   ഞങ്ങൾ  ആസ്വദിച്ചു . അവിടെ മൊത്തം കറങ്ങി കുറെ ഫോട്ടോ യൊക്കെ എടുത്ത് അബഹയിലെ പ്രശസ്തമായ ആർട് സ്ട്രീറ്റ്ലേക്കാണ് പിന്നീട് ഞങ്ങൾ പോയത്. സീസൺ സമയത്തു ജകരാന്ത പൂക്കൾ കൊണ്ട് മനോഹാരിയാകുന്ന ഒരിടമാണിത് . ആ സമയത്തു നിരവധി സന്ദർശകർ ആണ് ഇവിടെ എത്താറുള്ളത്. നല്ല തണുപ്പത്തു അവിടത്തെ ഭംഗി ആസ്വദിച്ചു കുറച്ചു നടന്നു. അവിടെത്തെ പാർക്കിൽ ഇരുന്ന് ചായ കുടിച്ചപ്പോൾ കിട്ടിയ വൈബ് വേറെ ലെവൽ ആയിരുന്നു. ചായക്ക്‌ കൂട്ടായി നാട്ടിൽ നിന്ന് കൊണ്ട് വന്ന ചിപ്‌സ് കൂടിയായപ്പോൾ ആസ്വാദനം ഇരട്ടിയായി. രാത്രിയായപ്പോൾ തണുപ്പിന്റെ കാഠിന്യം കൂടി കൂടി വന്നു. ഞങ്ങൾ ജിസാനിലേക്കുള്ള യാത്ര ആരംഭിച്ചു. അവിടെ നിന്നും ഇരുന്നൂറ് കിലോമീറ്റെർ ദൂരം ആണ് ജിസാനിലേക്കുള്ളത്. അതിൽ കുറെ ഭാഗം ചുരം ആയിരുന്നെങ്കിലും നേരത്തെ പോലെ അപകടം പിടിച്ചതായിരുന്നില്ല. കുറെ ഓടി പത്തര മണിയോടെ ഞങ്ങൾ ജിസാനിൽ എത്തി. സീപോർട്ടിനടുത്  ഹോട്ടൽ റൂമെടുത്ത ഞങ്ങൾ പുറത്തു പോയി ഭക്ഷണം കഴിച്ചു പിന്നേറ്റ് നടത്താനുള്ള കടൽ യാത്രയും ദ്വീപും മറ്റും ഓർത്തു അന്നവിടെ കിടന്നുറങ്ങി.    





അടുത്ത ദിവസം അതി രാവിലെ എണീറ്റ് ഞങ്ങൾ യാത്ര ആരംഭിച്ചു. ഫർസാൻ ദ്വീപിൽ പോകുന്ന ഫെറിക്ക് റ്റിക്കറ്റ് എടുക്കാൻ അവരുടെ ഓഫീസിൽ എത്തി. കാർ ഫെറിയിൽ കയറ്റി കൊണ്ട് പോയി അവിടെ കറങ്ങാൻ ആയിരുന്നു ഞങ്ങളുടെ പദ്ധതി. കാർ കൊണ്ട് പോകാൻ നേരത്തെ ബുക്ക് ചെയ്യണമെന്നത് അവിടെ എത്തിയപ്പോൾ ആണ് ഞങ്ങൾക്ക് മനസ്സിലായത്. കാർ അവിടെ പാർക്ക് ചെയ്ത് ഞങ്ങൾ പോയി വരാൻ വേണ്ടി ഞങ്ങൾ ടിക്കറ്റെടുത്തു . ഉച്ചക്ക് മൂന്നു മണിക്ക് ദ്വീപിൽ നിന്നും തിരിച്ചുള്ള ടിക്കറ്റും അവിടന്ന് തന്നെ ഞങ്ങൾ എടുത്തു . അത്ഭുതകരമായ കാര്യം കടലിൽ അമ്പത് കിലോമീറ്ററോളം ദൂരെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലേക്കുള്ള ഒന്നര മണിക്കൂർ നീളുന്ന കടൽ യാത്ര തീർത്തും സൗജന്യമാണ് എന്നതാണ്. കാർ ഒരിടത്തു പാർക്ക് ചെയ്ത് പോർട്ട് കവാടത്തിൽ നിന്നും ബസിൽ കയറി പോർട്ട് കെട്ടിടത്തിൽ എത്തി. ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി കുറച്ചു കാത്തിരുന്നപ്പോൾ തന്നെ ഫെറി യിൽ കയറാനുള്ള സമയ ആയി. നാല്പതോളം കാറുകളും എണ്ണൂറോളം ആളുകളെയും ഉൾകൊള്ളുന്ന അത്യാവശം വലിയ ഫെറി ആണ് ഫർസാനിലേക്ക് പോകുന്നവ. ഫെറിയിൽ സ്ത്രീകൾക്ക് പ്രതേക ഏരിയ ഉണ്ടായിരുന്നു. ബിസ്കറ്റും ചായയും ജ്യൂസും മറ്റും കിട്ടുന്ന ഒരു കഫ്റ്റീരിയയും അതിനകത്തു ഉണ്ടായിരുന്നു. ഫെറി യാത്ര ആരംഭിച്ചു ഏറെ വൈകാതെ നടുക്കടലിൽ എത്തി. ആൾ താമസമില്ലാത്ത ചില ദ്വീപുകളും കടലിലൂടെ സഞ്ചരിക്കുന്ന ചില കാർഗോ കപ്പലുകളും ആയിരുന്നു കടലിലെ യാത്രയിലുള്ള കാഴ്ചകൾ. കുറെ സഞ്ചരിച്ചപ്പോൾ ഫർസാനിൽ നിന്നും ജിസാനിലേക്ക് പോകുന്ന ഫെറിയെയും ഞങ്ങൾ കണ്ടു. കടലിലൂടെ കുറെ സഞ്ചരിച്ചപ്പോൾ ഫർസാൻ ദ്വീപ് ഞങ്ങളുടെ മുമ്പിൽ തെളിഞ്ഞു വന്നു. ആൾതാമസമില്ലാത്ത പാറകൾ ഉള്ള ഭാഗത്താണ് ആദ്യം എത്തിയത് . അതിനെ ചുറ്റി കുറച്ചു സഞ്ചരിച്ച ഞങ്ങളുടെ ഫെറി ഫർസാൻ പോർട്ടിൽ അടുപ്പിച്ചു. പുറത്തിറങ്ങിയ ഞങ്ങൾക്ക് അവിടത്തെ കാഴ്ചകളിലേക്ക് പോകാൻ ബംഗ്ളദേശ് കാരനായ ഒരു ഡ്രൈവറെ കിട്ടി. അവിടത്തെ കാഴ്ചകൾ ഒക്കെ കാണിച്ചു തിരിച്ചു പോകുന്ന ഫെറിയുടെ സമയം ആകുന്നതിനു മുമ്പ് പോർട്ടിൽ തിരിച്ചെത്തിക്കാം എന്ന് ഞങ്ങൾക്ക് ഉറപ്പ് തന്നു. ആ കാറിൽ ദ്വീപിലെ കാഴ്ചകളിലേക്കുള്ള യാത്ര ഞങ്ങൾ ആരംഭിച്ചു. ആദ്യം ഞങ്ങൾ പോയത് അവിടത്തെ അൽ ഖിസ്സർ എന്ന് പേരുള്ള ഒരു പൗരാണിക ഗ്രാമത്തിലേക്കാണ്. പഴയ ഗ്രാമവും അവിടത്തെ വീടുകളും എല്ലാം വളരെ മനോഹരമായി സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. അവിടത്തെ കാഴ്ചകൾ ആസ്വദിച്ച് അവിടെയുള്ള തോട്ടത്തിൽ കറങ്ങി ഞങ്ങൾ യാത്ര തുടർന്നു . പ്രാതൽ കഴിക്കാനായി ഫർസാൻ അങ്ങാടിയിൽ ആണ് പിന്നീട്  ഞങ്ങൾ എത്തിയത്. അവിടത്തെ ഒരു കേരള ഹോട്ടലിൽ നിന്നും പൊറോട്ടയും മറ്റും കഴിച്ചു.  യാത്ര തുടർന്ന ഞങ്ങൾ പിന്നെയെത്തിയത് ഒരു ബീച്ചിൽ ആയിരുന്നു. മനോഹരായി മുത്ത് ചിപ്പിയുടെയും മറ്റും ശില്പങ്ങൾ  പാറയിൽ കൊത്തിയ പോലെ അവിടെ കണ്ടു. പക്ഷെ അതൊക്കെ മറ്റെന്തോ കൊണ്ട് നിര്മിച്ചതായിരുന്നു. കുറച്ചു സമയം അവിടെ ചിലവഴിച്ച ഞങ്ങൾ ദ്വീപിന്റെ ഏതൊക്കെയോ വഴികളിലൂടെ കുറെ ഓടി സാജിദ് എന്ന പേരിലുള്ള  ദ്വീപിലേക്കുള്ള മാദി പാലത്തിന് ചുവട്ടിൽ എത്തി.  പാലത്തിനു ചുവട്ടിലെ കടലും കടൽ പക്ഷികളും മറ്റുമായി ഫോട്ടോയെടുക്കാനൊക്കെ പറ്റിയ നല്ലൊരു സ്ഥലം . കുറച്ചു സമയം അവിടെ ചിലവഴിച്ചു ഞങ്ങൾ യാത്ര തുടർന്നു . വണ്ടി കുറെ ഓടി കടൽ കരയിൽ ഉള്ള കുന്നിന്റെ മുകളിലേക്ക് വണ്ടി ഓടിച്ചു കയറ്റി ബ്രേക്കിട്ടു നിർത്തി. ആദ്യം ഒന്ന് ഭയന്നെങ്കിലും പുറത്തിറങ്ങിയ ഞങ്ങളെ വരവേറ്റത് കുന്നിന്റെ താഴെയുള്ള നീല കടലും വെള്ള മണൽ കടപ്പുറവും അവിടെ നിർത്തിയ കുറെ ബോട്ടുകളും ആയിരുന്നു.  ആ കാഴ്ച്ച അവിടെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. അത്രയും മനോഹരമായിരുന്നു ആ കാഴ്ച്ച . അതൊക്കെ കണ്ടപ്പോഴാണ് കാർ ദ്വീപിലേക്ക് കൊണ്ട് വരാൻ പറ്റാത്തത് നന്നായെന്ന് തോന്നി . കാർ കൊണ്ട് വന്നിരുന്നെങ്കിൽ ഇവിടെയൊന്നും ഒരിക്കലും എത്തിപെടുമായിരുന്നില്ല. അവിടത്തെ കാറ്റിൽ കുറച്ചു സമയം ചെലവഴിച്ചു ഞങ്ങൾ യാത്ര തുടർന്നു. കുറെ ഓടി ഞങൾ എത്തിയത് മനോഹരമായ ഒരു കടൽ തീരത്തായിരുന്നു. അവിടെ വലിയൊരു ഉദ്യാനവും ഉണ്ടായിരുന്നു. അവിടെ കടലിൽ ഇറങ്ങി കുറച്ചു സമയം ചിലഴിച്ചു. കടൽക്കരയിലെ ഉദ്യാനത്തിലെ  ഫർസാൻ ബോർഡിന് മുമ്പിൽ നിന്ന് ഫോട്ടോകൾ എടുത്തു. അപ്പോയേക്കും തിരിച്ചു വരാനുള്ള ഫെറിക്ക് സമയം ആയിരുന്നു. അതിവേഗം ഞങ്ങൾ പോർട്ടിൽ എത്തി. അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ആണ്  കടലിലെ കാറ്റ് മൂലം ഞങ്ങളുടെ ഫെറി പുറപ്പെടില്ല എന്ന വിവരം അറിഞ്ഞത് . ഏതായാലും നാലര മണിക്കുള്ള ഫെറിക്ക് പോകാമെന്നുള്ള പ്രതീക്ഷയിൽ ഞങ്ങൾ കാത്തിരുന്നു. കുറെ കാത്തിരുന്നപ്പോൾ ആ ഞെട്ടിക്കുന്ന സത്യം ഞങ്ങൾ മനസ്സിലാക്കി. അതും ഓടില്ല എന്ന അറിയിപ്പ്  വന്നു.   ദ്വീപിൽ ഞങ്ങൾ പെട്ട് പോയി. കരയിൽ എത്തുവാൻ യാതൊരു മാർഗവും ഇല്ല.  ചെറിയ ബോട്ടുകൾ ഓടുന്നുണ്ടെങ്കിലും അത് ഏറെ അപകടം പിടിച്ചതാണെന്ന് മാത്രമല്ല ഈ കാലാവസ്ഥയിൽ അതും ഓടുന്നില്ല. ഇനിയെന്ത് ചെയ്യും . ദ്വീപിൽ ഒറ്റപ്പെട്ട ഞങ്ങൾ അന്തം വിട്ടു നിന്നു. 


ദ്വീപിൽ പെട്ട് പോയ ഞങ്ങൾ ഇനിയെന്ത് ചെയ്യും  എന്നതായി ഞങ്ങളുടെ ചിന്ത.  രാവിലത്തെ പൊറോട്ടക്ക് ശേഷം ഒന്നും കഴിക്കാൻ പറ്റാത്തതിനാൽ നല്ല വിശപ്പുണ്ട്. ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ 10 കിലോമീറ്റർ അകലെയുള്ള ഫർസാൻ ടൗണിൽ പോകണം. അവിടെനിന്നും ഒരു വാനിൽ കയറി ടൗണിൽ എത്തി. ഒരാൾക്ക് 5 റിയാൽ ആണ് അതിനവർ ഈടാക്കി ക്കിയത്. ആദ്യം ഫെറി കമ്പനിയുടെ ഓഫീസിൽ പോയി അടുത്ത ദിവസം രാവിലത്തേക്കുള്ള ടിക്കറ്റ് വാങ്ങി. അടുത്ത ലക്ഷ്യം വിശപ്പിന്റെ വിളിക്കുത്തരം നൽകൽ ആയിരുന്നു. ടൗണിലൂടെ കുറച്ചു നടന്നപ്പോൾ ഒരു ബ്രോസ്റ് കട കണ്ടെത്തി. വേങ്ങര ക്കാർ ജോലി ചെയ്യുന്ന കടയായിരുന്നു . ഭക്ഷണം റെഡിയാകാൻ കുറച്ചു സമയം എടുത്തെങ്കിലും ആ സമയം കൊണ്ട് ദ്വീപിലെ കൗതുകകരമായ പല കാര്യങ്ങളും ഞങ്ങൾ ചോദിച്ചു മനസ്സിലാക്കി, അപ്പോഴാണ് മനസ്സിലായത് ഫെറി മുടങ്ങുക എന്നത് ഇടക്കിടെ സംഭവിക്കുന്ന കാര്യമാണെന്നും നാട്ടിൽ പോകുന്നവരൊക്കെ രണ്ടു ദിവസം മുമ്പേ കരയിലേക്ക് പോകുമത്രേ.  വിശപ്പടങ്ങിയ ഞങ്ങൾക്ക് പിന്നെ വേണ്ടത് തല ചായ്ക്കാൻ ഒരിടം ആയിരുന്നു. ചെറിയ തിരച്ചിലിനു ശേഷം ഞങ്ങൾ അതും കണ്ടെത്തി. സീസൺ അല്ലാത്തതിനാൽ ന്യായമായ വിലക്ക് തന്നെ ഞങ്ങൾക്ക് അതും കിട്ടി. ഇവിടെ താമസിക്കാൻ നേരത്തെ പദ്ധതി ഇല്ലാത്തതിനാൽ ഞങ്ങളുടെ ബാഗും വസ്ത്രങ്ങളും മറ്റും കാറിൽ ആയിരുന്നു. ഉള്ളത് കൊണ്ട് എങ്ങനെയെങ്കിലും കഴിച്ചു കൂട്ടുക എന്നൊരു മാർഗം മാത്രമേ ഞങളുടെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ . രാത്രി പുറത്തിറങ്ങി അങ്ങാടിയൊക്കെ ഒന്ന് നടന്നു കണ്ടു. അന്ന് ഫെറിയിലും മറ്റും കണ്ടു മുട്ടിയ പലരെയും ഞങ്ങൾ അവിടെ വെച്ചു കണ്ടു മുട്ടി. പരസ്‌പരം എല്ലാവരും അറിയുന്ന നമ്മുടെ ഒരു നാട്ടിൻ പുറം പോലെയാണ് ഞങ്ങൾക്ക് ഈ ദ്വീപ് അനുഭവപ്പെട്ടത്. ദ്വീപിനു അമ്പത് കിലോമീറ്ററോളം വീതിയുണ്ടെങ്കിലും ആളുകൾ താമസിക്കുന്നതും മറ്റും ചെറിയൊരു പ്രദേശത്തു മാത്രമാണ്. ഞങ്ങളെ ദ്വീപ് മൊത്തം കാണിച്ച ഡ്രൈവറെ മാത്രം കണ്ടില്ലല്ലോ എന്ന് ചിന്തിരിക്കുമ്പോയേക്കും അവനും ഞങ്ങളുടെ മുമ്പിലെത്തി.  അടുത്ത ദിവസം രാവിലെ ഇവിടെ നിന്നും പോർട്ടിൽ എത്തിക്കാം എന്നവൻ ഞങ്ങൾക്കുറപ്പ് നൽകി. അവിടത്തെ പ്രധാന കാഴ്ചയായ മീൻ മാർക്കറ്റിൽ പോയി നടന്നു കണ്ടു. ആവശ്യക്കാർക്ക് മീൻ അവിടന്ന് തന്നെ വാങ്ങി  പൊരിച്ചു നൽകുന്ന കടകൾ അവിടെയുണ്ടായിരുന്നു.  നല്ല മീനൊന്നും കാണാത്തതിനാൽ അവിടന്ന് മീനൊന്നും ഞങ്ങൾ കഴിച്ചില്ല.  പിറ്റേന്ന് നോമ്പ് തുടങ്ങും എന്നതിനാൽ കുറച്ചു പഴങ്ങളും ജൂസും ശവർമയും ഒക്കെ വാങ്ങി റൂമിലേക്ക് പോയി. അടുത്ത ദിവസം അതിരാവിലെ എണീറ്റ് ബാങ്ക് വിളിക്കുന്നതിന്‌ മുൻപ് ഇന്നലെ വാങ്ങി വെച്ച ഭക്ഷണം കഴിച്ചു നമസ്കാര ശേഷം ഞങ്ങൾ യാത്ര ആരംഭിച്ചു. തലേ ദിവസം പറഞ്ഞുറപ്പിച്ച പോലെ ബംഗ്ളദേശുകാരൻ ഡ്രൈവർ ഞങ്ങളെ പോർട്ടിൽ എത്തിച്ചു. ക്രത്യ സമയത്തു തന്നെ ഫെറി പുറപ്പെട്ടു. നല്ല വേഗതയിൽ സഞ്ചരിച്ച ഫെറി ഒമ്പത് മണിയോടെ ജിസാനിൽ എത്തി. ഫെറിയിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ പോർട്ട് കെട്ടിടം കടന്ന് ബസിൽ പോർട്ടിന് പുറത്തെത്തി. കാറിൽ കയറി ജിദ്ദയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു. ജിദ്ദയിലേക്ക് 700 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ ഉണ്ട്. നോമ്പായതിനാലും പകൽ ആയതിനാലും റോഡിൽ തിരക്ക്  കുറവായിരുന്നു. കുറെ ഓടി ജിസാൻ പിന്നിട്ടു . പല പല പട്ടണങ്ങളും ഗ്രാമങ്ങളും പിന്നിട്ട് വണ്ടി കുറെ ഓടി അബഹ യിലേക്കുള്ള ഹൈവേ തിരിയുന്ന അൽ ദർബ് ഒക്കെ ഞങ്ങൾ കണ്ടു . ഖുൻഫുദക്കടുത്തുള്ള ഒരു പള്ളിയിൽ കയറി നിസ്കരിച്ചു കുറച്ചു സമയം വിശ്രമിച്ചു. അപ്പോയേക്കും ജിദ്ദയിലേക്കുള്ള പകുതി ദൂരം ഞങ്ങൾ പിന്നിട്ടിരുന്നു. യാത്ര തുടർന്ന ഞങ്ങൾ പിന്നെ നിർത്തിയത് റോഡരികിൽ മാങ്ങയും തണ്ണി മത്തനും മറ്റും വിൽക്കുന്ന ഒരിടത്താണ്. അവിടന്ന് തണ്ണിമത്തൻ വാങ്ങി യാത്ര തുടർന്ന ഞങ്ങൾ വൈകിട്ട് ആറു മണിയോടെ ജിദ്ദയിൽ എത്തിച്ചേർന്നു. ജിവിതത്തിലെ മറക്കാനാവാത്ത മറ്റൊരു യാത്രയാണ് അവിടെ അവസാനിച്ചത്.

Thursday, March 9, 2023

കൊച്ചി , ആലപ്പുഴ കുടുംബ യാത്ര.

ജീവിതത്തിൽ ഇത് വരെ ട്രെയിനിൽ കയറാൻ അവസരം കിട്ടാത്ത ഉമ്മാക്ക്  അതിനു വേണ്ടി ഒരു യാത്ര പോകണം എന്നത് കുറെ കാലമായുള്ള ആഗ്രഹമായിരുന്നു. അങ്ങനെയാണ് എറണാകുളത്തേക്കു പോകാൻ തീരുമാനിച്ചത് . ഒരു ദിവസം കൊണ്ട് തിരിച്ചു വരവ് ബുദ്ദിമുട്ട് ആയതിനാൽ അവിടെ തന്നെ താമസിച്ചു ആലപ്പുഴ കൂടി പോകാൻ തീരുമാനിച്ചു. രാവിലെ ആറു  മണിക്ക് തന്നെ ഞാനും ഉമ്മയും ഭാര്യയും മക്കളും  അടങ്ങുന്ന ആറംഗ  സംഘം വീട്ടിൽ നിന്നും ഓട്ടോയിൽ പരപ്പനങ്ങാടി റെയിൽവേ സറ്റേഷനിലേക്ക് പുറപ്പെട്ടു. 7.10 നു എത്തിച്ചേരുന്ന കണ്ണൂർ ആലപ്പി എക്സ്പ്രസ്സ് ട്രെയിനിൽ ആയിരുന്നു ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്, ട്രെയിൻ വരുന്നതിന്റെ ഇരുപത് മിനിറ്റ് മുമ്പ് തന്നെ ഞങ്ങൾ സ്റ്റേഷനിൽ എത്തിച്ചേർന്നു. കൃത്യ സമയത്തു ട്രെയിൻ എത്തിയെങ്കിലും മറ്റേതോ ട്രെയിനിന് പോകാൻ കുറച്ചു സമയം അവിടെ നിർത്തിയതിനു ശേഷം ആണ് യാത്ര തുടങ്ങിയത്.  പച്ചപ്പ് നിറഞ്ഞ നെൽപ്പാടങ്ങളും പുഴകൾക്കു മുകളിലൂടെയുള്ള പാലങ്ങളും പട്ടണങ്ങളും പിന്നിട്ട് തീവണ്ടി മുന്നോട്ട് കുതിച്ചു. വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ട് വന്ന പ്രാതൽ ട്രെയിനിൽ വെച്ചു എല്ലാവരും കഴിച്ചു. ആദ്യമായി ട്രെയിൻ യാത്ര നടത്തുന്ന ഉമ്മയും ഒമ്പതു മാസക്കാരി ചെറിയകുട്ടിയും അടക്കം എല്ലാവരും  യാത്ര നന്നായി  ആസ്വദിച്ചു.  അര  മണിക്കൂർ വൈകി 11 മണിക്ക് ശേഷം ട്രെയിൻ ആലുവ സ്റ്റേഷനിൽ എത്തിച്ചേർന്നു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ ഒരു ഓട്ടോ വിളിച്ചു മെട്രോ സ്റ്റേഷനിൽ എത്തി.ശീതികരിച്ച  മെട്രോയുടെ കുളിർമയിൽ  കൊച്ചിയുടെ ഉയരത്തിൽ നിന്നുള്ള കാഴ്ചകൾ ആസ്വദിച്ചു ഇടപ്പള്ളി സ്റ്റേഷനിൽ എത്തിച്ചേർന്നത് ഞങ്ങൾ അറിഞ്ഞില്ല. അവിടെ കാത്തു നിന്ന ഞങ്ങൾ താമസിക്കാൻ ബുക്ക് ചെയ്ത വീടിന്റെ ഉടമയുടെ കാറിൽ കൂടെ പോയി ബാഗുകൾ അവിടെ വെച്ചു അങ്ങോട്ടുള്ള വഴി മനസ്സിലാക്കി മെട്രോ സ്റ്റേഷനിൽ തിരിച്ചെത്തി. അവിടെ നിന്നും ലുലു മാളിൽ കുറച്ചു കറങ്ങിയപ്പോയേക്കും എല്ലാര്ക്കും നന്നായി വിശന്നിരുന്നു, മാളിന് പുറത്തു നല്ല തിരക്കുള്ള ഒരു റെസ്റ്റാറന്റ് കണ്ടപ്പോൾ അവിടെ കയറി . ബിരിയാണിയും മീൻ കറി സദ്യയും മറ്റും എല്ലാവരും വയറു നിറച്ചു കഴിച്ചു. ഇമ്മീസ് കിച്ചൻ എന്ന ആ റെസ്റ്ററെന്റിൽ താരതമ്യേന ചെറിയ നിരക്കിൽ നല്ല ഭക്ഷണം ഞങ്ങൾക്ക് കിട്ടി. അവിടെ നിന്ന് നടന്ന് ഞങൾ ബുക്ക് ചെയ്ത  വീട്ടിൽ എത്തി ചെക്ക് ഇൻ ചെയ്തു, 





 AIrBNB എന്ന വെബ്സൈറ്റ് വഴി കണ്ടെത്തിയ ആ വീട് വളരെ സൗകര്യങ്ങൾ ഉള്ളതായിരുന്നു. അടുക്കളയും ഫ്രിഡ്‌ജും വാഷിംഗ് മെഷിനും വാട്ടർ ഡിസ്പെൻസറും അടക്കം നല്ലൊരു വീട് മൊത്തം ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് ലഭിച്ചു. അവിടെ കുറച്ചു സമയം വിശ്രമിച്ചു ചായ ഉണ്ടാക്കിക്കുടിച്ചു നാലര മണിയോടെ ഒരു യൂബർ ടാക്സി വിളിച്ചു ഞങ്ങൾ മറൈൻ ഡ്രൈവിലേക്കു പുറപ്പെട്ടു. ശനിയായ്ച്ച ആയതിനാൽ റോഡിൽ നല്ല തിരക്കായിരുന്നു. അഞ്ചു മണിയോടെ മറൈൻ ഡ്രൈവിലെ ഹൈ കോർട് ബോട്ട് ചെട്ടിയിൽ ഞങ്ങൾ എത്തിച്ചേർന്നു. ഞങ്ങൾ നേരത്തെ ബുക്ക് ചെയ്ത സാഗര റാണി ബോട്ട് അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.  കേരള സർക്കാരിന് കീഴിൽ ഉള്ള KERALA SHIPPING AND INLAND NAVIGATION CORP LTD ആണ് ഇതിന് പിന്നിൽ . ദിവസത്തിൽ പല തവണ അവരുടെ യാത്രകൾ ഉണ്ടെങ്കിലും ഞങ്ങൾ തിരഞ്ഞെടുത്തത് സൂര്യാസ്തമയം കടലിൽ നിന്നും ആസ്വദിക്കാൻ പറ്റുന്ന അഞ്ചരക്ക് പുറപ്പെട്ട് ഏഴരക്ക് തിരിച്ചെത്തുന്ന യാത്രയായിരുന്നു. കൊച്ചി കായൽ പിന്നിട്ട് അറബി കടലിലേക്ക് കിലോമീറ്ററുകളോളം യാത്ര ചെയ്യും എന്നതതാണ് സാഗര റാണിയുടെ ഒരു പ്രതേകത . സാഗര റാണിയുടെ തീം ഗാനത്തോടെ അഞ്ചരക്ക് തന്നെ യാത്ര പുറപ്പെട്ടു. ഗൈഡും അവതാരകനും മിമിക്രി കലാകാരനും എല്ലാമായ ആൾ മൈക്ക് കയ്യിലെടുത്തതോടെ യാതക്കാരെല്ലാവരും ഉണർവിൽ ആയി. യാത്രയിൽ കാണുന്ന കാഴ്ചകൾ എല്ലാം വിശദമായി ഞങ്ങൾക്ക് വിവരിച്ചു തന്നു. എല്ലാവർക്കും  ചായയും സ്‌നാക്‌സും വിതരണം ചെയ്തിരുന്നു,  മറൈൻ ഡ്രൈവിന്റെ കായലിൽ നിന്നുള്ള കാഴ്ച, ബോൾഗാട്ടി കൊട്ടാരം, കൊച്ചി തുറമുഖം , അവിടെയുള്ള കപ്പലുകൾ. , വില്ലിങ്ങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി , ഫോർട്ട് കൊച്ചി, വൈപ്പിൻ , ഗോശ്രീ പാലങ്ങൾ, വല്ലാർപാടം കണ്ടൈനർ ടെർമിനൽ തുടങ്ങിയ കാഴ്ചകൾ കണ്ടു ബോട്ട് മെല്ലെ അറബി കടലിലേക്ക് കയറുമ്പോൾ അകത്തു പാട്ടും ഡാൻസും തകർക്കുകയായിരുന്നു. കടലിലെ തിരയുടെ താളത്തിനൊത്തു ബോട്ട് ആടുമ്പോൾ ഉള്ളിലെ  ചെറിയ പേടിയും ആട്ടത്തിന്റെ രസവും ഒരുമിക്കുകയായിരുന്നു. ബോട്ടിലെ പാട്ടുകാരൻ വളരെ നന്നായി പാടുകയും കുട്ടികൾ അടക്കമുള്ളവർ അതിനനുസരിച്ചു നൃത്തം ചെയ്യുന്നുമു ണ്ടായിരുന്നു.  ചുവന്നു തുടുത്ത സൂര്യൻ അറബി കടലിലേക്ക് പയ്യെ പയ്യെ അലിയുമ്പോൾ അടിച്ച തണുത്ത കാറ്റും ബോട്ടിലെ ടൈറ്റാനിക്കിലെ പാട്ടും തിരയുടെ താളവും എല്ലാം ചേർന്ന് ഒരിക്കലും മറക്കാനാവാത്ത ഒരു സൂര്യാസ്തമയം ആണ് സാഗര റാണി ഞങ്ങൾക്ക് സമ്മാനിച്ചത്. പ്രൊഫഷണൽ ഡാൻസ് ടീമിന്റെ ഡാൻസും പാട്ടുകളും മിമിക്രിയും ഡിജെ എല്ലാമായി വൻ ആഘോശങ്ങൾ ക്ക് ശേഷം ഏഴരയോടെ ബോട്ട് മറൈൻ ഡ്രൈവിൽ തിരിച്ചെത്തി. മറൈൻ ഡ്രൈവിലൂടെ ഒരു നടത്തം കഴിഞ്ഞു ഓട്ടോ വിളിച്ചു  എംജി റോഡ് മെട്രോ സ്റ്റേഷനിൽ എത്തി അവിടെ നിന്നും മെട്രോയിൽ ഇടപ്പള്ളിയിൽ ഇറങ്ങി വീണ്ടും ലുലു മാളിൽ എത്തി. അവിടെ ഒന്ന് കറങ്ങി ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി KFC യിൽ കയറി ഫൂഡൊക്കെ കഴിച്ചു ഓട്ടോ പിടിച്ചു റൂമിൽ എത്തി. 





അടുത്ത ദിവസം രാവിലെ  യൂബർ ടാക്സിയിൽ KSRTC ബസ് സ്റ്റാൻഡിലേക്ക് പോയി. അവിടെ എത്തിയപ്പോൾ ആലപ്പുഴയിലേക്കുള്ള ഒരു AC ബസ് ഞങ്ങളെ കാത്തു നില്കുന്നു.  ഞങ്ങളെത്തിയപ്പോൾ ആളുകൾ കുറവായതിനാൽ സൗകര്യ പ്രദമായ സീറ്റുകൾ തെരഞ്ഞെടുക്കാൻ പറ്റി . കൊച്ചിയുടെ നഗര കാഴ്ചകൾ ആസ്വദിച്ച് അരൂർ പാലം പിന്നിട്ട് ആലപ്പുഴ ജില്ലയിൽ കയറി പത്തര മണിയോടെ ആലപ്പുഴ ബസ് സ്റ്റാന്റിൽ എത്തി. അവിടെ അടുത്തുള്ള ഇന്ത്യൻ കോഫി ഹൊസ്സിൽ  നിന്നും പ്രാതൽ കഴിച്ചു ഞങ്ങൾ ബോട്ട് ജെട്ടിയിൽ എത്തി. അവിടെ ചോദിച്ചപ്പോൾ ആണ്  കുറച്ചു മാറിയുള്ള മാതാ ജെട്ടിയിൽ നിന്നും സീ കുട്ടനാട് എന്ന ബോട്ട് പുറപ്പെടുന്ന വിവരം . ഒരു സർവീസ് ബോട്ടിൽ അവിടെ എത്താനുള്ള സൗകര്യം അവിടെ ജീവനക്കാർ ചെയ്തു തന്നു. ടിക്കറ്റ് വാങ്ങാതെ തന്നെ അവിടെ ഞങ്ങളെ എത്തിച്ചു.  ആലപ്പുഴ ജെട്ടിയിൽ നിന്നും പുറപ്പെട്ട് പുന്നമട, വേമ്പനാട് കായൽ വഴി കൈനകരി റോഡ് മുക്കിൽ എത്തി തിരികെ മീനപ്പള്ളി കായൽ, പള്ളാത്തുരുത്തി, പു‍ഞ്ചിരി വഴി ആലപ്പുഴയിൽ എത്തിച്ചേരുന്ന മൂന്നു മണിക്കൂർ യാത്രയാണ് സീ കുട്ടനാട്. പതിനൊന്നര ക്കു പുറപ്പെട്ടു രണ്ടരക്ക് തിരിച്ചെത്തുന്ന ഈ  യാത്ര സംഘടിപ്പുന്നത് കേരള സർക്കാർ ആണ്. , ഞങ്ങളുടെ നാട്ടിലേക്ക് തിരിച്ചുള്ള ട്രെയിൻ ആലപ്പുഴയിൽ നിന്നും 2,50 നായിരുന്നു. എങ്കിലും രണ്ടും കല്പിച്ചു ടിക്കറ്റ് എടുത്തു. ഒരാൾക്ക് 250 രൂപയും കുട്ടികൾക്ക് 125 രൂപയും ആയിരുന്നു ടിക്കറ്റ് നിരക്ക്. പതിനോന്നരയോടെ ബോട്ട് പുറപ്പെട്ടു. നൂറു കണക്കിന് കെട്ട് വള്ളങ്ങൾ കണ്ട് കായലിലൂടെ ബോട്ട് മുന്നോട്ട് നീങ്ങുമ്പോൾ ചുറ്റു മുള്ള കാഴ്ചകൾ മൈക്കിലൂടെ വിവരിച്ചു തരു ന്നുണ്ടായിരുന്നു. പുന്നമട കായലിലെ നെഹ്‌റു ട്രോഫി വള്ളം കളിയുടെ സ്റ്റാർട്ടിങ് പോയന്റന്റും മറ്റും കണ്ടു കായൽ കരയിലെ കാഴ്ചകളും കണ്ട് കടൽ പോലെ വിശാലമായ വേമ്പനാട്ടു കായലിൽ ഞങൾ എത്തിച്ചേർന്നു. ബോട്ടിനകത്തു സ്‌പീക്കറിലൂടെ യുള്ള പാട്ടിനനുസരിച്ചു കുറെ പേർ ഡാൻസ് കളിക്കുന്നഉണ്ടായിരുന്നു. ഞങ്ങളുടെ അടുത്തു കൂടി പോകുന്ന കേട്ടുവള്ളങ്ങളിലും ഷിക്കാര യിലും മറ്റും പോകുന്ന വിദേശികൾ അടക്കമുള്ളവർ ഞങ്ങളെ ശ്രദ്ദിക്കുന്നുണ്ടായിരുന്നു. കായൽ നിരപ്പിൽ നിന്നും താഴെ നിൽക്കുന്ന കുട്ടനാട്ടെ നെൽ പാടങ്ങൾ നല്ലൊരു കാഴ്ചയായിരുന്നു,   അതിമനോഹരമായ കുട്ടനാടൻ കാഴ്ചളിലൂടെ  സഞ്ചരിച്ചു കൈനകരിയിൽ ഇറങ്ങി കുട്ടനാട്ടിലൂടെ നടക്കാനുള്ള അവസരവും കിട്ടി. അവിടെയുള്ള ചവറ അച്ഛന്റെ ജന്മ ഗ്രഹം സന്ദർശിക്കാനും യാത്രക്കാർക്ക് സാധിക്കും . കുടുംബശ്രീ യാത്രക്കാർക്കുള്ള ഉച്ച ഭക്ഷണവും ബോട്ടിൽ ഒരുക്കുന്നുണ്ട്., മീൻ കറിയും അവിയലും തോരനും മീൻ വറുത്തതും കരി മീനും കക്കയും കൂട്ടി ഞങ്ങൾ ബോട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ചു. അവിടെ നിന്നും പുറപ്പെട്ട ബോട്ട് മറ്റൊരു വഴിയിലൂടെ രണ്ടര മണിയോടെ ആലപ്പുഴയിൽ തിരിച്ചെത്തി.  ട്രെയിനിന്റെ സമയം നേരത്തെ പറഞ്ഞതിനാൽ കൃത്യ സമയം പാലിച്ചു ഞങ്ങളെ സഹായിച്ച ബോട്ട് ഡ്രൈവറെ നന്ദിയോടെ ഓർക്കുന്നു. കരയിലിറങ്ങി കുറച്ചു നടന്ന ശേഷമാണ് ഓട്ടോ കിട്ടിയത്. ഓട്ടോക്കാരനോട് കാര്യം പറഞ്ഞപ്പോൾ നാല് കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെ അതിവേഗം  എത്തിച്ചു. ട്രെയിൻ പുറപ്പെടുന്നതിന്റെ ഏഴ് മിനിറ്റ് അവിടെയെത്തിയ ഞങ്ങൾ യാത്ര തുടങ്ങിയ കണ്ണൂർ ആലപ്പിഎക്സ്പ്രസ്സ് ട്രെയിനിൽ നാട്ടിലേയ്ക്ക് മടക്ക യാത്ര ആരംഭിച്ചു. രാത്രി എട്ടു മണിക്ക് ശേഷം തിരൂർ എത്തിയ ഞങ്ങൾ ബസിൽ കോട്ടക്കലേക്കും അവിടന്ന് ഓട്ടോയിലും കയറി രാത്രി പത്തു മണിയോടെ വീട്ടിൽ തിരിച്ചെത്തി. 


Tuesday, February 28, 2023

തമിഴ് നാട് യാത്രനുഭവങ്ങൾ.

   ജിദ്ദയിൽ കൂടെ ജോലി ചെയ്തിരുന്ന കമാൽ പാഷ എന്ന തമിഴ് നാട് സ്വദേശി അകാലത്തിൽ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വീട് സന്ദർശിക്കണം എന്ന പ്ലാൻ ഷിഹാബിന്റേതായിരുന്നു, തുടക്കത്തിൽ ഒരു വാൻ നിറയെ ആളുണ്ടായിരുന്നെങ്കിലും അവസാനം  ഷിഹാബും റഷീദ്‌കയും നൗഷാദും പിന്നെ ഞാനും മാത്രമായി ചുരുങ്ങി. , ഞാനും റഷീദ്‌കയും അതി രാവിലെ തന്നെ  പെരിന്തൽമണ്ണയിൽ എത്തിച്ചേർന്നു,  കുറച്ചു കാത്തിരുന്നപ്പഴേക്കും നൗഷാദ് അവന്റെ കാറുമായെത്തി. അവന്റെ പുതു പുത്തൻ സ്വിഫ്റ്റ്കാറിൽ ആണ്  ഞങ്ങൾ യാത്ര പോകുന്നത് . മണ്ണാർക്കാട് എത്തുന്നതിന് മുമ്പ് ഷിഹാബും വണ്ടിയിൽ കയറി. മണ്ണാർക്കാട് കഴിഞ്ഞതിനു ശേഷം പ്രാതൽ കഴിച്ചു ഞങ്ങളുടെ ലക്ഷ്യ സ്ഥാനമായ മധുരക്കടുത്തുള്ള മേലൂരിറിലേക്കുള്ള യാത്ര തുടങ്ങി. ഏറെ താമസിയാതെ ഞങ്ങൾ പാലക്കാട് പട്ടണം പിന്നിട്ട് പാലക്കാടൻ പ്രകൃതി മനോഹാരിത യിലൂടെയായിരുന്നു യാത്രയെങ്കിലും റോഡിന്റെ സ്ഥിതി അത്ര നല്ലതായിരുന്നില്ല കു റച്ചു ദൂരം ഓടി തമിഴ് നാട്ടിലേക്ക് പ്രവേശിച്ചപ്പോൾ റോഡിന്റെ സ്ഥിതി ആകെ മാറി . പുതിയ അതിമനോഹരമായ റോഡിലൂടെ യായിരുന്നു ഞങ്ങളുടെ യാത്ര . കുറച്ചു പിന്നിട്ടപ്പോൾ റോഡിനിരു വശവും കാറ്റാടി കൾ ആയിരുന്നു പിന്നീടുള്ള കാഴ്ച്ച. പല വലിപ്പത്തിലും പലകമ്പനികളുടെയും കറങ്ങുന്നതും കറങ്ങാത്തതും അടക്കം നൂറുകണക്കിന് കാറ്റാടികൾ ഞങ്ങൾക്ക് കൗതുക കാഴ്ചയാണ് സമ്മാനിച്ചത്. ഇടക്ക് വണ്ടി നിർത്തി കുറച്ചു ഫോട്ടോയൊക്കെ എടുത്ത് ഞങ്ങൾ യാത്ര തുടർന്നു. മണിക്കൂറുകൾ ഓടിയിട്ടും കാറ്റാടി പാഠം ഒരറ്റമില്ലാതെ തുടർന്നപ്പോൾ ഞങ്ങൾക്ക് ബോറടി യായി മാറി. പൊള്ളാച്ചി പിന്നിട്ട് പുതിയ ഹൈവേയിലൂടെ പുതിയ കാഴ്ചകൾ കണ്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി. ഏറെ സംസാരിക്കുന്ന റഷീദ്ക്കയും ഷിഹാബും ഒന്നും പറയാതെ വളരെ നന്നായി വണ്ടി ഓടിച്ച നൗഷാദും പിന്നെ ഞാനും കൂടിയപ്പോൾവർഷങ്ങളോളം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തതിനാൽ   ആഴ്ചകൾ പറഞ്ഞാലും തീരാത്ത അത്ര കഥകളും അനുഭവങ്ങളും ഞങ്ങൾക്ക് പറയുന്നുണ്ടായിരുന്നു.  അത് കൊണ്ട് തന്നെ ഈ യാത്ര മുഴുവൻ ഏറെ രസകരമായിരുന്നു. പിന്നീട് ഒരു പെട്രോൾ പമ്പിൽ വണ്ടി നിർത്തി ഞങ്ങൾ അടുത്ത ബ്രേക് എടുത്തു. അപ്പോയെക്കും ഉച്ചക്ക് പന്ത്രണ്ടര മണി ആയിരുന്നു. പെട്രോൾ പമ്പിന് അടുത്തു റോഡരികിൽ പേരക്കയും കരിമ്പ് ജ്യൂസും മറ്റും വിൽക്കുന്നവരുടെ അടുത്തെത്തി എല്ലാവരും ഓരോ ഗ്ലാസ് കരിമ്പ് ജ്യൂസ് കുടിക്കുകയും  കുറച്ചു പേരക്ക വാങ്ങിക്കുകയും ചെയ്തു. അകത്തു നല്ല ചുവപ്പ് നിറമുള്ള സ്വാദിഷ്ടമായ പേരക്ക അടുത്തുള്ള മല കാണിച്ചു അവിടെ നിന്ന് വന്നതാണെന്ന് വിൽപ്പനക്കാരൻ പറഞ്ഞു. 




യാത്ര തുടർന്ന് ഡിണ്ടിഗൽ പട്ടണവും പിന്നിട്ട് ഏറെ മുന്നോട്ട് പോയ ഞങ്ങളുടെ  ലക്‌ഷ്യം ഉച്ച ഭക്ഷണം കഴിക്കുക എന്നതായിരുന്നു. ഏറെ മുന്നോട്ട് പോയെങ്കിലും നല്ലൊരു റെസ്റ്റോറന്റ് കണ്ടെത്താൻ കഴിഞ്ഞില്ല. കുറെ ഓടി നാദം എന്ന സ്ഥലത്തിയപ്പോൾ നല്ലൊരു  റെസ്റ്റോറന്റ് കണ്ടു പിടിച്ചു. ഞങ്ങളെ അകത്തെ AC റൂമിലേക്ക് തന്നെ അവർ ക്ഷണിച്ചു. അവിടത്തെ തിരക്ക് കണ്ടപ്പോൾ പ്രതീക്ഷിച്ച പോലെ നല്ല ഭക്ഷണം ആയിരുന്നു. ഞങ്ങൾ തമിഴ് നാട് തലപ്പാക്കട്ടി സ്റ്റൈൽ ബിരിയാണിയും ഹൈദരാബാദ് ബിരിയാണിയും വയറ് നിറച്ചു കഴിച്ചു. അവിടെ നിന്നും യാത്ര തുടർന്ന ഞങ്ങൾ മൂന്നര മണിയോടെ മേലൂർ പട്ടണത്തിലെ  കമാൽ പാഷ യുടെ വീട്ടിലെത്തി. ആ യാത്രയിൽ ഞാൻ കുടിക്കണം എന്ന് വിചാരിച്ചിരുന്ന മധുരയിലെ ജിഗർ തണ്ട എന്ന പാനീയം ആ വീട്ടിൽ നിന്നും കുടിച്ചു. അര മണിക്കൂർ അവിടെ ചിലവിട്ട് അവർക്ക് ധന സഹായം കൈമാറി അവിടെ നിന്നും ഇറങ്ങി. അടുത്തത് എങ്ങോട്ട് എന്നതിന് ക്രത്യമായ പ്ലാൻ ഞങ്ങൾക്കില്ലായിരുന്നു. ധനുഷ്ക്കോടി രാമേശ്വരം, കൊടൈക്കനാൽ , കമ്പം തേനി വഴി ഇടുക്കി എന്നീ മൂന്നു പ്ലാനുകൾ ഉണ്ടായിരുന്നു. അതിൽ യാത്ര കുറവുള്ള കമ്പം തേനി ഇടുക്കി തിരഞ്ഞെടുത്തു  ആ റൂട്ടിൽ യാത്ര തിരിച്ചു. ഇങ്ങോട്ട് വന്നപ്പോൾ ഒരു രൂപ പോലും ടോൾ കൊടുക്കാതിരുന്ന ഞങ്ങളെ കാത്തിരുന്നത് ടോളുകളുടെ ഘോഷ യാത്ര ആയിരുന്നു. തമിഴ് ഗ്രാമങ്ങളുടെ ഭംഗി ആസ്വദിച്ചു മുന്നോട്ട് പോയപ്പോൾ ആണ് പെട്ടി എന്നവസാനിക്കുന്ന നൂറുകണക്കിന് സ്ഥലങ്ങൾ തമിഴ് നാട്ടിൽ ഉണ്ടെന്ന് മനസ്സിലായത്. ഒരു ഗ്രാമത്തിൽ ഒന്നു ബ്രേക്ക് എടുക്കാൻ കാ ർ നിർത്തിയപ്പോൾ സൂര്യൻ അസ്തമിക്കാനായിരുന്നു. ആണ്ടി പെട്ടി എന്ന ടൗണിൽ എത്തിയപ്പോൾ ഒരു ലോഡ്ജ് കണ്ടെത്തി താമസിക്കാൻ അവിടെ റൂമെടുത്തു.  




രാവിലെ എണീറ്റ് ഞങ്ങൾ ആദ്യം പോയത് അവിടെ അടുത്തുള്ള വൈഗൈ  അണകെട്ട് കാണാൻ ആയിരുന്നു. വൈഗൈ നദിക്ക് കുറുകെ നിർമിച്ച ഈ ഭീമൻ അണകെട്ട് തമിഴ് നാട്ടിലെ അഞ്ചു ജില്ലകളിലെ പരുത്തി , ചെറുപയർ , നെല്ല് , ചോളം , പച്ചക്കറികൾ മുതലായവ  കൃഷി ചെയ്യുന്ന കർഷകക്ക് വെള്ളം നൽകി  വരുന്നു. അണക്കെട്ടിന് മുകളിൽ കയറിയ ഞങ്ങൾ വലിയൊരു പ്രദേശം മൊത്തം നിറഞ്ഞു നിൽക്കുന്ന ജല സംഭരണി കണ്ട് ആത്ഭുതപെട്ടു.അണകെട്ടും പാർക്കും കണ്ടു യാത്ര തുടർന്ന ഞങ്ങൾ പിന്നെ നിർത്തിയത് പ്രാതൽ കഴിക്കാനായി തേനി പട്ടണത്തിൽ ആയിരുന്നു. കമ്പത്തെ മുന്തിരി തോട്ടങ്ങൾ തേടി ആയിരുന്നു തേനിയിൽ പ്രാതലായി പൂരിയും ബജിയും കഴിച്ചതിന് ശേഷമുള്ള ഞങ്ങളുടെ യാത്ര.



 കമ്പം തേനി എന്നാണ് എപ്പോഴും പറഞ്ഞു കേൾകുന്നതെങ്കിലും  തേനിയിൽ നിന്നും കമ്പത്തേക്ക് 40 കിലോമീറ്റർ ദൂരമുണ്ടെന്നുള്ള സത്യം ഈ യാത്രയിൽ ആണ് മനസ്സിലായത്. അതി മനോഹരമായ കുറെ ഓടി മുന്തിരി തോട്ടത്തിൽ ഞങ്ങൾ എത്തി. വലിയ തോട്ടത്തിന്റെ ഒരു ഭാഗം സഞ്ചാരികൾക്കു ഫോട്ടോയെടുക്കാൻ പാകത്തിന് അവിടെ തയ്യാറാക്കി നിർത്തിയിരുന്നു. സീസൺ അല്ലാത്തതിനാൽ മുന്തിരി പാകമായി വരുന്നതേ ഉള്ളൂ. അവിടെ മുന്തിരി വീഞ്ഞും ജ്യൂസും മറ്റും വിൽക്കുന്ന കടകളും ഉണ്ടായിരുന്നു. മുന്തിരി തോട്ടത്തിന്റെ ഭംഗി ആസ്വദിച്ചു ഫോട്ടോ കൾ എടുത്ത് കുറച്ചു സമയം അവിടെ ചിലവഴിച്ചു.  




അവിടെ നിന്നും ചുരം പാതയിലൂടെ പെൻസ്റ്റോക്ക് പൈപ്പുകൾ ഒക്കെ കണ്ടു ഞങ്ങൾ കുമളിയിൽ എത്തി. തേക്കടി പോകാൻ ശ്രമിച്ചെങ്കിലും കൂടുതൽ സമയമെടുക്കും എന്നതിനാൽ അത് ഉപേക്ഷിച്ചു . ഇടുക്കിയുടെ പ്രകൃതി ഭംഗി ആസ്വദിച്ചു തേയിലത്തോട്ടങ്ങൾ ചുരമിറങ്ങി നാട് ലക്ഷ്യമാക്കി യാത്ര തുടർന്നു. AVT യുടെ തോട്ടത്തിൽ ഉള്ള കടയിൽ കയറി ഞങ്ങൾ തേയിലയും കാപ്പിയും ഏല വുമെല്ലാം വാങ്ങി. പിന്നെ ഞങ്ങൾ എത്തിയത് പരുന്തും പാറ എന്ന സുന്ദരമായ ടൂറിസ്റ്റ് കേന്ദ്രത്തിലാണ്. അവിടെ ഞങ്ങളെ ആകർഷിച്ചത് ചുറ്റുമുള്ള മലകളും പരുന്തിന്റെ തല പോലത്തെ പാറയും മറ്റുമാണ്. അവിടത്തെ  ഭംഗി ആസ്വദിച്ച് ഞങ്ങൾ കുറെ നടന്ന ശേഷം ചുരമിറങ്ങി നാട്ടിലേക്കുള്ള യാത്ര തുടർന്നു. 





വാഗമൺ അടക്കമുള്ള പല സ്ഥലങ്ങളിലേക്കും പോകാമായിരുന്നെങ്കിലും അന്ന് രാത്രി നാട്ടിൽ തിരിച്ചെത്തണം എന്നതിനാൽ അതെല്ലാം  ഉപേക്ഷിച്ചു. നാട്ടിലേക്കുള്ള മടങ്ങുമ്പോൾ മുവാറ്റുപുഴ കഴിഞ്ഞു ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന അഷ്‌റഫ്, സിസ്‌റ്റർ സലൂജ എന്നിവരെയും ഫാസിലിന്റെ വീടും സന്ദർശിച്ചു പാതി രാത്രിയോടെ ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി. 

Thursday, September 22, 2022

അൽബഹയിലെ വിസ്മയങ്ങൾ.

 ജിദ്ദയിൽ നിന്നും നാനൂറിലേറെ കിലോമീറ്റർ ദൂരെയുള്ള അൽ ബഹയിലേക്ക് അറേബ്യൻ റൂട്സ് സംഘടിപ്പിച്ച യാത്ര ജീവിത്തിലെ നല്ല ഒരു അനുഭവമായിരുന്നു.  രാവിലെ 6.45 നു മൂന്നു ബസുകളിൽ ആയി ഏകദേശം നൂറ്റമ്പതോളം ആളുകൾ  ഷറഫിയക്കടുത്തുള്ള റോക്ക് ഗാർഡൻ പരിസരത്തു നിന്നും യാത്ര പുറപ്പെട്ടു. ഞങ്ങൾ സഞ്ചരിച്ച രണ്ടാം നമ്പർ ബസിനെ നയിച്ചത് പ്രശസ്ത ഫുഡ് വ്‌ളോഗർ എം സി മനാഫ്  ആയിരുന്നു. ബസ് പുറപ്പെട്ട ഉടൻ തന്നെ കേക്കും ബദാമും ഉണക്ക മുന്തിരിയും അടങ്ങിയ  വെൽക്കം കിറ്റ്  വിതരണം ചെയ്തു. മനാഫിന്റെ  ആമുഖ പ്രസംഗത്തോടെ തുടങ്ങി പാട്ടും ഡാൻസും കഥ പറച്ചിലും ഒക്കെ ആയി ബസ് ജിസാൻ റോഡിലൂടെ മുന്നോട്ട് കുതിച്ചു. 10 മണിയോടെ പ്രാതൽ കഴിക്കാനായി അലൈത് എന്ന സ്ഥലത്തെ മനോഹരമായ കടപ്പുറത്തെ പാർക്കിൽ എത്തിച്ചേർന്നു. ഭക്ഷണം കഴിക്കലും മറ്റു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയും ആ പാർക്കിന്റെയും കടലിന്റെയും ഭംഗി ആസ്വദിച്ചും ഫോട്ടോ എടുത്തും ഒരു മണിക്കൂറോളം അവിടെ ചിലവയിച്ചു. പിന്നീട് യാത്ര തുടർന്നപ്പോൾ കുശ്രുതി ചോദ്യങ്ങളും മറ്റുമായി വളരെ രസകരമായ നിമിഷങ്ങൾ ആണ് ബസിൽ അരങ്ങേറിയത്. സമ്മാനമായി ചോക്ലേറ്റുകളും വിതരണം ചെയ്തു. പുറത്തു മരുഭൂമികളും ചെറിയ പച്ചപ്പും ഒട്ടക കൂട്ടങ്ങളും മറ്റുമായിരുന്നു മാറി മാറി വന്നിരുന്ന കാഴ്ചകൾ. വെള്ളിയാഴ്ച ആയതിനാൽ ജുമുഅ ക്കു സമയമായപ്പോൾ വണ്ടി ഒരിടത്തു നിർത്തി ജുമുഅ കഴിഞ്ഞപ്പോൾ വീണ്ടും പുറപ്പെട്ടു, ALMUZAYLIF എന്ന സ്ഥലത്തെ ത്തിയപ്പോൾ ജിസാൻ റോഡിൽ നിന്നും അൽബഹ റോഡിലേക്ക് തിരിഞ്ഞു കുറച്ചു യാത്ര ചെയ്തു  AL  MAKWAH  പിന്നിട്ടപ്പോൾ പച്ചപ്പ്‌ നിറഞ്ഞ തോട്ടങ്ങൾ കണ്ണിനും മനസ്സിനും കുളിർമയേകി. അപ്പോയെക്കും ചെറിയ കയറ്റം കയറി ഞങ്ങൾ സമുദ്ര നിരപ്പിൽ നിന്നും മുകളിലേക്ക് കയറി കൊണ്ടിരിക്കുകയായിരുന്നു, കുറച്ചു കൂടി സഞ്ചരിച്ചപ്പോൾ ഞങ്ങൾ മാർബിൾ വില്ലജ് എന്ന ചരിത്ര നിർമിതിയുടെ മുന്നിൽ എത്തിച്ചേർന്നു,  മക്കവെ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെ ചുരം പാത തുടങ്ങുന്നതിന്റെ തൊട്ടു മുമ്പായാണ് ഇത് സ്ഥിതി ചെയ്യുന്നത്. മെയിൻ റോഡിൽ നിന്ന് തന്നെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ മനോഹര നിർമിതി കാണാം സാധിക്കും. മെയിൻ റോഡിൽ നിന്നും തിരിഞ്ഞു മാർബിൾ വില്ലേജിന്റെ തായ്‌വാരത്തുള്ള പാർക്കിങ് സ്ഥലത്തു ബസ് നിർത്തി എല്ലാവരും ഇറങ്ങി, 



 അങ്ങോട്ട് പോകുന്നതിനു  മുമ്പ്    ജിദ്ദയിലെ പ്രശസ്ത ചരിത്ര കാരനും പത്ര പ്രവർത്തകനുമായ ഹസ്സൻ ചെറൂപ്പ നടത്തിയ  ചരിത്ര വിവരണം ആ അത്ഭുത നിർമിതിയെ പറ്റി കൂടുതൽ മനസ്സിലാക്കാൻ ഞങ്ങളെ സഹായിച്ചു. 400 വർഷം പഴക്കമുള്ള മാർബിൾ വില്ലേജ് അഥവാ ദി ഐൻ ഒരു വെളുത്ത മാർബിൾ കുന്നിൻ മുകളിൽ കല്ലും മരവും കൊണ്ട്നിർമ്മിച്ച സവിശേഷ നിർമിതിയാണ്കെട്ടിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നിർമ്മാണ സാങ്കേതികത തികച്ചും അസാധാരണമാണ്; പരന്ന കല്ലുകൾ പരസ്പരം അടുക്കി വെച്ചാണ്  അ വ നിർമ്മിച്ചിരിക്കുന്നത്,    രണ്ട് മുതൽ ഏഴ് നിലകൾ വരെയുള്ള നാല്പതോളം വീടുകൾ ഇവിടെയുണ്ട്. ഹിജ്റ പത്താം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ ഗ്രാമത്തിൽ സഹ്റാനി , ഗാംദി ഗോത്രത്തിൽ പെട്ടവരാണ് താമസിച്ചിരുന്നത്. അബ്ദുൾ അസീസ് അൽ സൗദ് രാജാവ് സൗദി  ഏകീകരിക്കുന്നതിന് മുമ്പ്  നിരവധി ആക്രമണങ്ങൾക്ക് ഇവിടെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളും കീഴടക്കിയ ഒട്ടോമൻ തുർക്കി പട ഇവിടെ കീഴടക്കാൻ വന്നെങ്കിലും ഗ്രാമത്തിലുള്ളവരുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റാതെ പലരും മരണത്തിന് കീഴടങ്ങി. ആ സൈനികരെ കബറടക്കിയ തുർക്കികളുടെ മക്ബറ ഇപ്പോഴും  ഗ്രാമത്തിന്റെ ഒരു ഭാഗത്തായി നമുക്ക് കാണാം.  സൗദി ടൂറിസം അതോറിറ്റി 16 ദശലക്ഷം റിയാൽ ചെലവിട്ട് , ഗ്രാമത്തിന്റെ പുനരുദ്ധാരണ പദ്ധതി നടത്തുന്നുണ്ട്, ഇ ത് ഗ്രാമത്തെ പുനരുജ്ജീവിപ്പിക്കാനും വികസിപ്പിക്കാനും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും ഏറെ സഹായിച്ചിട്ടുണ്ട്. 




കുന്നിൻചുവട്ടിലെ ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ ഒഴുകുന്ന നീരുറവയായ ദീ ഐനിന്റെ പേരിലാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. ഞങ്ങൾ അവിടത്തെ പല വീടുകളും സന്ദർശിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു. കുന്നിന്റെ താഴ്വാരത്തെ വലിയ തോട്ടം നല്ലൊരു  ആകർഷണം ആയിരുന്നു, വാഴ, തുളസി, നാരങ്ങ, ഈന്തപ്പന തുടങ്ങിയ സസ്യങ്ങൾ കൊണ്ട് നിറഞ്ഞ ആ തോട്ടത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ച അതീവ ഹ്യദ്യമായിരുന്നു. അവിടത്തെ മറ്റൊരു പ്രധാന ആകർഷണമായ നീരുറവ കാണാനാണ് പിന്നെ ഞങ്ങൾ പോയത്. പച്ചപ്പ് നിറഞ്ഞ മനോഹരമായ പ്രദേശത്തു കൂടി ചെറിയ വെള്ളച്ചാട്ടങ്ങൾ സൃഷ്ട്ടിച്ചു ഒഴുകുന്ന ആ അരുവിക്കരികിൽ വാഴ തോട്ടങ്ങളും മറ്റും ഉണ്ടായിരുന്നു, പാറക്കെട്ടുകൾ പിന്നിട്ട് അരുവിയുടെ ഉത്ഭവ സ്ഥാനം വരെ ഞങ്ങൾ പോയി. കേരളത്തിൽ എത്തിയ ഒരു അനുഭൂതിയാണ് അത് ഞങ്ങളിൽ ഉണ്ടാക്കിയത്. അവിടത്തെ പഴയ പള്ളിയും മറ്റും കണ്ട് തിരിച്ചെത്തിയപ്പോൾ എല്ലാവരും ഉച്ച ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു. ഏറെ സാദിഷ്ടമായ ബിരിയാണി ഞങ്ങളും ആസ്വദിച്ചു കഴിച്ചു. ഭക്ഷണ ശേഷം അൽബഹ യുടെയും  മാർബിൾ വില്ലേജിന്റെയും വിവരങ്ങളും ഫോട്ടോകളും ആധുനിക രീതിയിൽ പ്രദർശിപ്പിക്കുന്ന ഒരു ഗാലറി ഞങ്ങൾ സന്ദർശിച്ചു, അവിടത്തെ കാഴ്ചകൾ ഞങ്ങളെ ഏറെ ആകർഷിച്ചു. 




 


അൽബഹ ലക്ഷ്യമാക്കി ഞങ്ങൾ ബസിൽ യാത്ര തുടർന്നത്  അദ്ഭുതകരമായ ചുരം പാതയിയിലൂടെ ആയിരുന്നു. ഇരുത്തിലേറെ തുരങ്കങ്ങളും നിരവധി പാലങ്ങളും ഉള്ള പോകുന്ന ഈ ചുരം പാത ഇരുപത്തഞ്ചു  കിലോമീറ്ററോളം നീളമുണ്ട്‌. ഇതിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള കാഴ്ച നമ്മെ ഏറെ അത്ഭുതപ്പെടുത്തും. സാഹസിക സൈക്കിൾ സഞ്ചാരികളുടെ  ഇഷ്ട പാതയാണിത്. ഈ ചുരം പാത പിന്നിട്ട് മുകളിൽ എത്തുമ്പോൾ സമുദ്ര നിരപ്പിൽ നിന്ന് എണ്ണായിരത്തോളം  അടി മുകളിൽ ആയിരുന്നു ഞങ്ങൾ. അതിശയിപ്പിക്കുന്ന  കാര്യം ഞങ്ങൾ പ്രാതൽ കഴിച്ച സമുദ്ര തീരത്തു നിന്ന് ഇത്രയും ഉയരത്തിലേക്ക് ഞങ്ങൾ കുറഞ്ഞ സമയം കൊണ്ട് സഞ്ചരിച്ചു എന്നതാണ്, അൽ ബഹ യിൽ എത്തിയപ്പോൾ സൗദി ദേശീയ ദിനത്തിന്റെ തിരക്കിൽ ആയിരുന്നു പട്ടണം . സൗദി ദേശീയ പതാക ഏന്തിയ വാഹനങ്ങൾ കൊണ്ട് റോഡുകൾ നിറഞ്ഞതിനാൽ നല്ല ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ഏകദേശം അഞ്ചു മാണിയോട് കൂടി ഞങ്ങളുടെ അടുത്ത ലക്ഷ്യ സ്ഥാനമായ RAGATHAN ഫോറെസ്റ് പാ ർക്കിൽ ഞങ്ങൾ എത്തിച്ചേർന്നു, ആറു ലക്ഷത്തോളം ചതുരശ്ര മീറ്ററുകളിൽ പരന്നു കിടക്കുന്ന ഈ പാർക്കിന്റെ നല്ലൊരു ഭാഗവും  വെച്ച് പിടിപ്പിച്ച വന പ്രദേശമാണ്. കൂടാതെ മനോഹരമായി രൂപകൽപന ചെയ്ത പൂന്തോട്ടങ്ങളും കുട്ടികൾക്കുള്ള പാർക്കുകൾ സിപ് ലൈൻ അടക്കമുള്ള ഉല്ലാസ പരിപാടികളും അവിടെ ഉണ്ട്. പാർക്കിനു മുകളിലൂടെ പോകുന്ന സിപ്‌ലൈനിൽ തൂങ്ങി നല്ല വേഗതയിൽ  ഇടയ്ക്കിടെ ആളുകൾ പോകുന്നത് കണ്ടിരുന്നു,  സിപ്‌ലൈനിൽ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും മല  മുകളിൽ ഉള്ള സറ്റേഷനിൽ എത്താൻ ബുദ്ദിമുട്ടായതിനാൽ ആ ശ്രമം ഞങ്ങൾ ഉപേക്ഷിച്ചു.     ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സിപ്‌ലൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 12 ശതമാനം ചരിവിൽ ഘടിപ്പിച്ചിരിക്കുന്ന 957 മീറ്റർ നീളമുള്ള  ഇതിൽ  റൈഡർമാർക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്നു. പാർക്കിൽ കറങ്ങി വരാൻ പഴയ കാല വണ്ടികളുടെ രുപത്തിലുള്ള കൗതുകമുണർത്തുന്ന പലതരം വണ്ടികളും അവിടെ കണ്ടു. അവിടത്തെ പള്ളി യുടെ രൂപകൽപന എന്നെ ഏറെ ആകർഷിച്ചു . യുറോപ്പിലൊക്കെ ഉള്ള പഴയ ബംഗ്ലാവിന്റെ മാത്രക പോലെ എനിക്ക് തോന്നി. അതി മനോഹരമായി രൂപകൽപന ചെയ്ത കല്ല് വിരിച്ച നടപ്പാതകളൊളോട് കൂടിയ പാർക്കിന്റെ ഒരുഭാഗത്തു വെളിച്ച വിന്യാസം കൊണ്ട് ഏറെ ആകർഷകമായ കൃതിമ വെള്ള ചാട്ടങ്ങളും ഉണ്ടായിരുന്നു, പുല്ല്  വിരിച്ചു മനോഹരമാക്കിയ അവിടെ ഏറെ ഭംഗിയുള്ള പൂക്കളും ചെടികളും കൊച്ചു പാലങ്ങളും കൊണ്ട് ഞങ്ങളെ ഏറെ ആകർഷിച്ചു. അവിടെ നിന്നും ഞങ്ങൾ കുറെ ഫോട്ടോകൾ എടുത്തു.  .പാർക്കിന്റെ പല ഭാഗങ്ങളും നടന്ന് കണ്ട് സൗദി ദേശീയ ദിനത്തിന്റെ ഭാഗമായ കുട്ടികളുടെ പരിപാടികളും കുറച്ചു സമയം അസ്വദിച്ചു എട്ട് മണിയോടെ ബസിൽ തിരിച്ചെത്തി. ബസ് പുറപ്പെട്ടപ്പോൾ അവിടെ വിളഞ്ഞ ഏറെ രുചികരമായ അത്തിപ്പഴം ബസിലെല്ലാവർക്കും വിതരണം ചെയ്തു,  തിരിക്കുകൾ പിന്നിട്ട് മലയിറങ്ങുമ്പോൾ ദേശീയ ദിനത്തിന്റെ ഭാഗമായ വെടിക്കെട്ട് ചെറിയ രീതിയിൽ കണ്ടു, ചുരമിറങ്ങിയ ഉടനെയുള്ള ഒരു പള്ളി പരിസരത്തു വെച്ചു രാത്രി ഭക്ഷണം എല്ലാവരും ആസ്വദിച്ചു കഴിച്ചു.  നൂറുകണക്കിന് കിലോമീറ്ററുകൾ പിന്നിട്ട് ബസ് ജിദ്ദയിൽ എത്തിയപ്പോൾ  പുലർച്ചെ  മൂന്നു മണി പിന്നിട്ടിരുന്നു. ജീവിതത്തിലെ മറ്റൊരു അവിസ്മരണീയമായ യാത്ര സമ്മാനിച്ച സംഘടകരെ നന്ദിയോടെ സ്മരിക്കുന്നു, 

Friday, September 16, 2022

ഇന്ത്യൻ പടക്കപ്പലിലെ കാഴ്ചകളിലേക്ക്.

    ലോകയാൻ പദ്ദതിയുടെ ഭാഗമായി ലോകത്തെ വിവിധ തുറമുഖങ്ങൾ സന്ദർശിക്കുന്ന INS തരംഗിണി എന്ന ഇന്ത്യൻ  കപ്പൽ ജിദ്ദ തുറമുഖത്തെത്തിയപ്പോൾ അത് കാണാൻ അവസരം കിട്ടി. ജിദ്ദ തുറമുഖത്തിന്റെ രണ്ടാം നമ്പർ ഗേറ്റിൽ നിന്നും ഇന്ത്യൻ കോൺസുലേറ്റ് ഏർപ്പെടുത്തിയ വാഹനത്തിൽ ഏറെ ദൂരം സഞ്ചരിച്ചാണ് കപ്പലിനടുത്തെത്തിയത്.  ആ യാത്രയിൽ തീരത്തണഞ്ഞ കപ്പലുകളും കപ്പലുകളിൽ നിന്നും ഇറക്കിയ വലിയ ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും കണ്ടൈനറുകളും മറ്റും തുറമുഖത്തിന്റെ ഭാഗമായ മറ്റു പല നിർമിതികളും കാണാനായി. ഒടുവിൽ കപ്പലിന്റെ തൊട്ടടുത്താണ് ഞങ്ങളുടെ വാഹനം നിർത്തിയത്.  ഞങ്ങളുടെ മുമ്പിൽ പാറിപ്പറക്കുന്ന വലിയ ഇന്ത്യൻ പതാകയോട് കൂടിയ പഴയ കാല പായ കപ്പലുകളെ ഓർമിപ്പിക്കുന്ന INS തരംഗിണി എന്ന മനോഹര കപ്പൽ. 






ഇന്ത്യൻ നേവിയുടെ കപ്പൽ ആണെങ്കിലും ഇത് ശരിക്കും ഒരു യുദ്ധ കപ്പൽ അല്ല.  ഇന്ത്യൻ നാവികസേനയിലെ ഓഫീസർ കേഡറ്റുകൾക്ക് കപ്പൽ പരിശീലനം  നൽകുന്നതിനായി സഞ്ചരിക്കുന്ന ഈ  കപ്പൽ ഗോവയിൽ നിർമിച്ചു 1997 ൽ നീറ്റിലിറക്കിയതാണ് . . "സമുദ്രങ്ങൾക്ക് കുറുകെ സൗഹൃദത്തിന്റെ പാലങ്ങൾ നിർമ്മിക്കുക" എന്ന പ്രമേയവുമായി 2003-04-ൽ തരംഗിണി അതിന്റെ ആദ്യ ഭൂഗോള പ്രദക്ഷിണം ആരംഭിച്ചു. പതിനഞ്ച് മാസത്തെ ആദ്യ യാത്രയിൽ കപ്പൽ 33,000 നോട്ടിക്കൽ മൈൽ (61,000 കിലോമീറ്റർ) പിന്നിടുകയും 18 രാജ്യങ്ങളിലെ 36 തുറമുഖങ്ങൾ സന്ദർശിക്കുകയും ചെയ്തു.






കപ്പലിനെ കരയുമായി ബന്ധിപ്പിക്കുന്ന ചെറിയ പാലത്തിലൂടെ ഞങ്ങൾ അകത്തേക്ക് കയറി,  അവിടെ ഞങ്ങളെ സ്വീകരിക്കാനായി ഇന്ത്യൻ നേവി ഓഫീസർമാർ ഉണ്ടായിരുന്നു, കപ്പലുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോകൾ അവിടെ പ്രദർശിപ്പിച്ചിരുന്നു, 54 മീറ്റർ മാത്രം നീളമുള്ള ഇതിലെ വിവിധ കാഴ്ചകൾ നടന്നു കാണുകയും ഫോട്ടോകൾ പകർത്തുകയും ചെയ്തു. ചെറിയ കപ്പൽ ആയതിനാൽ ഇത് ചെറുതായി വെള്ളത്തിനൊപ്പം ആടുന്നതായി ഞങ്ങൾക്ക് അനുഭവപെട്ടു. കപ്പലിലെ ഓഫീസർമാർ ഞങ്ങൾക്ക് എല്ലാ കാര്യങ്ങളും വിവരിച്ചു തരികയും സംശയങ്ങൾക്ക് മറുപടിയും നൽകിയിരുന്നു. ഒരു ഭാഗത്തു അടുക്കളയിൽ പാചകം നടക്കുന്നതും ഞങ്ങൾ കണ്ടു. കാറ്റിന്റെ ഗതിക്കനുസരിച്ചും അല്ലാതെ ഇന്ധനനത്തിന്റെ സഹായത്തിലും ഈ കപ്പൽ പ്രവർത്തിക്കും . കപ്പലിന്റെ മൂന്നു വലിയ കൊടിമരങ്ങളിലെ പായകൾ ആ സമയത്തു ചുറ്റി വെച്ചിരുന്നു. കപ്പൽ ചുറ്റി കറങ്ങി കണ്ട ഞങ്ങൾ മുകളിലെ നിലയിലെ ക്യാപ്റ്റന്റെ റൂമിലെത്തി. അവിടെ ക്യാപ്റ്റൻ ഇന്ത്യൻ കോൺസുലർ ജനറലിന് കാര്യങ്ങൾ വിവരിച്ചു കൊടുക്കുന്നതാണ് ഞങ്ങൾ കണ്ടത്. അവിടത്തെ കാഴ്ചകൾ കണ്ടു അതിന്റെയും മുകളിൽ തുറന്ന ഭാഗത്തു കയറി കാഴ്ചകൾ കണ്ടു ഞങ്ങൾ താഴെ ഇറങ്ങി.  കപ്പലിൽ സന്ദർശകർക്ക് പലതരം സ്മരണികകൾ വിൽക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു. കപ്പലിന്റെ ചെറിയ ഫോട്ടോ ഉള്ള ഫ്രിഡ്ജ് സ്റ്റിക്കറുകൾ , ടി ഷർട്ട് , ചായ കപ്പുകൾ, വിവിധ സ്‌പൈസസ് അടങ്ങിയ കിറ്റ് അങ്ങനെ പലതും അവിടെ ഉണ്ടായിരുന്നു. ഈ യാത്രയുടെ ഓർമക്കും എന്റെ ശേഖരത്തിലേക്കും ആയി കപ്പലിനെ ഒരു ദ്വിമാന രൂപം ഞാൻ അവിടെ നിന്നും വാങ്ങി. അവിടെ ഒരു മലയാളി ഓഫീസറെയും ഞങ്ങൾ പരിചയപെട്ടു. പിന്നീട് കരയിലേക്കിറങ്ങിയ ഞങ്ങൾ കരയിൽ നിന്നും കപ്പലിന്റെ ഫോട്ടോകൾ പകർത്തി.  പുതിയ കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച കപ്പലിനോട് വിട ചൊല്ലി ബസിൽ കയറി കുറെ ഓടി സീപോർട്ടിന്റെ ഗേറ്റിനു പുറത്തേക്കും അവിടെ നിന്നും ജോലിയുടെ തിരക്കിലേക്കും ഞങ്ങൾ  യാത്ര തുടർന്നു. 

Monday, January 4, 2021

തായിഫിന്റെ തണുപ്പിലേക്ക്

 2020 ൽ  കൊറോണ എന്ന പകർച്ച വ്യാധി മൂലം യാത്രകൾ വളരെ കുറവായിരുന്നു. വർഷം അവസാനിക്കാറായപ്പോൾ ഒരു ചെറിയ യാത്ര പോയാലോ എന്ന ചർച്ച വന്നപ്പോൾ ഞങ്ങൾക്ക് മുമ്പിൽ ഉയർന്ന വന്ന ഉത്തരം തായിഫ് എന്നായിരുന്നു. പല തവണ തായിഫിൽ പോയിട്ടുണ്ടെങ്കിലും അവിടെ തന്നെ വീണ്ടും തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പലതാണ്. ഒരു ദിവസം കൊണ്ട് പോയി വരാവുന്നതും  മനോഹരമായ കാഴ്ചകൾ ഉള്ളതും  നല്ല കാലാവസ്ഥ എന്നതിന് പുറമെ പരിചയത്തിലുള്ള ഒരാൾ അവിടെ ഒരു ഫാം ഹൗസിൽ ജോലി ചെയ്യുന്നതും അതിനൊരു കാരണമായി. രാവിലെ എട്ടു മണിക്ക് ഡ്യൂട്ടി കഴിഞ്ഞു ഏറെ വൈകാതെ കാറിൽ ഞങ്ങൾ നാലു പേർ  തായിഫ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. ജിദ്ദ മക്ക റോഡിൽ കൂടി യാത്ര ചെയ്ത് മക്ക എത്തുന്നതിനു മുമ്പായി റിങ് റോഡിലേക്ക് തിരിഞ്ഞു പിന്നീട് അവിടെ നിന്നാണ് തായിഫ് റോഡിലേക്ക് കയറിയത്. മക്ക യുടെ സമീപ പ്രദേശത്തു കൂടി കടന്നു പോയപ്പോൾ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന ഘടികാര ഗോപുരം ദൂരെ നിന്ന് ഞങ്ങൾ കണ്ടിരുന്നു. 

മക്കയിൽ നിന്ന് തായിഫ് റോഡിലൂടെ കുറെ മുന്നോട്ടു പോയപ്പോൾ കല്ലുകൾ അടുക്കി വെച്ച പോലത്തെ ചെറിയ കുന്നുകൾ ഉയർന്നു നിൽക്കുന്ന മലകളും കാണാമായിരുന്നു. പല അടുക്കുകളായുള്ള ആ മലകൾക്ക് പ്രതേക ഭംഗി ആയിരുന്നു. പിന്നെയും കുറെ യാത്ര ചെയ്തപ്പോൾ ചുരം പാത ആരംഭിച്ചു. ചുരം പാത ശരിക്കും ഒരു എഞ്ചിനീറിയെറിങ് വിസ്മയം ആണെന്ന് പറയാം. ദുർഘടമായ ആ മലയിലൂടെ യ്യുള്ള ആ നാലു വരി ചുരം പാതയുടെ പല ഭാഗത്തും പല നിറത്തിലും പലതരം പാറകളും ഉള്ള മലയുടെ ഭാഗങ്ങൾ ആയിരുന്നു. അതിലൂടെയുള്ള  കോട മഞ്ഞിന്റെ യും ക്യാമ്പിലെ കാറിന്റെയും കാഴ്ചകൾ ആ ചുരം കയറ്റം കൂടുതൽ ആസ്വാദമാക്കി. ചുരത്തിറങ്ങി താഴത്തെ കാഴ്ചകൾ കാണാൻ ആഗ്രഹിച്ചെങ്കിലും അതിനുള്ള അവസരം കിട്ടിയില്ല. ചുരം കയറി മുകളിൽ ഹദ യിൽ എത്തിയപ്പോൾ നല്ല തണുപ്പായിരുന്നു. അവിടെ വണ്ടി നിർത്തി നല്ലൊരു സ്ഥലത്തിരുന്ന് ഞങ്ങൾ കൊണ്ട് വന്ന ചായയും സ്‌നാക്‌സും കഴിച്ചപ്പോൾ ശരിക്കും തണുത്തു വിറക്കുന്നുണ്ടായിരുന്നു. അവിടെ തൊട്ടടുത്തുള്ള ഒരു കൃഷിത്തോട്ടത്തിലേക്ക് ഞങ്ങൾ നടന്നു. ജിദ്ദയിൽ നിന്ന് വന്ന ഒരു മോട്ടോർ ബൈക് സംഘത്തെ അവിടെ വെച്ച് ഞങ്ങൾ പരിചയപെട്ടു. പിന്നെ ഞങ്ങൾ ആ ഫാമിലേക്ക് കടന്നു. ആപ്രിക്കോട്ട് മരങ്ങളും റോസാ ചെടികളും ക്വാളീ ഫ്ലവറും മറ്റു ചില ഇലകളും അവിടെ കൃഷി ചെയ്യുന്നുണ്ടായിരുന്നു. നല്ല തണുപ്പും പച്ചപ്പും ഞങ്ങൾ ശരിക്കും ആസ്വദിച്ചു. കുറെ ഫോട്ടോകൾ എടുത്ത് അവിടെ നിന്നും  തായിഫിലേക്കുള്ള യാത്ര തുടർന്നു. 



ഒടുവിൽ ഞങ്ങളുടെ ലക്ഷ്യ സ്ഥാനമായ തായിഫ് പട്ടണത്തിനടുത്തുള്ള ഫാം ഹൗസിനു മുമ്പിൽ ഞങ്ങൾ എത്തി ചേർന്നു. റോഡിനു ഇരു വശങ്ങളിലുമായി നിറയെ മരങ്ങളുള്ള നല്ല ഒരു പ്രദേശത്തായിരുന്നു ഈ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. അവിടെ കയറി ഒന്ന് വിശ്രമിച്ചു ഞങ്ങൾ ജുമുഅഃ നിസ്കരിക്കാനായി രണ്ടു കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ അബ്ദുല്ല ബിൻ അബ്ബാസ് മോസ്കിലേക്കു  പോയി. മനോഹരമായ പള്ളിയുടെ മുറ്റത്തു തണുപ്പിൽ വെയിൽ കൊണ്ടു ജുമുഅഃയിൽ പങ്കെടുത്തത് നല്ല അനുഭവമായിരുന്നു. അവിടെ നിന്നും ഫാം ഹൗസിലേക്ക് തിരിച്ചു വന്ന് ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ വിഭവ സമൃദമായ ഭക്ഷണം ആസ്വദിച്ച് കഴിച്ചു. അവിടത്തെ കൃഷി തോട്ടത്തിലെ കാഴ്ചകൾ കാണാനിറങ്ങി.







 പല വർണങ്ങളിൽ ഉള്ള റോസും മറ്റു പൂക്കളും അവിടത്തെ നല്ല ഒരു കാഴ്ച യായിരുന്നു. ഓറഞ്ച് , ചെറുനാരങ്ങാ, മാതളം,  അത്തി ,മൾബറി എന്നിവ അവിടെ കായ്ച്ചു നിൽക്കുന്നുണ്ടായിരുന്നു. കൂടാതെ മാവും മുന്തിരി വള്ളിയും മറ്റു പല മരങ്ങളും തക്കാളി വെണ്ടയ്ക്ക പച്ചമുളക് തുടങ്ങിയ പച്ചക്കറികളും ഞങ്ങൾ അവിടെ കണ്ടു. ആട്, കോഴി, പ്രാവ് , താറാവ് തുടങ്ങിയവയും അവിടെ വളർത്തുന്നുണ്ടായിരുന്നു. അവിടെ നിന്നും പിന്നെ പോയത് ഷഫാ മലകളിലേക്കാണ്. തായിഫ് പട്ടണത്തിൽ കുറച്ചു ഉയർന്ന പ്രദേശത്തേക്ക് യാത്ര ചെയ്ത് ദക്ക മലമുകളിൽ ഞങ്ങൾ എത്തിച്ചേർന്നു. തായിഫ് നിന്നും 20 കിലോമീറ്റർ ദൂരമുള്ള ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്നും 9000 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. തണുത്ത കാറ്റും തായ്‌വാരത്തെ കാഴ്ചകളും കോട മഞ്ഞും എല്ലാം കൂടി നല്ല അനുഭവം ആയിരുന്നു വെങ്കിലും തണുപ്പിന്റെ ശക്തി മൂലം കൈകൾ മരവിച്ചു തുടങ്ങിയപ്പോൾ അവിടെ നിന്നും മടങ്ങി. മലയിറങ്ങി ഷഫ യിൽ എത്തിയ ഞങ്ങൾ ഒട്ടക പുറത്തും ബഗ്ഗിയിലും യാത്ര ചെയ്ത് ശരിക്കും ആസ്വദിച്ചു . ഞാൻ ജീവിതത്തിൽ ആദ്യമായാണ് ഈരണ്ടു യാത്രയും ചെയ്യുന്നത്. അപ്പോയേക്കും ഇരുട്ട് പരന്നിരുന്നു. പിന്നീട് ഞങ്ങൾ തായിഫ് പട്ടണത്തിനടുത്തുള്ള റുദഫ് പാർക്കിലേക്കാണ് പോയത് . അവിടത്തെ ഏറ്റവും വലിയ പാർക്കായിരുന്നു അത്. ആദ്യം കണ്ട കവാടത്തിലൂടെ അകത്തു കയറാൻ ശ്രമിച്ചെങ്കിലും ഫാമിലി യില്ലാത്തതിനാൽ ഞങ്ങളെ തടഞ്ഞു. എന്നാൽ പാർക്കിന്റെ മുഖ്യ കവാടത്തിലൂടെ ഞങ്ങൾ അകത്തു കയറി. ഏറെ വൈകാതെ അവിടത്തെ തടാകത്തിൽ സംഗീത ജലധാര ആരംഭിച്ചു. 15 മിനിറ്റ് നീണ്ടു നിന്ന വെള്ളവും വെളിച്ചവും സംഗീതവും ഒത്തു ചേർന്ന പ്രകടനം ഞങ്ങൾക്ക് കിട്ടിയ ഒരു അപ്രതീ ക്ഷിത വിരുന്നായിരുന്നു. ആദ്യത്തെ കവാടത്തിൽ നിന്നും ഞങ്ങളെ തിരിച്ചു വിട്ടില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ കാഴ്ച നഷ്ടപെടുമായിരുന്നു. പാർക്കിൽ കുറച്ചു സമയം കൂടി കാഴ്ചകൾ കണ്ട് വീണ്ടും ഫാം ഹൗസിലെത്തി ഞങ്ങളുടെ കൂടെ വന്ന സുഹൃത്തിനെ അവിടെ വിട്ട് ജിദ്ദയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു. ചുരത്തിലെത്തിയപ്പോൾ വണ്ടി നിർത്തി താഴേക്കുള്ള രാത്രി കാഴ്ച കണ്ടു . വളഞ്ഞു പുളഞ്ഞു പോകുന്ന ചുരം പാതയും അതിലൂടെ പോകുന്ന വാഹന ങ്ങളും മറ്റും മറ്റൊരു മനോഹര ദൃശ്യ വിസ്മയമായിരുന്നു. ചുരമിറങ്ങി മക്ക വഴി ജിദ്ദയിൽ തിരിച്ചെത്തിയപ്പോയേക്കും രാത്രി പതിനൊന്നു മണിയായിരുന്നു. പ്രതീക്ഷിച്ച അവധി കിട്ടാത്തതിനാൽ രാത്രി പന്ത്രണ്ട് മണിക്ക് ഡ്യൂട്ടിക്ക് ഇറങ്ങേണ്ടി വന്നെങ്കിലും യാത്രയിൽ കിട്ടിയ ഉന്മേഷം എല്ലാ ക്ഷീണവും അകറ്റി.





തണുപ്പും പൃകൃതി ഭംഗിയും ഒരുമിക്കുന്ന തായിഫിലേക്കു നടത്തിയ ഒരു മനോഹര യാത്ര. ജിദ്ദയിൽ നിന്നും പുറപ്പെട്ടു പുണ്യ ഭൂമിയായ മക്കയുടെ ഓരത്തു കൂടി കോട മൂടുന്ന വളഞ്ഞു പുളഞ്ഞ ചുരം കയറി  ഞങ്ങൾ ഹദയിൽ . അവിടത്തെ മനോഹരമായ കുളിരിൽ റോഡരികിൽ ചായയും സ്‌നാക്‌സും കഴിച്ചപ്പോൾ അവയുടെ സ്വാദ് ഒത്തിരി കൂടിയ പോലെ. 
അവിടത്തെ തോട്ടത്തിലെ പച്ചക്കറികളുടെയും മരങ്ങളുടെയും ഹരിതാഭ കണ്ട് ആസ്വദിച്ചു നിൽക്കുമ്പോൾ കോട വന്ന്   മൂടിയത് കോരിത്തരിപ്പിച്ചു.

പിന്നെ പോയത് തായിഫിലെ ലക്ഷ്യ സ്ഥാനമായ ഫാം ഹൗസിലേക്ക്. ഓറഞ്ചും മാതളവും പപ്പായയും മാവും അത്തിയും മുന്തിരി വള്ളിയും മൾബെറിയും അടക്കം പലതരം മരങ്ങളും പൂക്കളും അടങ്ങിയ അവിടെ വിശ്രമിച്ചു ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ സ്വാദിഷ്ടമായ ഭക്ഷണവും കഴിച്ചു പിന്നെ  തായിഫിലെ ഏറ്റവും ഉയരത്തിലുള്ള ദക്ക മലമുകളിലേക്ക് . തണുത്ത കാറ്റും തായ്‌വാരത്തെ കാഴ്ചകളും കോട മഞ്ഞും എല്ലാം കൂടി നൽകിയ ഒരു നല്ല  അനുഭവം  . മലയിറങ്ങി ഷഫയിൽ എത്തി ഒട്ടക പുറത്തും കാർട്ട് വണ്ടിയിലും  യാത്ര ചെയ്തത് മറക്കാനാവാത്ത ഓർമകൾ . തായിഫിലെ ഏറ്റവും വലിയ  റുദഫ് പാർക്കിലെ  15 മിനിറ്റ് നീണ്ടു നിന്ന വെള്ളവും വെളിച്ചവും സംഗീതവും ഒത്തു ചേർന്ന സംഗീത ജല ധാര  ഞങ്ങൾക്ക് കിട്ടിയ  അപ്രതീ ക്ഷിത വിരുന്നായി. രാത്രി ഒമ്പതു മണിയോടെ തണുപ്പിനോടും തായിഫിനോടും വിട പറഞ്ഞു ജിദ്ദയുടെയും ജോലിയുടെയും ചൂടിലേക്ക്.