സൗദി യിലെ അബഹ , ജിസാൻ, ഫർസാൻ ദ്വീപ് എന്നിടങ്ങളിലൂടെ ആയിരത്തി അറുനൂറിലധികം കിലോമീറ്റർ ദൂരം കരയിലൂടെയും പിന്നെ കടലിലൂടെയും ദ്വീപിനകത്തും നടത്തിയ മൂന്ന് ദിവസം നീണ്ട് നിന്ന യാത്ര അനുഭവം.
അവിചാരിതമായി സൗദിയിൽ കുറച്ചു ദിവസം അവധി കിട്ടിയപ്പോഴാണ് കൂടെയുള്ള ഡോക്ടർ ഇജാസ് വിളിച്ചു ഒരു യാത്ര നടത്തിയാലോ എന്ന് ചോദിച്ചത്. സൗദിയിൽ ജിസാനിൽ നിന്ന് കടലിൽ അമ്പത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഫർസാൻ ദ്വീപിലേക്കോ അല്ലെങ്കിൽ അബഹ യിലേക്കോ പോയാലോ എന്നായിരുന്നു ആലോചന. നെറ്റിൽ ചെക്ക് ചെയ്തപ്പോൾ ഇവ രണ്ടും ഏകദേശം ഒരേ റൂട്ടിൽ ആയതിനാലും സമയം ഉള്ളതിനാലും രണ്ടിടത്തേക്കും പോകാം എന്ന് തീരുമാനിച്ചു. പെട്ടെന്ന് ഞങ്ങൾ ഒത്തു കൂടി റാഫി, അൻസാരി എന്നിവരെയും കൂടെ കൂട്ടി യാത്രപദ്ധതികൾ തയ്യാറാക്കി അടുത്ത ദിവസം രാവിലെ തന്നെ യാത്ര പോകാൻ തീരുമാനിച്ചു. അടുത്ത ദിവസം രാവിലെ ആറു മണിക്ക് ഞങ്ങൾ ഡോക്ടർ ഇജാസിന്റെ കാറിൽ യാത്ര ആരംഭിച്ചു. സൂര്യൻ കിഴക്കുദിക്കുമ്പോൾ ജിദ്ദ പട്ടണം പിന്നിട്ട് അതി വിശാലമായ ജിദ്ദ ജിസാൻ റോഡിലൂടെ ഞങ്ങൾ അതി വേഗം മുന്നോട്ട് കുതിക്കുകയായിരുന്നു. റോഡിനിരു വശവും തണ്ണിമത്തൻ കൃഷി യാണ് കുറെ ദൂരം ഞങ്ങൾ കണ്ടത്. അവിടെ നിന്നുള്ള തണ്ണിമത്തൻ വിൽക്കുന്ന കുറെ സ്റ്റാളുകൾ ഇടക്കിടക്ക് കണ്ടിരുന്നു. റോഡരികിൽ വണ്ടി നിർത്തി അത്തരമൊരു സ്റ്റാൾ ഞങ്ങളും സന്ദർശിച്ചു. പല വലിപ്പത്തിലുള്ള തണ്ണി മത്തനുകൾ നിരത്തി വെച്ച അവിടത്തെ ജോലിക്കാരനായ സുഡാനി ഞങ്ങൾക്ക് അഞ്ചു റിയാൽ മുതൽ മുപ്പത് റിയാൽ വരെയുള്ളവ ചൂണ്ടി കാണിച്ചു തന്നു. ഞങ്ങൾ അതിൽ നിന്നൊരെണ്ണം വാങ്ങി അവിടത്തെ ഭംഗി ആസ്വദിച്ചു കുറച്ചു ഫോട്ടോയൊക്കെ എടുത്ത് യാത്ര തുടർന്നു. ഏഴര മണിയോടെ ഞങ്ങൾ ഒരു പെട്രോൾ പമ്പിൽ വണ്ടി നിർത്തി എണ്ണയടിക്കുകയും ടയറിൽ കാറ്റടിക്കുകയും മറ്റു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റി കുറച്ചു സമയത്തിന് ശേഷം ഞങ്ങൾ യാത്ര തുടർന്നു. മരുഭൂമിയിൽ മഴ സമ്മാനിച്ച പച്ചപ്പ് ഞങ്ങളെ ഏറെ അത്ഭുതപ്പെടുത്തി. വിശാലമായ പച്ചപ്പും അതിൽ മേഞ്ഞു നടക്കുന്ന ഒട്ടകങ്ങളും ഇടക്കിടെയുള്ള ബദുക്കളുടെ താൽകാലിക താമസയിടങ്ങളും ഞങ്ങൾക്ക് നൽകിയത് അവിസ്മരണീയമായ കാഴ്‌ചകൾ ആയിരുന്നു. കുറെ ഓടി അൽ ലൈത് പിന്നിട്ട് വസ്‌ക എന്ന സ്‌ഥലത്തു പ്രാതൽ കഴിക്കാൻ നിർത്തിയപ്പോൾ സമയം ഒമ്പത് മണി ആയിരുന്നു. മലയാളികൾ ജോലി ചെയ്യുന്ന ഒരു ബൂഫിയ യിൽ നിന്നും സാൻഡ്‌വിച്ചും ചായയും ഓഡർ ചെയ്‌ത് കാത്തിരുന്നു. അവിടെ നല്ല തിരക്ക് ആയതിനാൽ കുറച്ചു കാത്തിരുന്ന് അത് കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു . അവിടെ നിന്നും നൂറിലേറെ കിലോമീറ്റർ സഞ്ചരിച്ച ഞങ്ങൾ പതിനൊന്ന് മണിയോടെ ഖുൻഫുദ പട്ടണം പിന്നിട്ടു. പ്രതീക്ഷിച്ചതിലും വേഗത്തിൽ ജിസാൻ എത്തും എന്ന് മനസിലായപ്പോൾ ഞങ്ങൾ യാത്ര പദ്ധതിയിൽ ചെറിയൊരു മാറ്റം വരുത്തി. നേരെ ജിസാനിൽ പോകാതെ ഇന്ന് തന്നെ അബഹ പോയി രാത്രി ജിസാനിൽ എത്താനായിരുന്നു ഞങ്ങളുടെ പുതിയ പദ്ധതി. പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ ഞങ്ങൾ തയ്യാറാക്കി കൊണ്ട് വന്ന ഉച്ച ഭക്ഷണം കഴിക്കാൻ നല്ലൊരു സ്ഥലം കണ്ടെത്താൻ തീരുമാനിച്ചു. കുറച്ചു പോയപ്പോൾ ഞങ്ങളുടെ യാത്ര കടൽ തീരത്തു കൂടിയായി. അവിടെ ബീച്ചിൽ പുൽ പാകിയ നാലു ഭാഗം തുറന്ന കുറെ കുടിലുകൾ കണ്ടപ്പോൾ വണ്ടി അവിടേക്കിറക്കി ഒരു കുടിലിൽ വണ്ടി നിർത്തി അതിനരികിൽ ഉച്ച ഭക്ഷണം കഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
അവിടെ നിന്ന് കുറച്ചു മാറി വിശാലമായ ബാത്ത് റൂമും മറ്റ് സൗകര്യങ്ങളും ഉണ്ടായിരുന്നത് ഞങ്ങൾക്ക് ഏറെ സന്തോഷം നൽകി. ബീച്ചിലെ മണലിൽ പരവതാനി വിരിച് അൻസാരി ഉണ്ടാക്കി കൊണ്ട് വന്ന ചിക്കൻ മന്തി ഞങ്ങൾ ആസ്വദിച്ചു കഴിച്ചു. യാത്ര തുടർന്ന ഞങ്ങൾ അൽ ബിർക് എന്ന സ്ഥലത്തു നിന്നും ഹൈവേ യോട് വിട പറഞ്ഞു ചെറിയ റോഡിലേക്ക് പ്രവേശിച്ചു. ഇരു വശത്തേയ്ക്കും ഒരേ റോഡിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്ന ആ റോഡ് തുടക്കത്തിൽ നല്ലൊരു കയറ്റം ആയിരുന്നെങ്കിലും പിന്നീട് ഇരു വശത്തും നോക്കെത്താ ദൂരത്തോളം കറുത്ത കല്ലുകൾ നിറഞ്ഞ നിരപ്പായ പ്രദേശത്തു കൂടിയായിരുന്നു യാത്ര. കുറച്ചു ദൂരം ഓടിയപ്പോൾ റോഡിന്റെ സ്വഭാവം തന്നെ മാറി . മലകൾക്കിടയിലൂടെ വളവും തിരിവും കയറ്റവും ഇറക്കവും ആയിരുന്നെങ്കിലും റോഡ് നല്ല നിലവാരത്തിൽ ഉള്ളതിനാലും വാഹന തിരക്ക് കുറവാതിനാലും ഡ്രൈവിംഗ് ആവേശമായ ഡോക്ടർ ഇജാസ് മനോഹരമായി ആസ്വദിച്ചു അതിലൂടെ കാറോടിച്ചു. കുറച്ചു ദൂരം ഞങ്ങൾ സഞ്ചരിച്ചത് കൃഷിയിടങ്ങൾക്ക് നാടുവിലൂടെയായിരുന്നു . ആ യാത്ര ശരിക്കും ഒരു തമിഴ് നാട് ഗ്രാമത്തിലൂടെയോടാണെന്ന് തോന്നിപ്പിച്ചു. കുറെ ഓടി മഹായിൽ പട്ടണം പിന്നിട്ട് രിജാൽ അൽമ എന്ന ചരിത്ര ഗ്രാമത്തിലേക്ക് ഞങ്ങൾ അടുക്കുകയായിരുന്നു. അതേ പേരിലുള്ള ഒരു ചെറിയ പട്ടണവും ഒരു തുരങ്ക പാതയും പിന്നിട്ട് നല്ലൊരു ഇറക്കമിറങ്ങിയാണ് ഞങ്ങൾ അവിടെ എത്തിയത്. സീസൺ അല്ലാത്തതിനാൽ ഞങ്ങളെ കൂടാതെ വളരെ കുറച്ചു സഞ്ചാരികളെ അവിടെ ഉണ്ടായിരുന്നുള്ളൂ. സീസണിൽ ആയിരകണക്കിന് സഞ്ചാരികൾ ആണ് ഇവിടെ എത്തുന്നത്. ഒരു മലഞ്ചെരുവ് മൊത്തം വ്യാപിച്ചു കിടക്കുന്ന മനോഹരമായ ഒരു ഗ്രാമം. 900 വർഷത്തോളം പഴക്കമുള്ള ഈ ഗ്രാമത്തിൽ എട്ടു നില വരെയുള്ള കെട്ടിടങ്ങൾ ഉണ്ട്. അബഹയിൽ നിന്നും അമ്പത് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടെ ഒരു മ്യൂസിയവും ഉണ്ട്. അവിടെ നടന്ന് കണ്ട് കുറെ ഫോട്ടോകൾ എടുത്ത് ഒരു ചായയൊക്കെ കുടിച്ചു യാത്ര തുടർന്നു . മറ്റൊരു തുരങ്കം കടന്നു തൊട്ടടുത്തു തന്നെയുള്ള മറ്റൊരു മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന ഹണി റിഫൈനറി എന്ന സ്ഥാപനത്തിൽ ആണ് പിന്നീട് ഞങ്ങൾ എത്തിയത്. തേനും തേനീച്ചയുമായി ബന്ധപ്പെട്ട് പലതരം കാഴ്ചകൾ നൽകുന്ന അവിടെയുള്ള വലിയ കാറ്റാടിയും മരം കൊണ്ട് നിർമിച്ച കെട്ടിടവും ഏറെ ആകര്ഷകമായിരുന്നു. അവിടെ പണികൾ നടക്കുന്നതിനാലും വലിയ പുതുമ തോന്നാത്തതിനാലും കുറച്ചു സമയം നടന്ന് കണ്ട് അവിടെ നിന്നും യാത്ര തുടർന്നു. റിജാൽ ആൽമയിലേക്കു പോയ റോഡിലൂടെ തിരിച്ചു വന്ന് മറ്റൊരു റോഡിലേക്ക് തിരിഞ്ഞു
അബഹയിലേക്കുള്ള യാത്ര ഞങ്ങളെ എത്തിച്ചത് ഒരിക്കലും പ്രതീക്ഷി കാത്ത ഒരു ചുരം പാതയിൽ ആയിരുന്നു. വളരെ പെട്ടെന്നാണ് കുത്തനെയുള്ള ചുരം പാതയിലേക്ക് ഞങ്ങൾ പ്രവേശിച്ചത്. കുത്തനെയുള്ള കയറ്റവും വലിയ വളവുകളും ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. ഞങ്ങളുടെ വണ്ടി നിന്ന് പോകുമെന്നും അപകടത്തിൽ പെടുമെന്നൊക്കെ ഞങ്ങൾ ഭയന്നു . ജീവിതത്തിൽ ആദ്യമായാണ് ഇത്രയും പേടിപ്പെടുത്തുന്ന ഒരു ചുരത്തിലൂടെ ഞാൻ സഞ്ചരിക്കുന്നത്. കുറെ വളവുകളും കയറ്റങ്ങളും പിന്നിട്ട് മുകളിൽ എത്തിയപ്പോയാണ് ഞങ്ങൾക്ക് ആശാസം ആയത്. ഞങ്ങൾ വണ്ടി നിർത്തി പുറത്തിറങ്ങി . ഞങ്ങളെ വരവേറ്റത് നല്ല തണുത്ത കാറ്റും ചുറ്റുമുള്ള മലകളുടെ മനോഹര കാഴ്ചയും കുറെ കുരങ്ങന്മാരും ആയിരുന്നു. അപ്പോഴും ചുരം കയറിയ ഷോക്ക് വിട്ടു പോയിട്ടില്ലായിരുന്നു. അബഹ യിലെ മനോഹര പ്രദേശങ്ങളിൽ ഒന്നായ ജബൽ സൗദ എന്ന മലമ്പ്രദേശത്താണ് ഞങ്ങൾ എത്തിച്ചേർന്നത്. അതിലൂടെ യാത്ര തുടർന്ന ഞങ്ങൾ അവിടത്തെ പച്ചപ്പും ഭംഗിയും ആസ്വദിച്ച് മുന്നോട്ട് നീങ്ങി. അവിടെ കേബിൾ കാറും മറ്റും ഉണ്ടായിരുന്നെങ്കിലും സീസൺ അല്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്നു. സുന്ദരമായ കാഴ്ചകൾ ആസ്വദിച്ച് മുന്നോട്ടു പോയപ്പോൾ താഴ്‌വാരം പോലെ ഒരു സ്ഥലത്തു പടർന്നു കിടക്കുന്ന മനോഹരമായ അബഹ പട്ടണം ഞങ്ങൾ കണ്ടു. അതിമനോഹരമായ ആ കാഴ്ചയിലേക്ക് മുന്നോട്ട് പോകുന്തോറും ഞങ്ങൾ അടുത്തടുത്തു വന്നു. അബഹ പട്ടണത്തിൽ എത്തിയ ഞങ്ങൾ അവിടത്തെ ഒരു മനോഹര ഉദ്യാനത്തിൽ ആണ് ആദ്യം എത്തിച്ചേർന്നത്. മലഞ്ചെരുവിൽ തട്ട് തട്ടായി സ്ഥിതി ചെയ്യുന്ന പൂക്കളും പച്ചപ്പും നിറഞ്ഞ അബു കിയാൽ എന്ന ഒരു സുന്ദരൻ ഉദ്യാനം. അപ്പോൾ സമയം സൂര്യാസ്തമയം ആയിരുന്നു. താഴെ പടർന്ന് കിടക്കുന്ന അബഹ പട്ടണവും തൊട്ടപ്പുറത്തുള്ള പച്ച മലയും അങ്ങോട്ട് നീണ്ടു പോകുന്ന പ്രവർത്തിക്കാത്ത കേബിൾ കാറും എല്ലാം കൂടി ആ സായാഹ്‌നം ഞങ്ങൾ ആസ്വദിച്ചു . അവിടെ മൊത്തം കറങ്ങി കുറെ ഫോട്ടോ യൊക്കെ എടുത്ത് അബഹയിലെ പ്രശസ്തമായ ആർട് സ്ട്രീറ്റ്ലേക്കാണ് പിന്നീട് ഞങ്ങൾ പോയത്. സീസൺ സമയത്തു ജകരാന്ത പൂക്കൾ കൊണ്ട് മനോഹാരിയാകുന്ന ഒരിടമാണിത് . ആ സമയത്തു നിരവധി സന്ദർശകർ ആണ് ഇവിടെ എത്താറുള്ളത്. നല്ല തണുപ്പത്തു അവിടത്തെ ഭംഗി ആസ്വദിച്ചു കുറച്ചു നടന്നു. അവിടെത്തെ പാർക്കിൽ ഇരുന്ന് ചായ കുടിച്ചപ്പോൾ കിട്ടിയ വൈബ് വേറെ ലെവൽ ആയിരുന്നു. ചായക്ക് കൂട്ടായി നാട്ടിൽ നിന്ന് കൊണ്ട് വന്ന ചിപ്‌സ് കൂടിയായപ്പോൾ ആസ്വാദനം ഇരട്ടിയായി. രാത്രിയായപ്പോൾ തണുപ്പിന്റെ കാഠിന്യം കൂടി കൂടി വന്നു. ഞങ്ങൾ ജിസാനിലേക്കുള്ള യാത്ര ആരംഭിച്ചു. അവിടെ നിന്നും ഇരുന്നൂറ് കിലോമീറ്റെർ ദൂരം ആണ് ജിസാനിലേക്കുള്ളത്. അതിൽ കുറെ ഭാഗം ചുരം ആയിരുന്നെങ്കിലും നേരത്തെ പോലെ അപകടം പിടിച്ചതായിരുന്നില്ല. കുറെ ഓടി പത്തര മണിയോടെ ഞങ്ങൾ ജിസാനിൽ എത്തി. സീപോർട്ടിനടുത് ഹോട്ടൽ റൂമെടുത്ത ഞങ്ങൾ പുറത്തു പോയി ഭക്ഷണം കഴിച്ചു പിന്നേറ്റ് നടത്താനുള്ള കടൽ യാത്രയും ദ്വീപും മറ്റും ഓർത്തു അന്നവിടെ കിടന്നുറങ്ങി.
അടുത്ത ദിവസം അതി രാവിലെ എണീറ്റ് ഞങ്ങൾ യാത്ര ആരംഭിച്ചു. ഫർസാൻ ദ്വീപിൽ പോകുന്ന ഫെറിക്ക് റ്റിക്കറ്റ് എടുക്കാൻ അവരുടെ ഓഫീസിൽ എത്തി. കാർ ഫെറിയിൽ കയറ്റി കൊണ്ട് പോയി അവിടെ കറങ്ങാൻ ആയിരുന്നു ഞങ്ങളുടെ പദ്ധതി. കാർ കൊണ്ട് പോകാൻ നേരത്തെ ബുക്ക് ചെയ്യണമെന്നത് അവിടെ എത്തിയപ്പോൾ ആണ് ഞങ്ങൾക്ക് മനസ്സിലായത്. കാർ അവിടെ പാർക്ക് ചെയ്ത് ഞങ്ങൾ പോയി വരാൻ വേണ്ടി ഞങ്ങൾ ടിക്കറ്റെടുത്തു . ഉച്ചക്ക് മൂന്നു മണിക്ക് ദ്വീപിൽ നിന്നും തിരിച്ചുള്ള ടിക്കറ്റും അവിടന്ന് തന്നെ ഞങ്ങൾ എടുത്തു . അത്ഭുതകരമായ കാര്യം കടലിൽ അമ്പത് കിലോമീറ്ററോളം ദൂരെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലേക്കുള്ള ഒന്നര മണിക്കൂർ നീളുന്ന കടൽ യാത്ര തീർത്തും സൗജന്യമാണ് എന്നതാണ്. കാർ ഒരിടത്തു പാർക്ക് ചെയ്ത് പോർട്ട് കവാടത്തിൽ നിന്നും ബസിൽ കയറി പോർട്ട് കെട്ടിടത്തിൽ എത്തി. ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി കുറച്ചു കാത്തിരുന്നപ്പോൾ തന്നെ ഫെറി യിൽ കയറാനുള്ള സമയ ആയി. നാല്പതോളം കാറുകളും എണ്ണൂറോളം ആളുകളെയും ഉൾകൊള്ളുന്ന അത്യാവശം വലിയ ഫെറി ആണ് ഫർസാനിലേക്ക് പോകുന്നവ. ഫെറിയിൽ സ്ത്രീകൾക്ക് പ്രതേക ഏരിയ ഉണ്ടായിരുന്നു. ബിസ്കറ്റും ചായയും ജ്യൂസും മറ്റും കിട്ടുന്ന ഒരു കഫ്റ്റീരിയയും അതിനകത്തു ഉണ്ടായിരുന്നു. ഫെറി യാത്ര ആരംഭിച്ചു ഏറെ വൈകാതെ നടുക്കടലിൽ എത്തി. ആൾ താമസമില്ലാത്ത ചില ദ്വീപുകളും കടലിലൂടെ സഞ്ചരിക്കുന്ന ചില കാർഗോ കപ്പലുകളും ആയിരുന്നു കടലിലെ യാത്രയിലുള്ള കാഴ്ചകൾ. കുറെ സഞ്ചരിച്ചപ്പോൾ ഫർസാനിൽ നിന്നും ജിസാനിലേക്ക് പോകുന്ന ഫെറിയെയും ഞങ്ങൾ കണ്ടു. കടലിലൂടെ കുറെ സഞ്ചരിച്ചപ്പോൾ ഫർസാൻ ദ്വീപ് ഞങ്ങളുടെ മുമ്പിൽ തെളിഞ്ഞു വന്നു. ആൾതാമസമില്ലാത്ത പാറകൾ ഉള്ള ഭാഗത്താണ് ആദ്യം എത്തിയത് . അതിനെ ചുറ്റി കുറച്ചു സഞ്ചരിച്ച ഞങ്ങളുടെ ഫെറി ഫർസാൻ പോർട്ടിൽ അടുപ്പിച്ചു. പുറത്തിറങ്ങിയ ഞങ്ങൾക്ക് അവിടത്തെ കാഴ്ചകളിലേക്ക് പോകാൻ ബംഗ്ളദേശ് കാരനായ ഒരു ഡ്രൈവറെ കിട്ടി. അവിടത്തെ കാഴ്ചകൾ ഒക്കെ കാണിച്ചു തിരിച്ചു പോകുന്ന ഫെറിയുടെ സമയം ആകുന്നതിനു മുമ്പ് പോർട്ടിൽ തിരിച്ചെത്തിക്കാം എന്ന് ഞങ്ങൾക്ക് ഉറപ്പ് തന്നു. ആ കാറിൽ ദ്വീപിലെ കാഴ്ചകളിലേക്കുള്ള യാത്ര ഞങ്ങൾ ആരംഭിച്ചു. ആദ്യം ഞങ്ങൾ പോയത് അവിടത്തെ അൽ ഖിസ്സർ എന്ന് പേരുള്ള ഒരു പൗരാണിക ഗ്രാമത്തിലേക്കാണ്. പഴയ ഗ്രാമവും അവിടത്തെ വീടുകളും എല്ലാം വളരെ മനോഹരമായി സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. അവിടത്തെ കാഴ്ചകൾ ആസ്വദിച്ച് അവിടെയുള്ള തോട്ടത്തിൽ കറങ്ങി ഞങ്ങൾ യാത്ര തുടർന്നു . പ്രാതൽ കഴിക്കാനായി ഫർസാൻ അങ്ങാടിയിൽ ആണ് പിന്നീട് ഞങ്ങൾ എത്തിയത്. അവിടത്തെ ഒരു കേരള ഹോട്ടലിൽ നിന്നും പൊറോട്ടയും മറ്റും കഴിച്ചു. യാത്ര തുടർന്ന ഞങ്ങൾ പിന്നെയെത്തിയത് ഒരു ബീച്ചിൽ ആയിരുന്നു. മനോഹരായി മുത്ത് ചിപ്പിയുടെയും മറ്റും ശില്പങ്ങൾ പാറയിൽ കൊത്തിയ പോലെ അവിടെ കണ്ടു. പക്ഷെ അതൊക്കെ മറ്റെന്തോ കൊണ്ട് നിര്മിച്ചതായിരുന്നു. കുറച്ചു സമയം അവിടെ ചിലവഴിച്ച ഞങ്ങൾ ദ്വീപിന്റെ ഏതൊക്കെയോ വഴികളിലൂടെ കുറെ ഓടി സാജിദ് എന്ന പേരിലുള്ള ദ്വീപിലേക്കുള്ള മാദി പാലത്തിന് ചുവട്ടിൽ എത്തി. പാലത്തിനു ചുവട്ടിലെ കടലും കടൽ പക്ഷികളും മറ്റുമായി ഫോട്ടോയെടുക്കാനൊക്കെ പറ്റിയ നല്ലൊരു സ്ഥലം . കുറച്ചു സമയം അവിടെ ചിലവഴിച്ചു ഞങ്ങൾ യാത്ര തുടർന്നു . വണ്ടി കുറെ ഓടി കടൽ കരയിൽ ഉള്ള കുന്നിന്റെ മുകളിലേക്ക് വണ്ടി ഓടിച്ചു കയറ്റി ബ്രേക്കിട്ടു നിർത്തി. ആദ്യം ഒന്ന് ഭയന്നെങ്കിലും പുറത്തിറങ്ങിയ ഞങ്ങളെ വരവേറ്റത് കുന്നിന്റെ താഴെയുള്ള നീല കടലും വെള്ള മണൽ കടപ്പുറവും അവിടെ നിർത്തിയ കുറെ ബോട്ടുകളും ആയിരുന്നു. ആ കാഴ്ച്ച അവിടെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. അത്രയും മനോഹരമായിരുന്നു ആ കാഴ്ച്ച . അതൊക്കെ കണ്ടപ്പോഴാണ് കാർ ദ്വീപിലേക്ക് കൊണ്ട് വരാൻ പറ്റാത്തത് നന്നായെന്ന് തോന്നി . കാർ കൊണ്ട് വന്നിരുന്നെങ്കിൽ ഇവിടെയൊന്നും ഒരിക്കലും എത്തിപെടുമായിരുന്നില്ല. അവിടത്തെ കാറ്റിൽ കുറച്ചു സമയം ചെലവഴിച്ചു ഞങ്ങൾ യാത്ര തുടർന്നു. കുറെ ഓടി ഞങൾ എത്തിയത് മനോഹരമായ ഒരു കടൽ തീരത്തായിരുന്നു. അവിടെ വലിയൊരു ഉദ്യാനവും ഉണ്ടായിരുന്നു. അവിടെ കടലിൽ ഇറങ്ങി കുറച്ചു സമയം ചിലഴിച്ചു. കടൽക്കരയിലെ ഉദ്യാനത്തിലെ ഫർസാൻ ബോർഡിന് മുമ്പിൽ നിന്ന് ഫോട്ടോകൾ എടുത്തു. അപ്പോയേക്കും തിരിച്ചു വരാനുള്ള ഫെറിക്ക് സമയം ആയിരുന്നു. അതിവേഗം ഞങ്ങൾ പോർട്ടിൽ എത്തി. അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ആണ് കടലിലെ കാറ്റ് മൂലം ഞങ്ങളുടെ ഫെറി പുറപ്പെടില്ല എന്ന വിവരം അറിഞ്ഞത് . ഏതായാലും നാലര മണിക്കുള്ള ഫെറിക്ക് പോകാമെന്നുള്ള പ്രതീക്ഷയിൽ ഞങ്ങൾ കാത്തിരുന്നു. കുറെ കാത്തിരുന്നപ്പോൾ ആ ഞെട്ടിക്കുന്ന സത്യം ഞങ്ങൾ മനസ്സിലാക്കി. അതും ഓടില്ല എന്ന അറിയിപ്പ് വന്നു. ദ്വീപിൽ ഞങ്ങൾ പെട്ട് പോയി. കരയിൽ എത്തുവാൻ യാതൊരു മാർഗവും ഇല്ല. ചെറിയ ബോട്ടുകൾ ഓടുന്നുണ്ടെങ്കിലും അത് ഏറെ അപകടം പിടിച്ചതാണെന്ന് മാത്രമല്ല ഈ കാലാവസ്ഥയിൽ അതും ഓടുന്നില്ല. ഇനിയെന്ത് ചെയ്യും . ദ്വീപിൽ ഒറ്റപ്പെട്ട ഞങ്ങൾ അന്തം വിട്ടു നിന്നു.
ദ്വീപിൽ പെട്ട് പോയ ഞങ്ങൾ ഇനിയെന്ത് ചെയ്യും എന്നതായി ഞങ്ങളുടെ ചിന്ത. രാവിലത്തെ പൊറോട്ടക്ക് ശേഷം ഒന്നും കഴിക്കാൻ പറ്റാത്തതിനാൽ നല്ല വിശപ്പുണ്ട്. ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ 10 കിലോമീറ്റർ അകലെയുള്ള ഫർസാൻ ടൗണിൽ പോകണം. അവിടെനിന്നും ഒരു വാനിൽ കയറി ടൗണിൽ എത്തി. ഒരാൾക്ക് 5 റിയാൽ ആണ് അതിനവർ ഈടാക്കി ക്കിയത്. ആദ്യം ഫെറി കമ്പനിയുടെ ഓഫീസിൽ പോയി അടുത്ത ദിവസം രാവിലത്തേക്കുള്ള ടിക്കറ്റ് വാങ്ങി. അടുത്ത ലക്ഷ്യം വിശപ്പിന്റെ വിളിക്കുത്തരം നൽകൽ ആയിരുന്നു. ടൗണിലൂടെ കുറച്ചു നടന്നപ്പോൾ ഒരു ബ്രോസ്റ് കട കണ്ടെത്തി. വേങ്ങര ക്കാർ ജോലി ചെയ്യുന്ന കടയായിരുന്നു . ഭക്ഷണം റെഡിയാകാൻ കുറച്ചു സമയം എടുത്തെങ്കിലും ആ സമയം കൊണ്ട് ദ്വീപിലെ കൗതുകകരമായ പല കാര്യങ്ങളും ഞങ്ങൾ ചോദിച്ചു മനസ്സിലാക്കി, അപ്പോഴാണ് മനസ്സിലായത് ഫെറി മുടങ്ങുക എന്നത് ഇടക്കിടെ സംഭവിക്കുന്ന കാര്യമാണെന്നും നാട്ടിൽ പോകുന്നവരൊക്കെ രണ്ടു ദിവസം മുമ്പേ കരയിലേക്ക് പോകുമത്രേ. വിശപ്പടങ്ങിയ ഞങ്ങൾക്ക് പിന്നെ വേണ്ടത് തല ചായ്ക്കാൻ ഒരിടം ആയിരുന്നു. ചെറിയ തിരച്ചിലിനു ശേഷം ഞങ്ങൾ അതും കണ്ടെത്തി. സീസൺ അല്ലാത്തതിനാൽ ന്യായമായ വിലക്ക് തന്നെ ഞങ്ങൾക്ക് അതും കിട്ടി. ഇവിടെ താമസിക്കാൻ നേരത്തെ പദ്ധതി ഇല്ലാത്തതിനാൽ ഞങ്ങളുടെ ബാഗും വസ്ത്രങ്ങളും മറ്റും കാറിൽ ആയിരുന്നു. ഉള്ളത് കൊണ്ട് എങ്ങനെയെങ്കിലും കഴിച്ചു കൂട്ടുക എന്നൊരു മാർഗം മാത്രമേ ഞങളുടെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ . രാത്രി പുറത്തിറങ്ങി അങ്ങാടിയൊക്കെ ഒന്ന് നടന്നു കണ്ടു. അന്ന് ഫെറിയിലും മറ്റും കണ്ടു മുട്ടിയ പലരെയും ഞങ്ങൾ അവിടെ വെച്ചു കണ്ടു മുട്ടി. പരസ്‌പരം എല്ലാവരും അറിയുന്ന നമ്മുടെ ഒരു നാട്ടിൻ പുറം പോലെയാണ് ഞങ്ങൾക്ക് ഈ ദ്വീപ് അനുഭവപ്പെട്ടത്. ദ്വീപിനു അമ്പത് കിലോമീറ്ററോളം വീതിയുണ്ടെങ്കിലും ആളുകൾ താമസിക്കുന്നതും മറ്റും ചെറിയൊരു പ്രദേശത്തു മാത്രമാണ്. ഞങ്ങളെ ദ്വീപ് മൊത്തം കാണിച്ച ഡ്രൈവറെ മാത്രം കണ്ടില്ലല്ലോ എന്ന് ചിന്തിരിക്കുമ്പോയേക്കും അവനും ഞങ്ങളുടെ മുമ്പിലെത്തി. അടുത്ത ദിവസം രാവിലെ ഇവിടെ നിന്നും പോർട്ടിൽ എത്തിക്കാം എന്നവൻ ഞങ്ങൾക്കുറപ്പ് നൽകി. അവിടത്തെ പ്രധാന കാഴ്ചയായ മീൻ മാർക്കറ്റിൽ പോയി നടന്നു കണ്ടു. ആവശ്യക്കാർക്ക് മീൻ അവിടന്ന് തന്നെ വാങ്ങി പൊരിച്ചു നൽകുന്ന കടകൾ അവിടെയുണ്ടായിരുന്നു. നല്ല മീനൊന്നും കാണാത്തതിനാൽ അവിടന്ന് മീനൊന്നും ഞങ്ങൾ കഴിച്ചില്ല. പിറ്റേന്ന് നോമ്പ് തുടങ്ങും എന്നതിനാൽ കുറച്ചു പഴങ്ങളും ജൂസും ശവർമയും ഒക്കെ വാങ്ങി റൂമിലേക്ക് പോയി. അടുത്ത ദിവസം അതിരാവിലെ എണീറ്റ് ബാങ്ക് വിളിക്കുന്നതിന് മുൻപ് ഇന്നലെ വാങ്ങി വെച്ച ഭക്ഷണം കഴിച്ചു നമസ്കാര ശേഷം ഞങ്ങൾ യാത്ര ആരംഭിച്ചു. തലേ ദിവസം പറഞ്ഞുറപ്പിച്ച പോലെ ബംഗ്ളദേശുകാരൻ ഡ്രൈവർ ഞങ്ങളെ പോർട്ടിൽ എത്തിച്ചു. ക്രത്യ സമയത്തു തന്നെ ഫെറി പുറപ്പെട്ടു. നല്ല വേഗതയിൽ സഞ്ചരിച്ച ഫെറി ഒമ്പത് മണിയോടെ ജിസാനിൽ എത്തി. ഫെറിയിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ പോർട്ട് കെട്ടിടം കടന്ന് ബസിൽ പോർട്ടിന് പുറത്തെത്തി. കാറിൽ കയറി ജിദ്ദയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു. ജിദ്ദയിലേക്ക് 700 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ ഉണ്ട്. നോമ്പായതിനാലും പകൽ ആയതിനാലും റോഡിൽ തിരക്ക് കുറവായിരുന്നു. കുറെ ഓടി ജിസാൻ പിന്നിട്ടു . പല പല പട്ടണങ്ങളും ഗ്രാമങ്ങളും പിന്നിട്ട് വണ്ടി കുറെ ഓടി അബഹ യിലേക്കുള്ള ഹൈവേ തിരിയുന്ന അൽ ദർബ് ഒക്കെ ഞങ്ങൾ കണ്ടു . ഖുൻഫുദക്കടുത്തുള്ള ഒരു പള്ളിയിൽ കയറി നിസ്കരിച്ചു കുറച്ചു സമയം വിശ്രമിച്ചു. അപ്പോയേക്കും ജിദ്ദയിലേക്കുള്ള പകുതി ദൂരം ഞങ്ങൾ പിന്നിട്ടിരുന്നു. യാത്ര തുടർന്ന ഞങ്ങൾ പിന്നെ നിർത്തിയത് റോഡരികിൽ മാങ്ങയും തണ്ണി മത്തനും മറ്റും വിൽക്കുന്ന ഒരിടത്താണ്. അവിടന്ന് തണ്ണിമത്തൻ വാങ്ങി യാത്ര തുടർന്ന ഞങ്ങൾ വൈകിട്ട് ആറു മണിയോടെ ജിദ്ദയിൽ എത്തിച്ചേർന്നു. ജിവിതത്തിലെ മറക്കാനാവാത്ത മറ്റൊരു യാത്രയാണ് അവിടെ അവസാനിച്ചത്.