Monday, June 1, 2020

ഒരു ചെറിയ ചെന്നൈ യാത്ര.

ഇത് വരെ കാണാത്ത നഗരങ്ങൾ കാണാനുള്ള യാത്ര എന്നെയെത്തിച്ചത് തമിഴ്നാട് തലസ്ഥാനമായ ചെന്നൈയിൽ ആണ്. രാത്രി എട്ടരക്ക് തിരൂരിൽ നിന്നാരംഭിച്ച ട്രെയിൻ യാത്ര നേരം പുലരുമ്പോൾ തമിഴ്നാട് ഗ്രാമങ്ങളിലൂടെ നീങ്ങുകയായിരുന്നു. എട്ട് മണിയോടെ ട്രെയിൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തി ചേർന്നു. അവിടെ കാത്തു നിന്ന മഹ്മൂദിന്റെ കൂടെ റെയിൽവേ സ്റ്റേഷന്റെയും അടുത്തുള്ള കെട്ടിടങ്ങളുടെയും ഭംഗി ആസ്വദിച്ചു ചെന്നൈ മെട്രോയിൽ ഗിണ്ടിയിലേക്കു തിരിച്ചു. ഗിണ്ടി ദേശീയോദ്യാനവും IIT യും കണ്ടു ചെന്നൈയിലെ വലിയ മാളുകളിൽ ഒന്നായ ഫിനിക്‌സ് മാളിലേക്കു പോയി .അവിടം കണ്ടു ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി. 




പിന്നെ റൂമിൽ ചെക്ക് ഇൻ ചെയ്ത് ഫ്രഷായി വീണ്ടും കാഴ്ചകളിലേക്ക്. പിന്നീടുള്ള യാത്ര മഹ്മൂദിന്റെ കൂടെ ബൈക്കിൽ ആയിരുന്നു. ആദ്യം പോയത് സെൻറ് ജോർജ് മൗണ്ട് എന്ന ഒരു കുന്നിൻ മുകളിലേക്കായിരുന്നു. അവിടെ ഒരു ചർച്ചും പ്രതിമകളും മറ്റു കുറച്ചു കാഴ്ചകളും ഉണ്ടായിരുന്നു. എന്നാൽ അവിടത്തെ പ്രധാന ആകർഷണം അവിടെ നിന്നുള്ള പട്ടണത്തിന്റെയും എയർ പോർട്ടിന്റെനയും മെട്രോ പാതയുടെയും മറ്റും കാഴ്ചകൾ ആയിരുന്നു. 


അവിടെ നിന്നും കുന്നിറങ്ങി പിന്നെ ഞങ്ങൾ പോയത് മദ്രാസ് വാർ സെമിത്തേറിയിലേക്കായിരുന്നു. 856 മാർബിൾ ഫലകങ്ങളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ പട്ടാളക്കാരുടെ പേരുകൾ ആലേഖനം ചെയ്ത ഈ സ്ഥലം അതി മനോഹരമായിരുന്നു. അവിടത്തെ പുല്ലു വിരിച്ച മൈതാനവും മാർബിൾ ഫലകങ്ങളും അതിനിടയിലുള്ള പൂക്കളും മരങ്ങളും എല്ലാം നമ്മൾ നിൽക്കുന്നത് മറ്റേതോ രാജ്യത്താണെന്നു തോന്നിപ്പിക്കും. അവിടെ നിന്നും പിന്നെ പോയത് പ്രശസ്ഥമായ മറീന ബീച്ചിലേക്കാണ്. അവിടത്തെ MGR , ജയലളിത, അണ്ണാ മെമ്മോറിയലും കണ്ടു ബീച്ചിലൂടെ കുറെ നടന്നു അവിടത്തെ സ്പെഷ്യൽ വിഭവങ്ങളായ മീൻ പൊരിച്ചതും ബജികളും മറ്റും കഴിച്ചു രാത്രി പതിനൊന്നു മണിയോടെ റൂമിലേക്ക്‌. പിറ്റേന്ന് അതിരാവിലെ ചെന്നൈ എയർപോർട്ടിൽ നിന്നും കോഴിക്കോട്ടേക്ക് സ്‌പൈസ് ജെറ്റ് ബൊംബാഡിയറിന്റെ ചെറിയ വിമാനത്തിൽ കോഴിക്കോട്ടേയ്ക്കു പറന്നു. 80 ൽ താഴെ ആളെ കൊള്ളുന്ന അത്തരമൊരു വിമാനത്തിൽ എന്റെ ആദ്യ യാത്രയായിരുന്നു. വലിയ വിമാനങ്ങളെ അപേക്ഷിച്ചു ശബ്ദവും വിറയലും കുറച്ചു കൂടുതലായി അനുഭവപെട്ടു. എയർപോർട്ടിൽ ബൈക്കുമായി കാത്തു നിന്ന ഉമറലി യുടെ കൂടെ വീട്ടിലേക്കു തിരിച്ചു.


കടലിനു മുകളിലെ അത്ഭുത പള്ളി.

 രണ്ടു മാസം മുമ്പത്തെ ഒരു വെള്ളിയാഴ്ച പ്രശസ്തമായ അൽ റഹ്മാ പള്ളിയിലാണ് ജുമുഅ യിൽ പങ്കെടുത്തത് .കടലിനാൽ ചുറ്റപ്പെട്ടതിനാലും ഉയർന്ന വേലിയേറ്റ സമയത്ത് അത് പൊങ്ങിക്കിടക്കുന്നതായി കാണപ്പെടുന്നതിന്നാലും ഈ പള്ളിയെ ഫ്ലോട്ടിംഗ് മോസ്ക് എന്നും വിളിക്കുന്നു 1986 ൽ സൗദി അറേബ്യയിലെ ജിദ്ദയുടെ കോർണിഷിന്റെ കടൽ വക്കിലാണ് അൽ റഹ്മാ പള്ളി പണിതത്. ഫാത്തിമ അൽ സഹ്‌റ മോസ്ക് എന്ന പേരിലും കൂടി ഇത് അറിയപ്പെടുന്നു. ജിദ്ദയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പള്ളികളിൽ ഒന്നാണിത്, 2,400 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇത് ലോകമെമ്പാടുമുള്ള ഹജ്ജ്, ഉംറ തീർഥാടകരെ ആകർഷിക്കുന്നു.



ആധുനികവും പഴയതുമായ വാസ്തുവിദ്യയുടെയും ഇസ്ലാമിക കലയുടെയും സംയോജനമാണ് പള്ളി. പ്രധാന താഴികക്കുടത്തിനു പുറമേ 52 ബാഹ്യ താഴികക്കുടങ്ങളും ഇതിൽ ഉൾപ്പെടുന്നു - ഏറ്റവും വലുത് - എട്ട് തൂണുകളുണ്ട്. 23 ബാഹ്യ കുടകൾ ഉണ്ട്, ഖുർആനിന്റെ വാക്യങ്ങൾക്കൊപ്പം പുറത്തും അകത്തും കൊത്തിയിരിക്കുന്നു.
ഇസ്ലാമിക ശൈലിയിൽ രൂപകൽപ്പന ചെയ്ത 56 ജാലകങ്ങൾ, സ്ത്രീകൾക്കായി ഉയർന്ന തടിയിലുള്ള പ്രാർത്ഥന സ്ഥലം, വാഷ്‌റൂമുകൾ, സുഖപ്രദമായ ആരാധനാ മുറികൾ എന്നിവയുണ്ട്. ആരാധകരും വിനോദസഞ്ചാരികളും ചെങ്കടലിന്റെ കാഴ്ച ആസ്വദിക്കാൻ പ്രഭാതത്തിലോ സൂര്യാസ്തമയത്തിലോ പള്ളി സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു.


.


മരുഭൂമിയിലെ പച്ചപ്പിലേക്ക്.

ഈ വെള്ളിയാഴ്ച അവിസ്മരണീയമായ ഒരു ദിവസമായിരുന്നു. പ്രവാസത്തിന്റെ ഒറ്റപെടലിനിടയിൽ ഉറ്റവവരുമായുള്ള ഒത്തുചേരൽ  സന്തോഷകമായ അനുഭവങ്ങൾ ആണ് സമ്മാനിക്കാറുള്ളത് . അതൊരു യാത്രയാണെങ്കിൽ ഏറെ മധുരിക്കും. ജിദ്ദയിൽ നിന്നും കുറച്ചകലെ അസ്ഫാനിൽ കസിൻ തുടങ്ങിയ പുതിയ കട കാണാനാണ് ഞങ്ങൾ യാത്ര തിരിച്ചത്. അവിടെയെത്തി കടയൊക്കെ കണ്ട് ജുമുഅഃ യൊക്കെ കഴിഞ്ഞു  ചെറിയൊരു യാത്ര പുറപ്പെട്ടു. അവിടെ നിന്നും ഏകദേശം 40 കിലോമീറ്ററും ജിദ്ദയിൽ നിന്നും 125 കിലോമീറ്റർ അകലെയുള്ള വാദി മാർവാനി ഡാം കാണാനാണ് ഞങ്ങൾ യാത്ര പുറപ്പെട്ടത്. മരുഭൂമിയുടെ വിവിധ മനോഹര ഭാവങ്ങൾ ആസ്വദിച്ച് വളഞ്ഞു പുളഞ്ഞു പോകുന്ന സുന്ദരമായ റോഡിലൂടെ ഞങ്ങളുടെ കാർ മുന്നോട്ടു കുതിച്ചു. പല തവണ ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ടു ഞങ്ങൾ ഡാമിന്റെ അകത്തു തന്നെ എത്തിച്ചേർന്നു. 



വെള്ളം കുറവായിരുന്നുവെങ്കിലും ഒരു വലിയ നിർമിതി തന്നെയാണ് വാദി മാർവാനി ഡാം .അര കിലോമീറ്ററിലധികം നീളവും 100 മീറ്ററിലധികം ഉയരവും ഈ ഡാമിനുണ്ട്. ഈ ഡാം നിർമിക്കാനുള്ള കാരണമാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. സാദാരണയായി കൃഷി ആവശ്യത്തിനും വൈദ്യുതി ഉല്പാദിപ്പിക്കാനുമാണല്ലോ ഡാമുകൾ നിര്മിക്കാറുള്ളത്. എന്നാൽ ഈ ഡാം  നിർമ്മിച്ചത്   വെള്ളപ്പൊക്കം തടയാനാണ്. ഇതിലെ വെള്ളം ശുദ്ധീകരിച്ചു  കുടി വെള്ളമായും ഉപയോഗിക്കുന്നുണ്ട്. ഞങ്ങൾ നിന്നതു ഡാമിനകത്താണെങ്കിലും വെള്ളം അതിനും ഏറെ താഴെയായിരുന്നു. അവിടെ നിന്നും വീണ്ടും യാത്ര ചെയ്തു അൽ ഖുവാർ എന്ന ഗ്രാമത്തിൽ എത്തിച്ചേർന്നു. കല്ലുകൾ കൂട്ടിവെച്ചു നിർമിച്ച പോലത്തെ മലകൾക്ക് ഇടയിലുള്ള  ഒരു കൊച്ചു ഗ്രാമമാണിത്. അവിടെയൊരിടത്തു കാർ നിർത്തി മൺപാതയിലൂടെ ഞങ്ങൾ നടന്നു. പച്ചപ്പ്‌ നിറഞ്ഞ അവിടത്തെ കൃഷി തോട്ടങ്ങൾക്കു പ്രതേക ചാരുത യായിരുന്നു. വാഴയും പ്ലാവും മാവും പപ്പായയും നാരകവും തിങ്ങി നിറഞ്ഞ തോട്ടങ്ങൾ. വെണ്ടയും ചോളവും തളിർത്ത കൃഷിയിടത്തിന്റെ ചാരത്തെ മൺപാതയിലൂടെ കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ നേരത്തെ കണ്ട ഡാമിന്റെ മുൻവശത്തിന്റെ കുറച്ചു ദൂരെ നിന്നുള്ള കാഴ്ച കാണാനായി. ഡാമിൽ നിന്ന് പുറത്തു വിടുന്ന വെള്ളം കെട്ടി നിൽക്കുന്ന തടാകം മനോഹരമായിരുന്നുവെങ്കിലും നീന്തൽ നിരോധിച്ചത് ഞങ്ങളെ സങ്കടപ്പെടുത്തി.


 
തിരിച്ചു നടന്ന ഞങ്ങൾ പിന്നെയെത്തിയത് മലയാളികൾ സന്ദർശിക്കുന്ന ഒരു   ഫാമിനകത്തായിരുന്നു. ആദ്യം ഞങ്ങളെ വരവേറ്റത് കുറെ ആടുകൾ ആയിരുന്നു. ആ കൃഷിയിടത്തിൽ നിരവധി മാവുകളും കുലച്ചു നിൽക്കുന്ന വാഴകളും നാരങ്ങാ മരവും മൈലാഞ്ചിയും നല്ല പച്ചപ്പുമെല്ലാമുണ്ടായിരുന്നു. അവിടത്തെ മരങ്ങളും തണുപ്പും എല്ലാം ഞങ്ങൾക്ക് സമ്മാനിച്ചത് നാട്ടിലെത്തിയ ഒരു അനുഭൂതി ആയിരുന്നു. കുറച്ചു സമയം അവിടെ ചിലവഴിച്ച ഞങ്ങൾ ഇരുട്ടുന്നതിനു മുമ്പ് ജിദ്ദയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു. 

വിസ്മയങ്ങളുടെ മായാ ലോകത്ത്‌.

മാജിക് പ്ലാനറ്റ് ഒരു അത്ഭുത ലോകമാണ്. ലോകത്തു അത്തരത്തിൽ ഒന്ന് മാത്രം. ഗോപിനാഥ് മുതുകാട് എന്നയാളോടുള്ള ഇഷ്ടമായിരുന്നു അവിടെ പോകാനുള്ള ആഗ്രഹത്തിന്റെ ഒരു കാരണം. കുറെ ആയി മാജിക് പ്ലാനറ്റ് അടക്കമുള്ള ഒരു ഒരു തിരുവനതപുരം`യാത്ര ആഗ്രഹിച്ചിട്ട്. സുഹ്രത് സജ്ജാദ് എല്ലാ സൗകര്യങ്ങളും ഒരുക്കാം എന്ന് പറഞ്ഞപ്പോൾ കാര്യങ്ങൾ എളുപ്പമായി. രാവിലെ ഒമ്പതര മുതൽ വൈകിട്ട് അഞ്ചു മണി ഉള്ള കാഴ്ചകൾ മാജിക് പ്ലാനെറ്റിൽ ഉണ്ട്. നമ്മൾ നടന്നു കാണുകയൊന്നും വേണ്ട. നമ്മെ നയിക്കാൻ ഇഷ്ട്ടം പോലെ സ്റ്റാഫുകൾ അവിടെയുണ്ട്. ചിരിക്കാത്ത മനുഷ്യനെ ചിരിപ്പിക്കാൻ ശ്രമിച്ചു പരാജയപെട്ടു നിൽക്കുമ്പോൾ വെൽകം ഡാൻസ് തുടങ്ങി അവിടെ നിന്നും ഇന്റിമേറ്റ് ഡാൻസ് ഹാളിലേക്ക് അമ്പതു പേരെ ഉൾകൊള്ളുന്ന ചെറിയ ഹാളിൽ പല ബാച്ചുകളിലായിരുന്നു ഷോ. 



മകനെ സ്റ്റേജിൽ വിളിച്ചു മൂക്കിൽ നിന്നും പന്തെടുത്ത കൗതുകം ഇപ്പോഴും മാറിയിട്ടില്ല. അവിടെ നിന്നും കണ്ണാടി മാജിക്കും ബലൂൺ മാജിക്കും പേപ്പർ മാജിക്കും കണ്ടു ടെംപെസ്റ് തിയേറ്ററിലേക്ക്. ഷാക്സ്പെയർ നാടകത്തെ നാടകത്തെ മാജിക്കും നൃത്തവും ശബ്ദവും വെളിച്ചവും എല്ലാം ഉൾപ്പെടുത്തിയ ഒരു അത്ഭുത ഷോ. അവിടെ നിന്നും സർക്കസ് കാസിലിലേക്കു .. ഒരു മണിക്കൂർ കണ്ണഞ്ചിപ്പിക്കുന്ന സർക്കസ് പ്രകടനങ്ങൾ. എത്യോപ്യൻ കലാകാരൻ അവതരിപ്പിച്ച ബാലൻസ് പ്രകടനം ഏറെ അത്ഭുതപ്പെടുത്തി. പിന്നെ പോയത് കോമഡി മാജിക് കാണാൻ. അര മണിക്കൂർ നീണ്ട ഈ പ്രകടനം ഏറെ ചിരിപ്പിച്ചു. അപ്പോയേക്കും ഒന്നര മണിയായിരുന്നു. ഉച്ച ഭക്ഷണത്തിനു അരമണിക്കൂർ സമയം. അവിടത്തെ ഹോട്ടലിൽ വിഭവ സമ്രദമായ ഉച്ച ഭക്ഷണം . പിന്നെ പോയത് മെന്റലിസ്റ് ഷോ കാണാൻ. കാണികളുടെ മനസ്സ് വായിക്കുന്ന ആ പ്രകടനം ഏറെ അത്ഭുത പെടുത്തി. മാനസിക വളർച്ച എത്താത്ത കുട്ടികളുടെ പ്രതേക മാജിക് ഷോ ആയ എം പവർ ഷോ ആയിരുന്നു പിന്നീട്. മുതുകാട് സർ പരിശീലിപ്പിച്ച ഈ കുട്ടികൾ ഏറെ കയ്യടി ഏറ്റു വാങ്ങി. ഒരു മണിക്കൂർ നീണ്ടു നിന്ന ഇല്യൂഷൻ ഷോ പിന്നീട് നടന്നത് അവിടത്തെ ഏറ്റവും വലിയ ഓഡിറ്റോറിയത്തിൽ ആയിരുന്നു.  മുതുകാടിന്റെ മാജിക് ഷോ യുടെ ഒരു തനിയാവർത്തനമായിരുന്നു അത്. തികച്ചു മാസ്മരികമായ ആ പ്രകടനം ശരിക്കും ആസ്വദിച്ചു.
പുറത്തെ ഇന്ത്യ ഗേറ്റിന്റെ ആകൃതിയിൽ ഉള്ള ഭാഗത്തു ഇന്ത്യയുടെ നാനാത്വം വ്യക്തമാക്കുന്ന ന്രത്തവും മാജിക്കും കൂടിയ ഒരു ഷോ നടന്നു. ഇന്ത്യൻ റോപ് മാജിക്കോട് കൂടി ഷോകൾ പൂർണമായി. പിന്നീട് എല്ലാവരും അണിനിരന്ന ഒരു ഘോഷ യാത്രയിരുന്നു. ക്രത്യം അഞ്ചു മണിക്ക് എല്ലാം അവസാനിച്ചു ഞങ്ങൾ അവിടെ നിന്നും മടങ്ങി.

ജിദ്ദയിലെ പൈത്രക ഭൂമിയിലേക്ക്‌.

യുനെസ്കോയുടെ ലോക പൈത്രക പട്ടികയിൽ ഇടം പിടിച്ച ജിദ്ദയിലെ പുരാതന നഗര ഭാഗം കാണാൻ പോയപ്പോൾ ലഭിച്ചത് പ്രതീക്ഷ തിനേക്കാൾ വലിയ അനുഭവങ്ങൾ ആയിരുന്നു. അവിടെ ഒരു അന്താരാഷ്ട പെയിന്റിംഗ് പ്രദശനത്തിന്റെ ഭാഗമായ ഒരുക്കങ്ങൾ നടക്കുകയായിരുന്നു . ജൗഹറ ജെജീ എന്ന ഡച്ചു കലാകാരി ചിത്രം വരക്കുന്നത് നേരിൽ കാണാനും അവരുമായി കുറെ കാര്യങ്ങൾ ചർച്ച ചെയ്യാനും ഞങ്ങൾക്ക് സാധിച്ചു. 



നമ്മൾ ഒരിക്കലും കാണാത്ത ആധുനിക ചിത്രങ്ങൾക്ക് പിന്നിലെ അർത്ഥങ്ങൾ അവർ വിവരിച്ചു തന്നതു ഞങ്ങളെ അതിശയിപ്പിച്ചു. പിന്നെ ഞങ്ങൾ കണ്ടത് ഇമേജസ് ഓഫ് സയൻസ് എന്ന മറ്റൊരു ചിത്ര പ്രദർശനത്തിന്റെ ഒരുക്കങ്ങൾ ആണ്. ശാസ്ത്രത്തിലെ കണികകളുടെ സൂക്ഷമ രൂപങ്ങളുടെ മനോഹരമായ ചിത്രങ്ങളെ പറ്റി അവിടെയുണ്ടായിരുന്ന ജർമൻകാരി വിവരിക്കുകയും അടുത്ത ദിവസത്തെ ഉൽഘാടനത്തിനു ഞങ്ങളെ ക്ഷണിക്കുകയും ചെയ്തു. കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും കാണാൻ നല്ല ഭംഗിയായിരുന്നു ആ ചിത്രങ്ങൾക്ക്. അവിടെ നിന്നും പഴയ കെട്ടിടങ്ങളുടെ ഭംഗി ആസ്വദിച്ച് നടന്നു. കുറെ ചിത്രങ്ങൾ പ്രദർശനത്തിനും വില്പനക്കും വെച്ച മറ്റൊരു സ്ഥലത്തു കണ്ടത് മുമ്പ് കണ്ടതിൽ നിന്നും വ്യത്യസ്തമായി ലളിതവും മനോഹരമായ നൂറുക്കണക്കിന് പെയിന്റിങ്ങുകൾ ആയിരുന്നു. ഇരുനൂറു വർഷത്തിലേറെ പഴക്കമുള്ള ഒരു വീട്ടിലായിരുന്നു ഇവ ഒരുക്കിയിരുന്നത്. അവിടത്തെ ജോലിക്കാരൻ ആയ സോമാലിയൻ കലാകാരൻ അവിടത്തെ ചിത്രങ്ങളെ പറ്റിയും വീടിനെ പറ്റിയും വിവരിച്ചു തരികയും അവൻ വരച്ച ചിത്രങ്ങൾ കാണിച്ചു തരികയും ചെയ്തു. നൂറിലേറെ വർഷം പഴക്കമുള്ള ഒരു പഴയ അറബി വീട് കാണാൻ സാധിച്ചു. അതിനകത് അന്നു പയോഗിച്ച ഉപകരണങ്ങളും പാത്രങ്ങളും ആയുധങ്ങളും പുസ്‌തകങ്ങളും വീട്ടുക്കാരുടെ പഴയ ഫോട്ടോയും എല്ലാം കണ്ടു പുറത്തിറങ്ങി. 




പഴയ കെട്ടിടങ്ങളുടെ ഭംഗി ആസ്വദിച്ചങ്ങനെ നടക്കുമ്പോഴാണ് മനോഹരമായ ഒരു കുതിര വണ്ടി ശിൽപം കണ്ടത്. അതിന്റെ മുമ്പിൽ നിന്നും കുറച്ചു ഫോട്ടോകൾ എടുത്തു . പുരാതന നഗരത്തിന്റെ ഒരതിരിൽ ഉള്ള വലിയ കല്ലുകൾ കൊണ്ട് പണിത കവാട രൂപം ഉണ്ട്. ബാബ് മക്കയിലെ ബാബിനു സമാനമായിരുന്നു അത്. അവിടെ നിന്നും കുറച്ചു ഫോട്ടോകൾ കൂടി എടുത്തു അവിടെയുള്ള മറ്റു കുറെ കാഴ്ചകൾ ബാക്കിയാക്കി പഴയ കാലത്തു ഇന്നിലേക്കു തിരിച്ചു പോന്നു .