Monday, January 4, 2021

തായിഫിന്റെ തണുപ്പിലേക്ക്

 2020 ൽ  കൊറോണ എന്ന പകർച്ച വ്യാധി മൂലം യാത്രകൾ വളരെ കുറവായിരുന്നു. വർഷം അവസാനിക്കാറായപ്പോൾ ഒരു ചെറിയ യാത്ര പോയാലോ എന്ന ചർച്ച വന്നപ്പോൾ ഞങ്ങൾക്ക് മുമ്പിൽ ഉയർന്ന വന്ന ഉത്തരം തായിഫ് എന്നായിരുന്നു. പല തവണ തായിഫിൽ പോയിട്ടുണ്ടെങ്കിലും അവിടെ തന്നെ വീണ്ടും തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പലതാണ്. ഒരു ദിവസം കൊണ്ട് പോയി വരാവുന്നതും  മനോഹരമായ കാഴ്ചകൾ ഉള്ളതും  നല്ല കാലാവസ്ഥ എന്നതിന് പുറമെ പരിചയത്തിലുള്ള ഒരാൾ അവിടെ ഒരു ഫാം ഹൗസിൽ ജോലി ചെയ്യുന്നതും അതിനൊരു കാരണമായി. രാവിലെ എട്ടു മണിക്ക് ഡ്യൂട്ടി കഴിഞ്ഞു ഏറെ വൈകാതെ കാറിൽ ഞങ്ങൾ നാലു പേർ  തായിഫ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. ജിദ്ദ മക്ക റോഡിൽ കൂടി യാത്ര ചെയ്ത് മക്ക എത്തുന്നതിനു മുമ്പായി റിങ് റോഡിലേക്ക് തിരിഞ്ഞു പിന്നീട് അവിടെ നിന്നാണ് തായിഫ് റോഡിലേക്ക് കയറിയത്. മക്ക യുടെ സമീപ പ്രദേശത്തു കൂടി കടന്നു പോയപ്പോൾ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന ഘടികാര ഗോപുരം ദൂരെ നിന്ന് ഞങ്ങൾ കണ്ടിരുന്നു. 

മക്കയിൽ നിന്ന് തായിഫ് റോഡിലൂടെ കുറെ മുന്നോട്ടു പോയപ്പോൾ കല്ലുകൾ അടുക്കി വെച്ച പോലത്തെ ചെറിയ കുന്നുകൾ ഉയർന്നു നിൽക്കുന്ന മലകളും കാണാമായിരുന്നു. പല അടുക്കുകളായുള്ള ആ മലകൾക്ക് പ്രതേക ഭംഗി ആയിരുന്നു. പിന്നെയും കുറെ യാത്ര ചെയ്തപ്പോൾ ചുരം പാത ആരംഭിച്ചു. ചുരം പാത ശരിക്കും ഒരു എഞ്ചിനീറിയെറിങ് വിസ്മയം ആണെന്ന് പറയാം. ദുർഘടമായ ആ മലയിലൂടെ യ്യുള്ള ആ നാലു വരി ചുരം പാതയുടെ പല ഭാഗത്തും പല നിറത്തിലും പലതരം പാറകളും ഉള്ള മലയുടെ ഭാഗങ്ങൾ ആയിരുന്നു. അതിലൂടെയുള്ള  കോട മഞ്ഞിന്റെ യും ക്യാമ്പിലെ കാറിന്റെയും കാഴ്ചകൾ ആ ചുരം കയറ്റം കൂടുതൽ ആസ്വാദമാക്കി. ചുരത്തിറങ്ങി താഴത്തെ കാഴ്ചകൾ കാണാൻ ആഗ്രഹിച്ചെങ്കിലും അതിനുള്ള അവസരം കിട്ടിയില്ല. ചുരം കയറി മുകളിൽ ഹദ യിൽ എത്തിയപ്പോൾ നല്ല തണുപ്പായിരുന്നു. അവിടെ വണ്ടി നിർത്തി നല്ലൊരു സ്ഥലത്തിരുന്ന് ഞങ്ങൾ കൊണ്ട് വന്ന ചായയും സ്‌നാക്‌സും കഴിച്ചപ്പോൾ ശരിക്കും തണുത്തു വിറക്കുന്നുണ്ടായിരുന്നു. അവിടെ തൊട്ടടുത്തുള്ള ഒരു കൃഷിത്തോട്ടത്തിലേക്ക് ഞങ്ങൾ നടന്നു. ജിദ്ദയിൽ നിന്ന് വന്ന ഒരു മോട്ടോർ ബൈക് സംഘത്തെ അവിടെ വെച്ച് ഞങ്ങൾ പരിചയപെട്ടു. പിന്നെ ഞങ്ങൾ ആ ഫാമിലേക്ക് കടന്നു. ആപ്രിക്കോട്ട് മരങ്ങളും റോസാ ചെടികളും ക്വാളീ ഫ്ലവറും മറ്റു ചില ഇലകളും അവിടെ കൃഷി ചെയ്യുന്നുണ്ടായിരുന്നു. നല്ല തണുപ്പും പച്ചപ്പും ഞങ്ങൾ ശരിക്കും ആസ്വദിച്ചു. കുറെ ഫോട്ടോകൾ എടുത്ത് അവിടെ നിന്നും  തായിഫിലേക്കുള്ള യാത്ര തുടർന്നു. 



ഒടുവിൽ ഞങ്ങളുടെ ലക്ഷ്യ സ്ഥാനമായ തായിഫ് പട്ടണത്തിനടുത്തുള്ള ഫാം ഹൗസിനു മുമ്പിൽ ഞങ്ങൾ എത്തി ചേർന്നു. റോഡിനു ഇരു വശങ്ങളിലുമായി നിറയെ മരങ്ങളുള്ള നല്ല ഒരു പ്രദേശത്തായിരുന്നു ഈ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. അവിടെ കയറി ഒന്ന് വിശ്രമിച്ചു ഞങ്ങൾ ജുമുഅഃ നിസ്കരിക്കാനായി രണ്ടു കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ അബ്ദുല്ല ബിൻ അബ്ബാസ് മോസ്കിലേക്കു  പോയി. മനോഹരമായ പള്ളിയുടെ മുറ്റത്തു തണുപ്പിൽ വെയിൽ കൊണ്ടു ജുമുഅഃയിൽ പങ്കെടുത്തത് നല്ല അനുഭവമായിരുന്നു. അവിടെ നിന്നും ഫാം ഹൗസിലേക്ക് തിരിച്ചു വന്ന് ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ വിഭവ സമൃദമായ ഭക്ഷണം ആസ്വദിച്ച് കഴിച്ചു. അവിടത്തെ കൃഷി തോട്ടത്തിലെ കാഴ്ചകൾ കാണാനിറങ്ങി.







 പല വർണങ്ങളിൽ ഉള്ള റോസും മറ്റു പൂക്കളും അവിടത്തെ നല്ല ഒരു കാഴ്ച യായിരുന്നു. ഓറഞ്ച് , ചെറുനാരങ്ങാ, മാതളം,  അത്തി ,മൾബറി എന്നിവ അവിടെ കായ്ച്ചു നിൽക്കുന്നുണ്ടായിരുന്നു. കൂടാതെ മാവും മുന്തിരി വള്ളിയും മറ്റു പല മരങ്ങളും തക്കാളി വെണ്ടയ്ക്ക പച്ചമുളക് തുടങ്ങിയ പച്ചക്കറികളും ഞങ്ങൾ അവിടെ കണ്ടു. ആട്, കോഴി, പ്രാവ് , താറാവ് തുടങ്ങിയവയും അവിടെ വളർത്തുന്നുണ്ടായിരുന്നു. അവിടെ നിന്നും പിന്നെ പോയത് ഷഫാ മലകളിലേക്കാണ്. തായിഫ് പട്ടണത്തിൽ കുറച്ചു ഉയർന്ന പ്രദേശത്തേക്ക് യാത്ര ചെയ്ത് ദക്ക മലമുകളിൽ ഞങ്ങൾ എത്തിച്ചേർന്നു. തായിഫ് നിന്നും 20 കിലോമീറ്റർ ദൂരമുള്ള ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്നും 9000 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. തണുത്ത കാറ്റും തായ്‌വാരത്തെ കാഴ്ചകളും കോട മഞ്ഞും എല്ലാം കൂടി നല്ല അനുഭവം ആയിരുന്നു വെങ്കിലും തണുപ്പിന്റെ ശക്തി മൂലം കൈകൾ മരവിച്ചു തുടങ്ങിയപ്പോൾ അവിടെ നിന്നും മടങ്ങി. മലയിറങ്ങി ഷഫ യിൽ എത്തിയ ഞങ്ങൾ ഒട്ടക പുറത്തും ബഗ്ഗിയിലും യാത്ര ചെയ്ത് ശരിക്കും ആസ്വദിച്ചു . ഞാൻ ജീവിതത്തിൽ ആദ്യമായാണ് ഈരണ്ടു യാത്രയും ചെയ്യുന്നത്. അപ്പോയേക്കും ഇരുട്ട് പരന്നിരുന്നു. പിന്നീട് ഞങ്ങൾ തായിഫ് പട്ടണത്തിനടുത്തുള്ള റുദഫ് പാർക്കിലേക്കാണ് പോയത് . അവിടത്തെ ഏറ്റവും വലിയ പാർക്കായിരുന്നു അത്. ആദ്യം കണ്ട കവാടത്തിലൂടെ അകത്തു കയറാൻ ശ്രമിച്ചെങ്കിലും ഫാമിലി യില്ലാത്തതിനാൽ ഞങ്ങളെ തടഞ്ഞു. എന്നാൽ പാർക്കിന്റെ മുഖ്യ കവാടത്തിലൂടെ ഞങ്ങൾ അകത്തു കയറി. ഏറെ വൈകാതെ അവിടത്തെ തടാകത്തിൽ സംഗീത ജലധാര ആരംഭിച്ചു. 15 മിനിറ്റ് നീണ്ടു നിന്ന വെള്ളവും വെളിച്ചവും സംഗീതവും ഒത്തു ചേർന്ന പ്രകടനം ഞങ്ങൾക്ക് കിട്ടിയ ഒരു അപ്രതീ ക്ഷിത വിരുന്നായിരുന്നു. ആദ്യത്തെ കവാടത്തിൽ നിന്നും ഞങ്ങളെ തിരിച്ചു വിട്ടില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ കാഴ്ച നഷ്ടപെടുമായിരുന്നു. പാർക്കിൽ കുറച്ചു സമയം കൂടി കാഴ്ചകൾ കണ്ട് വീണ്ടും ഫാം ഹൗസിലെത്തി ഞങ്ങളുടെ കൂടെ വന്ന സുഹൃത്തിനെ അവിടെ വിട്ട് ജിദ്ദയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു. ചുരത്തിലെത്തിയപ്പോൾ വണ്ടി നിർത്തി താഴേക്കുള്ള രാത്രി കാഴ്ച കണ്ടു . വളഞ്ഞു പുളഞ്ഞു പോകുന്ന ചുരം പാതയും അതിലൂടെ പോകുന്ന വാഹന ങ്ങളും മറ്റും മറ്റൊരു മനോഹര ദൃശ്യ വിസ്മയമായിരുന്നു. ചുരമിറങ്ങി മക്ക വഴി ജിദ്ദയിൽ തിരിച്ചെത്തിയപ്പോയേക്കും രാത്രി പതിനൊന്നു മണിയായിരുന്നു. പ്രതീക്ഷിച്ച അവധി കിട്ടാത്തതിനാൽ രാത്രി പന്ത്രണ്ട് മണിക്ക് ഡ്യൂട്ടിക്ക് ഇറങ്ങേണ്ടി വന്നെങ്കിലും യാത്രയിൽ കിട്ടിയ ഉന്മേഷം എല്ലാ ക്ഷീണവും അകറ്റി.





തണുപ്പും പൃകൃതി ഭംഗിയും ഒരുമിക്കുന്ന തായിഫിലേക്കു നടത്തിയ ഒരു മനോഹര യാത്ര. ജിദ്ദയിൽ നിന്നും പുറപ്പെട്ടു പുണ്യ ഭൂമിയായ മക്കയുടെ ഓരത്തു കൂടി കോട മൂടുന്ന വളഞ്ഞു പുളഞ്ഞ ചുരം കയറി  ഞങ്ങൾ ഹദയിൽ . അവിടത്തെ മനോഹരമായ കുളിരിൽ റോഡരികിൽ ചായയും സ്‌നാക്‌സും കഴിച്ചപ്പോൾ അവയുടെ സ്വാദ് ഒത്തിരി കൂടിയ പോലെ. 
അവിടത്തെ തോട്ടത്തിലെ പച്ചക്കറികളുടെയും മരങ്ങളുടെയും ഹരിതാഭ കണ്ട് ആസ്വദിച്ചു നിൽക്കുമ്പോൾ കോട വന്ന്   മൂടിയത് കോരിത്തരിപ്പിച്ചു.

പിന്നെ പോയത് തായിഫിലെ ലക്ഷ്യ സ്ഥാനമായ ഫാം ഹൗസിലേക്ക്. ഓറഞ്ചും മാതളവും പപ്പായയും മാവും അത്തിയും മുന്തിരി വള്ളിയും മൾബെറിയും അടക്കം പലതരം മരങ്ങളും പൂക്കളും അടങ്ങിയ അവിടെ വിശ്രമിച്ചു ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ സ്വാദിഷ്ടമായ ഭക്ഷണവും കഴിച്ചു പിന്നെ  തായിഫിലെ ഏറ്റവും ഉയരത്തിലുള്ള ദക്ക മലമുകളിലേക്ക് . തണുത്ത കാറ്റും തായ്‌വാരത്തെ കാഴ്ചകളും കോട മഞ്ഞും എല്ലാം കൂടി നൽകിയ ഒരു നല്ല  അനുഭവം  . മലയിറങ്ങി ഷഫയിൽ എത്തി ഒട്ടക പുറത്തും കാർട്ട് വണ്ടിയിലും  യാത്ര ചെയ്തത് മറക്കാനാവാത്ത ഓർമകൾ . തായിഫിലെ ഏറ്റവും വലിയ  റുദഫ് പാർക്കിലെ  15 മിനിറ്റ് നീണ്ടു നിന്ന വെള്ളവും വെളിച്ചവും സംഗീതവും ഒത്തു ചേർന്ന സംഗീത ജല ധാര  ഞങ്ങൾക്ക് കിട്ടിയ  അപ്രതീ ക്ഷിത വിരുന്നായി. രാത്രി ഒമ്പതു മണിയോടെ തണുപ്പിനോടും തായിഫിനോടും വിട പറഞ്ഞു ജിദ്ദയുടെയും ജോലിയുടെയും ചൂടിലേക്ക്.