Friday, December 1, 2023

കൊടൈകനാലിലേക്ക് നടത്തിയ കുടുംബ ഉല്ലാസ യാത്ര.

 കൊടൈകനാലിലേക്ക് നടത്തിയ കുടുംബ ഉല്ലാസ യാത്ര ഏറെ രസകരമായിരുന്നു. കുടുംബ യാത്രകൾ ഇടക്കിടക്ക് നടത്താറുണ്ടെങ്കിലും പ്രവാസിയായ എനിക്ക് ചിലതിലൊന്നും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല . പിഞ്ചു കുട്ടികൾ അടക്കം നാല്പതോളം പേർ പങ്കെടുത്ത യാത്ര രാത്രി 10 മണിക്ക് യാത്ര ആരംഭിച്ചു. ബസ് മണ്ണാർക്കാടും പാലക്കാടും പിന്നിട്ട് തമിഴ് നാട്ടിൽ പ്രവേശിച്ചത് ഉറക്കത്തിലായിരുന്ന പലരും അറിഞ്ഞത് പോലുമില്ല. ഇടക്ക് പുറത്തു നോക്കുമ്പോൾ അരണ്ട വെളിച്ചത്തിൽ കാറ്റാടി പങ്കകൾ കറങ്ങുന്നത് കണ്ടിരുന്നു. നാലു മണിയോടെ ബസ് തീർത്ഥാടന സ്ഥലമായ പളനിയിൽ എത്തി. പളനി മലയും അതിനു മുകളിൽ  പ്രകാശത്തിൽ മുങ്ങി നിൽക്കുന്ന അമ്പലവും ഏറെ ദുരെ നിന്ന് തന്നെ കാണാം. പളനിയുടെ ഏതോ ഭാഗത്തു  വണ്ടി നിർത്തി പ്രാഥമിക കാര്യങ്ങൾ ഒക്കെ നിർവഹിച്ചു ഞങ്ങൾ യാത്ര തുടർന്നു. കുറച്ചു കിലോമീറ്ററുകൾ ഓടി ഞങ്ങൾ ചുരം പാതയിൽ എത്തി. അപ്പോയെക്കും നേരം വെളുത്തു തുടങ്ങിയിരുന്നു. 


മനോഹരമായ മാപ്പിളപ്പാട്ടും കേട്ട് ചെറിയ വേഗതയിൽ ചുരത്തിലൂടെയുള്ള യാത്രയും പുറത്തെ കാഴ്ചകളും നല്ലൊരു അനുഭവമായിരുന്നു. ചുരം യാത്ര പകൽ വെളിച്ചത്തിൽ വേണമെന്ന യാത്ര ക്യാപ്റ്റൻ സിദ്ദിഖിന്റെ തീരുമാനം ശരി വെക്കുന്നതായിരുന്നു ആ അനുഭവം . താഴെ കണ്ടിരുന്ന തടാകം ചുരം കയറുന്നതിനനുസരിച്ചു അകന്നകന്നു വന്നു ഒടുവിൽ കാണാതെയായി. കുറെ കയറിയപ്പോൾ അപ്പുറതുള്ള മലകളിൽ മനോഹരമായ വെള്ള ചാട്ടങ്ങൾ കാണാൻ പറ്റി .  ഇടക്കിടക്ക് ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും യാത്ര യിൽ ഒരിക്കൽ പോലും അത് ഞങ്ങളെ ശല്യപെടുത്തിയിരുന്നില്ല. മനോഹരമായ ഒരു മഴവില്ല് മലകൾക്കു മുമ്പിൽ കണ്ടത് മറക്കാനാവാത്ത അനുഭവം ആയിരിന്നു. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും മനോഹരവും വലുതും ആയ ഒരു മഴവില്ല് കാണുന്നത്. കുറെ ഓടി ഞങ്ങൾ സിൽവർ കാസ്‌കഡ് എന്ന മനോഹര വെള്ളച്ചാട്ടത്തിനടുത്തി.  



കൊടൈക്കനാൽ എത്തുന്നതിനു മുമ്പുള്ള ഒരു മനോഹര വെള്ളച്ചാട്ടമാണിത്. 180 അടി ഉയരം വരുന്ന ഇവിടെ നല്ല വെള്ളം ഉണ്ടായിരുന്നു. എല്ലാവരും വെള്ളച്ചാട്ടം കണ്ട്  ആസ്വദിച്ച് കുറെ ഫോട്ടോകൾ എടുത്തു. അവിടെ റോഡരികിൽ നല്ലൊരു സ്ഥലം കിട്ടിയപ്പോൾ പ്രഭാത ഭക്ഷണവും അവിടെ നിന്നും കഴിച്ചു. അവിടെ നിന്ന് പിന്നെയും കുറെ യാത്ര ചെയ്തു  ആദ്യം ഞങ്ങൾ പോയത് റോസ് ഗാർഡനിലേക്കാണ്, 12 ഏക്കറോളം വിസ്തൃതി ഉള്ള ഇവിടത്തെ പ്രധാന കാഴ്ച പല തരത്തിലുള്ള റോസാ പൂക്കൾ ആണ്. പല തട്ടുകളിലായി വ്യാപിച്ചു കിടക്കുന്ന റോസ് ഗാർഡനിൽ ഞങ്ങൾ കുറെ സമയം ചെലവഴിച്ചു. പിന്നീട് പോയത് മൊയാർ  പോയിന്റ് ലേക്കാണ്. അവിടെ എത്തിയപ്പോൾ ഞങ്ങളെ വരവേറ്റത് നല്ല കോടമഞ്ഞായിരുന്നു. നട്ടുച്ചക്ക് പരസ്പരം കാണാൻ പോലും പറ്റാത്ത രീതിയിലുള്ള കോട മഞ്ഞും തണുപ്പും ശരിക്കും  ആസ്വദിച്ചു .ഗുണ കേവ് . പൈൻ ഫോറെസ്റ് അടക്കമുള്ള കൊടൈക്കനാലിലെ പ്രധാന കാഴ്ചകൾ കണ്ട് ഒരു ഷോപ്പിങ് ഏരിയ യിൽ ബസ് നിർത്തി , ചോക്ലേറ്റ് , സോവനീർ തുടങ്ങിയ പലതും പലരും വാങ്ങി. ആ യാത്രയുടെ ഓർമക്കായി കൊടൈക്കനാൽ എന്നെഴുതിയ ഒരു ഫ്രിഡ്ജ് മാഗ്‌നറ്റും പല തരം ചോക്ലേറ്റുകൾ അടങ്ങിയ ഒരു ബോക്സും ഞാൻ വാങ്ങി. യാത്ര യിലൂടനീളം പലരും കൊണ്ട് വന്ന പല ഹാരങ്ങളും പഴങ്ങളും വിതരണം ചെയ്തു കൊണ്ടേ ഇരുന്നു. ഒടുവിൽ കൊടൈക്കനാലിലെ തടാക കരയിൽ എത്തി.


 അവിടത്തെ പ്രധാന ആകർഷണമായ സൈക്കിൾ , കുതിര യാത്രകൾ പലരും ആസ്വദിച്ചു . ഒറ്റനോട്ടത്തിൽ ചെറിയ തടാകമെന്നു തോന്നുമെങ്കിലും സൈക്കിളിൽ അതൊന്നു ചുറ്റി വരാൻ നാല് കിലോമീറ്റർ സഞ്ചരിക്കണം . അവിടെ കുറെ സമയം ചിലവഴിച്ച ഞങ്ങൾ മടക്ക യാത്ര ആരംഭിച്ചു. മടക്ക യാത്രയിൽ കുട്ടികൾ മുതൽ വലിയവർ വരെ പാട്ടും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. എല്ലാവർക്കും  സമ്മാനങ്ങളും വിതരണം ചെയ്തു. അപ്പോയെക്കും ചുരമിറങ്ങി പളനിയിൽ ഞങ്ങൾ എത്തിയിരുന്നു. അവിടത്തെ ഹോട്ടലിൽ നിന്നും അത്താഴം കഴിച്ചു നാട്ടിലേക്കു പുറപ്പെട്ട  ഞങ്ങൾ  മൂന്ന് മണിയോടെ നാട്ടിൽ തിരിച്ചെത്തി.

No comments:

Post a Comment