Thursday, March 9, 2023

കൊച്ചി , ആലപ്പുഴ കുടുംബ യാത്ര.

ജീവിതത്തിൽ ഇത് വരെ ട്രെയിനിൽ കയറാൻ അവസരം കിട്ടാത്ത ഉമ്മാക്ക്  അതിനു വേണ്ടി ഒരു യാത്ര പോകണം എന്നത് കുറെ കാലമായുള്ള ആഗ്രഹമായിരുന്നു. അങ്ങനെയാണ് എറണാകുളത്തേക്കു പോകാൻ തീരുമാനിച്ചത് . ഒരു ദിവസം കൊണ്ട് തിരിച്ചു വരവ് ബുദ്ദിമുട്ട് ആയതിനാൽ അവിടെ തന്നെ താമസിച്ചു ആലപ്പുഴ കൂടി പോകാൻ തീരുമാനിച്ചു. രാവിലെ ആറു  മണിക്ക് തന്നെ ഞാനും ഉമ്മയും ഭാര്യയും മക്കളും  അടങ്ങുന്ന ആറംഗ  സംഘം വീട്ടിൽ നിന്നും ഓട്ടോയിൽ പരപ്പനങ്ങാടി റെയിൽവേ സറ്റേഷനിലേക്ക് പുറപ്പെട്ടു. 7.10 നു എത്തിച്ചേരുന്ന കണ്ണൂർ ആലപ്പി എക്സ്പ്രസ്സ് ട്രെയിനിൽ ആയിരുന്നു ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്, ട്രെയിൻ വരുന്നതിന്റെ ഇരുപത് മിനിറ്റ് മുമ്പ് തന്നെ ഞങ്ങൾ സ്റ്റേഷനിൽ എത്തിച്ചേർന്നു. കൃത്യ സമയത്തു ട്രെയിൻ എത്തിയെങ്കിലും മറ്റേതോ ട്രെയിനിന് പോകാൻ കുറച്ചു സമയം അവിടെ നിർത്തിയതിനു ശേഷം ആണ് യാത്ര തുടങ്ങിയത്.  പച്ചപ്പ് നിറഞ്ഞ നെൽപ്പാടങ്ങളും പുഴകൾക്കു മുകളിലൂടെയുള്ള പാലങ്ങളും പട്ടണങ്ങളും പിന്നിട്ട് തീവണ്ടി മുന്നോട്ട് കുതിച്ചു. വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ട് വന്ന പ്രാതൽ ട്രെയിനിൽ വെച്ചു എല്ലാവരും കഴിച്ചു. ആദ്യമായി ട്രെയിൻ യാത്ര നടത്തുന്ന ഉമ്മയും ഒമ്പതു മാസക്കാരി ചെറിയകുട്ടിയും അടക്കം എല്ലാവരും  യാത്ര നന്നായി  ആസ്വദിച്ചു.  അര  മണിക്കൂർ വൈകി 11 മണിക്ക് ശേഷം ട്രെയിൻ ആലുവ സ്റ്റേഷനിൽ എത്തിച്ചേർന്നു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ ഒരു ഓട്ടോ വിളിച്ചു മെട്രോ സ്റ്റേഷനിൽ എത്തി.ശീതികരിച്ച  മെട്രോയുടെ കുളിർമയിൽ  കൊച്ചിയുടെ ഉയരത്തിൽ നിന്നുള്ള കാഴ്ചകൾ ആസ്വദിച്ചു ഇടപ്പള്ളി സ്റ്റേഷനിൽ എത്തിച്ചേർന്നത് ഞങ്ങൾ അറിഞ്ഞില്ല. അവിടെ കാത്തു നിന്ന ഞങ്ങൾ താമസിക്കാൻ ബുക്ക് ചെയ്ത വീടിന്റെ ഉടമയുടെ കാറിൽ കൂടെ പോയി ബാഗുകൾ അവിടെ വെച്ചു അങ്ങോട്ടുള്ള വഴി മനസ്സിലാക്കി മെട്രോ സ്റ്റേഷനിൽ തിരിച്ചെത്തി. അവിടെ നിന്നും ലുലു മാളിൽ കുറച്ചു കറങ്ങിയപ്പോയേക്കും എല്ലാര്ക്കും നന്നായി വിശന്നിരുന്നു, മാളിന് പുറത്തു നല്ല തിരക്കുള്ള ഒരു റെസ്റ്റാറന്റ് കണ്ടപ്പോൾ അവിടെ കയറി . ബിരിയാണിയും മീൻ കറി സദ്യയും മറ്റും എല്ലാവരും വയറു നിറച്ചു കഴിച്ചു. ഇമ്മീസ് കിച്ചൻ എന്ന ആ റെസ്റ്ററെന്റിൽ താരതമ്യേന ചെറിയ നിരക്കിൽ നല്ല ഭക്ഷണം ഞങ്ങൾക്ക് കിട്ടി. അവിടെ നിന്ന് നടന്ന് ഞങൾ ബുക്ക് ചെയ്ത  വീട്ടിൽ എത്തി ചെക്ക് ഇൻ ചെയ്തു, 





 AIrBNB എന്ന വെബ്സൈറ്റ് വഴി കണ്ടെത്തിയ ആ വീട് വളരെ സൗകര്യങ്ങൾ ഉള്ളതായിരുന്നു. അടുക്കളയും ഫ്രിഡ്‌ജും വാഷിംഗ് മെഷിനും വാട്ടർ ഡിസ്പെൻസറും അടക്കം നല്ലൊരു വീട് മൊത്തം ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് ലഭിച്ചു. അവിടെ കുറച്ചു സമയം വിശ്രമിച്ചു ചായ ഉണ്ടാക്കിക്കുടിച്ചു നാലര മണിയോടെ ഒരു യൂബർ ടാക്സി വിളിച്ചു ഞങ്ങൾ മറൈൻ ഡ്രൈവിലേക്കു പുറപ്പെട്ടു. ശനിയായ്ച്ച ആയതിനാൽ റോഡിൽ നല്ല തിരക്കായിരുന്നു. അഞ്ചു മണിയോടെ മറൈൻ ഡ്രൈവിലെ ഹൈ കോർട് ബോട്ട് ചെട്ടിയിൽ ഞങ്ങൾ എത്തിച്ചേർന്നു. ഞങ്ങൾ നേരത്തെ ബുക്ക് ചെയ്ത സാഗര റാണി ബോട്ട് അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.  കേരള സർക്കാരിന് കീഴിൽ ഉള്ള KERALA SHIPPING AND INLAND NAVIGATION CORP LTD ആണ് ഇതിന് പിന്നിൽ . ദിവസത്തിൽ പല തവണ അവരുടെ യാത്രകൾ ഉണ്ടെങ്കിലും ഞങ്ങൾ തിരഞ്ഞെടുത്തത് സൂര്യാസ്തമയം കടലിൽ നിന്നും ആസ്വദിക്കാൻ പറ്റുന്ന അഞ്ചരക്ക് പുറപ്പെട്ട് ഏഴരക്ക് തിരിച്ചെത്തുന്ന യാത്രയായിരുന്നു. കൊച്ചി കായൽ പിന്നിട്ട് അറബി കടലിലേക്ക് കിലോമീറ്ററുകളോളം യാത്ര ചെയ്യും എന്നതതാണ് സാഗര റാണിയുടെ ഒരു പ്രതേകത . സാഗര റാണിയുടെ തീം ഗാനത്തോടെ അഞ്ചരക്ക് തന്നെ യാത്ര പുറപ്പെട്ടു. ഗൈഡും അവതാരകനും മിമിക്രി കലാകാരനും എല്ലാമായ ആൾ മൈക്ക് കയ്യിലെടുത്തതോടെ യാതക്കാരെല്ലാവരും ഉണർവിൽ ആയി. യാത്രയിൽ കാണുന്ന കാഴ്ചകൾ എല്ലാം വിശദമായി ഞങ്ങൾക്ക് വിവരിച്ചു തന്നു. എല്ലാവർക്കും  ചായയും സ്‌നാക്‌സും വിതരണം ചെയ്തിരുന്നു,  മറൈൻ ഡ്രൈവിന്റെ കായലിൽ നിന്നുള്ള കാഴ്ച, ബോൾഗാട്ടി കൊട്ടാരം, കൊച്ചി തുറമുഖം , അവിടെയുള്ള കപ്പലുകൾ. , വില്ലിങ്ങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി , ഫോർട്ട് കൊച്ചി, വൈപ്പിൻ , ഗോശ്രീ പാലങ്ങൾ, വല്ലാർപാടം കണ്ടൈനർ ടെർമിനൽ തുടങ്ങിയ കാഴ്ചകൾ കണ്ടു ബോട്ട് മെല്ലെ അറബി കടലിലേക്ക് കയറുമ്പോൾ അകത്തു പാട്ടും ഡാൻസും തകർക്കുകയായിരുന്നു. കടലിലെ തിരയുടെ താളത്തിനൊത്തു ബോട്ട് ആടുമ്പോൾ ഉള്ളിലെ  ചെറിയ പേടിയും ആട്ടത്തിന്റെ രസവും ഒരുമിക്കുകയായിരുന്നു. ബോട്ടിലെ പാട്ടുകാരൻ വളരെ നന്നായി പാടുകയും കുട്ടികൾ അടക്കമുള്ളവർ അതിനനുസരിച്ചു നൃത്തം ചെയ്യുന്നുമു ണ്ടായിരുന്നു.  ചുവന്നു തുടുത്ത സൂര്യൻ അറബി കടലിലേക്ക് പയ്യെ പയ്യെ അലിയുമ്പോൾ അടിച്ച തണുത്ത കാറ്റും ബോട്ടിലെ ടൈറ്റാനിക്കിലെ പാട്ടും തിരയുടെ താളവും എല്ലാം ചേർന്ന് ഒരിക്കലും മറക്കാനാവാത്ത ഒരു സൂര്യാസ്തമയം ആണ് സാഗര റാണി ഞങ്ങൾക്ക് സമ്മാനിച്ചത്. പ്രൊഫഷണൽ ഡാൻസ് ടീമിന്റെ ഡാൻസും പാട്ടുകളും മിമിക്രിയും ഡിജെ എല്ലാമായി വൻ ആഘോശങ്ങൾ ക്ക് ശേഷം ഏഴരയോടെ ബോട്ട് മറൈൻ ഡ്രൈവിൽ തിരിച്ചെത്തി. മറൈൻ ഡ്രൈവിലൂടെ ഒരു നടത്തം കഴിഞ്ഞു ഓട്ടോ വിളിച്ചു  എംജി റോഡ് മെട്രോ സ്റ്റേഷനിൽ എത്തി അവിടെ നിന്നും മെട്രോയിൽ ഇടപ്പള്ളിയിൽ ഇറങ്ങി വീണ്ടും ലുലു മാളിൽ എത്തി. അവിടെ ഒന്ന് കറങ്ങി ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി KFC യിൽ കയറി ഫൂഡൊക്കെ കഴിച്ചു ഓട്ടോ പിടിച്ചു റൂമിൽ എത്തി. 





അടുത്ത ദിവസം രാവിലെ  യൂബർ ടാക്സിയിൽ KSRTC ബസ് സ്റ്റാൻഡിലേക്ക് പോയി. അവിടെ എത്തിയപ്പോൾ ആലപ്പുഴയിലേക്കുള്ള ഒരു AC ബസ് ഞങ്ങളെ കാത്തു നില്കുന്നു.  ഞങ്ങളെത്തിയപ്പോൾ ആളുകൾ കുറവായതിനാൽ സൗകര്യ പ്രദമായ സീറ്റുകൾ തെരഞ്ഞെടുക്കാൻ പറ്റി . കൊച്ചിയുടെ നഗര കാഴ്ചകൾ ആസ്വദിച്ച് അരൂർ പാലം പിന്നിട്ട് ആലപ്പുഴ ജില്ലയിൽ കയറി പത്തര മണിയോടെ ആലപ്പുഴ ബസ് സ്റ്റാന്റിൽ എത്തി. അവിടെ അടുത്തുള്ള ഇന്ത്യൻ കോഫി ഹൊസ്സിൽ  നിന്നും പ്രാതൽ കഴിച്ചു ഞങ്ങൾ ബോട്ട് ജെട്ടിയിൽ എത്തി. അവിടെ ചോദിച്ചപ്പോൾ ആണ്  കുറച്ചു മാറിയുള്ള മാതാ ജെട്ടിയിൽ നിന്നും സീ കുട്ടനാട് എന്ന ബോട്ട് പുറപ്പെടുന്ന വിവരം . ഒരു സർവീസ് ബോട്ടിൽ അവിടെ എത്താനുള്ള സൗകര്യം അവിടെ ജീവനക്കാർ ചെയ്തു തന്നു. ടിക്കറ്റ് വാങ്ങാതെ തന്നെ അവിടെ ഞങ്ങളെ എത്തിച്ചു.  ആലപ്പുഴ ജെട്ടിയിൽ നിന്നും പുറപ്പെട്ട് പുന്നമട, വേമ്പനാട് കായൽ വഴി കൈനകരി റോഡ് മുക്കിൽ എത്തി തിരികെ മീനപ്പള്ളി കായൽ, പള്ളാത്തുരുത്തി, പു‍ഞ്ചിരി വഴി ആലപ്പുഴയിൽ എത്തിച്ചേരുന്ന മൂന്നു മണിക്കൂർ യാത്രയാണ് സീ കുട്ടനാട്. പതിനൊന്നര ക്കു പുറപ്പെട്ടു രണ്ടരക്ക് തിരിച്ചെത്തുന്ന ഈ  യാത്ര സംഘടിപ്പുന്നത് കേരള സർക്കാർ ആണ്. , ഞങ്ങളുടെ നാട്ടിലേക്ക് തിരിച്ചുള്ള ട്രെയിൻ ആലപ്പുഴയിൽ നിന്നും 2,50 നായിരുന്നു. എങ്കിലും രണ്ടും കല്പിച്ചു ടിക്കറ്റ് എടുത്തു. ഒരാൾക്ക് 250 രൂപയും കുട്ടികൾക്ക് 125 രൂപയും ആയിരുന്നു ടിക്കറ്റ് നിരക്ക്. പതിനോന്നരയോടെ ബോട്ട് പുറപ്പെട്ടു. നൂറു കണക്കിന് കെട്ട് വള്ളങ്ങൾ കണ്ട് കായലിലൂടെ ബോട്ട് മുന്നോട്ട് നീങ്ങുമ്പോൾ ചുറ്റു മുള്ള കാഴ്ചകൾ മൈക്കിലൂടെ വിവരിച്ചു തരു ന്നുണ്ടായിരുന്നു. പുന്നമട കായലിലെ നെഹ്‌റു ട്രോഫി വള്ളം കളിയുടെ സ്റ്റാർട്ടിങ് പോയന്റന്റും മറ്റും കണ്ടു കായൽ കരയിലെ കാഴ്ചകളും കണ്ട് കടൽ പോലെ വിശാലമായ വേമ്പനാട്ടു കായലിൽ ഞങൾ എത്തിച്ചേർന്നു. ബോട്ടിനകത്തു സ്‌പീക്കറിലൂടെ യുള്ള പാട്ടിനനുസരിച്ചു കുറെ പേർ ഡാൻസ് കളിക്കുന്നഉണ്ടായിരുന്നു. ഞങ്ങളുടെ അടുത്തു കൂടി പോകുന്ന കേട്ടുവള്ളങ്ങളിലും ഷിക്കാര യിലും മറ്റും പോകുന്ന വിദേശികൾ അടക്കമുള്ളവർ ഞങ്ങളെ ശ്രദ്ദിക്കുന്നുണ്ടായിരുന്നു. കായൽ നിരപ്പിൽ നിന്നും താഴെ നിൽക്കുന്ന കുട്ടനാട്ടെ നെൽ പാടങ്ങൾ നല്ലൊരു കാഴ്ചയായിരുന്നു,   അതിമനോഹരമായ കുട്ടനാടൻ കാഴ്ചളിലൂടെ  സഞ്ചരിച്ചു കൈനകരിയിൽ ഇറങ്ങി കുട്ടനാട്ടിലൂടെ നടക്കാനുള്ള അവസരവും കിട്ടി. അവിടെയുള്ള ചവറ അച്ഛന്റെ ജന്മ ഗ്രഹം സന്ദർശിക്കാനും യാത്രക്കാർക്ക് സാധിക്കും . കുടുംബശ്രീ യാത്രക്കാർക്കുള്ള ഉച്ച ഭക്ഷണവും ബോട്ടിൽ ഒരുക്കുന്നുണ്ട്., മീൻ കറിയും അവിയലും തോരനും മീൻ വറുത്തതും കരി മീനും കക്കയും കൂട്ടി ഞങ്ങൾ ബോട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ചു. അവിടെ നിന്നും പുറപ്പെട്ട ബോട്ട് മറ്റൊരു വഴിയിലൂടെ രണ്ടര മണിയോടെ ആലപ്പുഴയിൽ തിരിച്ചെത്തി.  ട്രെയിനിന്റെ സമയം നേരത്തെ പറഞ്ഞതിനാൽ കൃത്യ സമയം പാലിച്ചു ഞങ്ങളെ സഹായിച്ച ബോട്ട് ഡ്രൈവറെ നന്ദിയോടെ ഓർക്കുന്നു. കരയിലിറങ്ങി കുറച്ചു നടന്ന ശേഷമാണ് ഓട്ടോ കിട്ടിയത്. ഓട്ടോക്കാരനോട് കാര്യം പറഞ്ഞപ്പോൾ നാല് കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെ അതിവേഗം  എത്തിച്ചു. ട്രെയിൻ പുറപ്പെടുന്നതിന്റെ ഏഴ് മിനിറ്റ് അവിടെയെത്തിയ ഞങ്ങൾ യാത്ര തുടങ്ങിയ കണ്ണൂർ ആലപ്പിഎക്സ്പ്രസ്സ് ട്രെയിനിൽ നാട്ടിലേയ്ക്ക് മടക്ക യാത്ര ആരംഭിച്ചു. രാത്രി എട്ടു മണിക്ക് ശേഷം തിരൂർ എത്തിയ ഞങ്ങൾ ബസിൽ കോട്ടക്കലേക്കും അവിടന്ന് ഓട്ടോയിലും കയറി രാത്രി പത്തു മണിയോടെ വീട്ടിൽ തിരിച്ചെത്തി. 


No comments:

Post a Comment