Sunday, April 8, 2018

മരുഭൂമിയിലെ പൂക്കളുടെ പറുദീസയിലേക്ക്.


സൗദിയിലെ വ്യവസായ നഗരമായ യാമ്പുവിൽ എല്ലാ വർഷവും മാർച്ച് മാസത്തിൽ നടക്കുന്ന പ്രശസ്തമായ ഒരു മേളയാണ് യാമ്പു പുഷ്പ മേള. നഗര ഭരണ കർത്താക്കളായ യാമ്പു റോയൽ കമ്മീഷന് കീഴിലുള്ള ജലസേചനവും ലാൻഡ് സ്‌കേപ്പും കൈകാര്യം ചെയ്യുന്ന വകുപ്പ് നടത്തുന്ന ഈ മേള ഓരോ വർഷവും നിരവധി ആളുകളാണ് സന്ദർശിക്കാൻ എത്തുന്നത്. ഏറ്റവും വലിയ പൂപ്പരവതാനി ഒരുക്കിയതിന്റെ രണ്ടു തവണ ഗിന്നസ് ബുക്കിലും ഈ മേള ഇടം പിടിച്ചിട്ടുണ്ട്. പോയ വർഷങ്ങളിൽ യാമ്പു പുഷ്പ മേളക്ക് പോകാൻ അതീവ താല്പര്യ മുണ്ടായിരുന്നുവെങ്കിലും പല കാരണങ്ങൾ കൊണ്ട് അത് സാധിച്ചില്ല. ഈ വർഷം അവധിയും മറ്റു സാഹചര്യങ്ങളും ഒത്തു വന്നതിനാൽ സഞ്ചാരി ജിദ്ദ ഗ്രൂപ്പിന് കീഴിൽ പോകാൻ നേരത്തെ തന്നെ സീറ്റ് ബുക്ക് ചെയ്തു. രാവിലെ ആറര മണിക്ക് മുമ്പ് തന്നെ ഞങ്ങൾ സ്റ്റാർട്ടിങ് പോയിന്റായ സൈലന്റ് പാർക്കിൽ എത്തി ചേർന്നു.ഒട്ടു മിക്ക സഞ്ചാരികളും അവിടെ എത്തുന്നു വെങ്കിലും ഞങ്ങൾക്ക് പോകാനുള്ള ബസ് എത്തിയിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോയെക്കും ബാക്കിയുള്ളവരും എത്തിച്ചേർന്നു. ബസ് കുറച്ചു കൂടി വൈകും എന്ന് മനസ്സിലായപ്പോൾ വഴിയിൽ വെച്ച് കഴിക്കാൻ പ്ലാൻ ചെയ്ത പ്രഭാത ഭക്ഷണം അവിടെ തന്നെ ഉള്ള പാർക്കിൽ വെച്ച് ഞങ്ങൾ കഴിച്ചു.

ഭക്ഷണം കഴിച്ചു തീരുമ്പോയേക്കും ഞങ്ങൾക്ക് പോകാനുള്ള ബസ്സെത്തി. ചിരിക്കുന്ന ആപ്പിളിന്റെ പടമുള്ള ഒരു സുന്ദരൻ ബസ്. ബർമക്കാരനായ ചെറുപ്പക്കാരനായ ഒരു ഡ്രൈവറും സഹായത്തിനു എല്ലാത്തിനും റെഡിയായ അയാളുടെ ചെറിയ മകനും ഉണ്ടായിരുന്നു. എട്ടു മണിയോടെ  അമ്പതോളം ആളുകളും കുറച്ചു കുട്ടികളുമടങ്ങുന്ന സഞ്ചാരിക്കൂട്ടം യാമ്പു ലക്ഷ്യമാക്കി യാത്ര തിരിച്ചു. ബസ് പുറപ്പെട്ടു കുറച്ചു കഴിഞ്ഞപ്പോൾ മുഖ്യ അഡ്മിൻ ജൈജി സഞ്ചാരിയെ പറ്റിയും സഞ്ചാരിയുടെ ലക്ഷ്യങ്ങളെ പറ്റിയും വിവരിച്ചു. അതിനു ശേഷം എല്ലാവരും പരസ്പരം പരിചയപ്പെടുത്തി. വാശിയേറിയ അന്താക്ഷരി മത്സരമാണ് ബസിൽ ആദ്യം അരങ്ങേറിയത്. ബസിലുള്ളവർ പരസ്പരം നാലു ടീമായി തിരിഞ്ഞാണ് മത്സരിച്ചത്. ഞങ്ങൾ താജ് ക്ലിനിക് ഒരു ടീം, അൽ ബൈക്കിൽ നിന്നും വന്നവർ മറ്റൊരു ടീം, ഫോർഡ് കമ്പനി യുടെ ആളുകൾ മറ്റൊരു ടീമും ബസിലുള്ള കണക്കപിള്ളമാർ മറ്റൊരു ടീം എന്നിങ്ങനെയാണ് മത്സരിച്ചത്. ബസിനുള്ളിൽ മത്സരം പൊടി പൊടിക്കുമ്പോൾ റാബഗ് വഴി മുന്നോട്ട് കുതിക്കുകയായിരുന്നു. മക്ക, ജിദ്ദ, മദിനാ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽവേ പാലം പലയിടത്തും റോഡിനു സമാന്തരമായി കടന്നു പോകുന്നുണ്ടായിരുന്നു. അടുത്ത പ്രവർത്തനം തുടങ്ങുന്ന ഈ റെയിൽവേയുടെ അഞ്ചു സ്‌റ്റേഷനുകളിൽ ഒന്നായ റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി റയിൽവേ സ്‌റ്റേഷൻ യാത്രക്കിടയിൽ കണ്ടു. സൗദിയിലെ ഒരു വമ്പൻ പ്രൊജക്റ്റ് ആയ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി യിലേക്കുള്ള കവാടവും കണ്ടു. വ്യവസായങ്ങളും തുറമുഖവും, കടലോര റിസോർട്ടും, മൂന്നു ലക്ഷത്തോളം താമസയിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടങ്ങുന്ന ഈ പട്ടണം മെയിൻ റോഡിൽ നിന്നും കുറച്ചു ദൂരെയായതിനാൽ വ്യക്തമായി കാണാൻ പറ്റിയില്ല. യാത്രക്കിടയിൽ കൊച്ചു കൃഷി തോട്ടങ്ങളും ഒട്ടക ത്തിന്റെയും ആടിന്റേയും കൂട്ടങ്ങളെയും എല്ലാം കാണാമായിരുന്നു. ബസിനകത്തു മറ്റു പല മത്സരങ്ങളും നടക്കുന്ന്നുണ്ടായിരുന്നു. ഇതിനു മുമ്പ് സഞ്ചാരി നടത്തിയ വാഹബ ഗർത്തത്തിലേക്കുള്ള യാത്ര യിലെ മത്സരങ്ങളുടെ  അവതാരകൻ അച്ചൂസിന്റെ അഭാവം ശരിക്കും പ്രകടമായിരുന്നു. ബസ് യാമ്പുവിനോട് അടുക്കുന്നതോടെ വലിയ റിഫൈനറികളും ഫാക്ടറികളും നിര നിരയായി കാണാമായിരുന്നു.
ജിദ്ദയിൽ നിന്നും പുറപ്പെട്ട ബസ് വഴിയിൽ എവിടെയും നിർത്താതെ യുള്ള യാത്രയായിരുന്നു. ബസിലെ ബാത്ത് റൂം പലരും ഉപയോഗപ്പെടുത്തിയാൽ നിർത്തേണ്ട ആവശ്യവും വന്നില്ല. പതിനൊന്നു മണിയോട് കൂടി ഞങ്ങൾ യാമ്പുവിൽ എത്തി. ബോട്ട് യാത്ര നടത്താനായി ബോട്ട് ചെട്ടിയിലാണ് ഞങ്ങൾ ആദ്യം പോയത്. ഉൽകടലിനോട് ചേർന്ന ഡ്രീംസ് മറീന യിലാണ് ഞങ്ങൾ എത്തിച്ചേർന്നത്. ഇരുപത് പേരെ കൊള്ളുന്ന ഒരു ബോട്ടാണ് ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്. കുറച്ചു സമയം അവിടെ ചുറ്റിക്കറങ്ങി പള്ളിയിൽ പോകാനുള്ള വർ അവിടെ നിന്നും വീണ്ടും ബേസിൽ കയറി അടുത്തുള്ള പള്ളി ലക്‌ഷ്യമാക്കി യാത്ര തുടർന്നു. മൂന്നു തവണയായി ബോട്ട് യാത്ര നടത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. ഞങ്ങൾ പള്ളിയിൽ പോയി വരുമ്പോയേക്കും ഒരു ടീമിന്റെ യാത്ര കഴിഞ്ഞിരിക്കും. കടൽ തീരത്തു കൂടിയായിരുന്നു ഞങ്ങളുടെ പള്ളിയിലേക്കുള്ള യാത്ര. ഉൾക്കടൽ തീരത്തു കൂടി കുറച്ചു യാത്ര ചെയ്തു കടലിനടുത്തി ബസ് തിരിച്ചു ചോദിച്ചു ചോദിച്ചു ഞങ്ങൾ പള്ളി അന്വേഷിച്ചു പോയി. ചെറിയ യാത്രക്ക് ശേഷം ഞങ്ങൾ പള്ളിയിൽ എത്തിച്ചേർന്നു. അടുത്തുള്ള തോട്ടത്തിൽ വിളഞ്ഞ പച്ച മുളകും ചുരക്കയും (ചെരങ്ങ) യും പള്ളി മുറ്റത്തു ഒരു ബംഗ്ലാദേശ് പൗരൻ വിൽക്കുന്നത് കണ്ടപ്പോൾ കൗതുകം തോന്നി. ജുമുഅ നിസ്കാര ശേഷം ഞങ്ങൾ മറീനയിൽ തിരിച്ചെത്തി. അപ്പോയെക്കും ആദ്യ ടീം ബോട്ട് യാത്ര കഴിഞ്ഞു തിരിച്ചെത്തിയിരുന്നു. രണ്ടാമത്തെ ടീം യാത്ര പുറപ്പെടാൻ തുടങ്ങുമ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. അപ്പോൾ നന്നായി വിശന്നിരുന്നതിനാൽ ബോട്ട് യാത്രക്കുള്ള മൂഡ് ഇല്ലായിരുന്നു. ബസിൽ ഉണ്ടായിരുന്ന ചിക്കൻ ബിരിയാണി അവിടെ വെച്ച് നന്നായി എല്ലാവരും കഴിച്ചു. ഭക്ഷണവും കുറച്ചു ഫോട്ടോസ് എടുത്തപ്പോയെക്കും രണ്ടാമത് പോയ ടീമും തിരിച്ചെത്തി. അടുത്തത് ഞങ്ങളുടെ ഊഴമായിരുന്നു. ഇരുപതോളം ആളുകൾ അടങ്ങുന്ന ഞങ്ങളുടെ ടീം സ്പീഡ് ബോട്ടിൽ യാത്ര ആരംഭിച്ചു. ഓളപ്പരപ്പിലൂടെ നല്ല വേഗതയിലുള്ള ബോട്ട് യാത്ര അതീവ രസകരവും ആസ്വാദകരവും ആയിരുന്നു. നല്ല അടിപൊളി മലയാള പാട്ടുകളും ബോട്ടിൽ മുഴങ്ങുന്നുണ്ടായിരുന്നു. ബേപ്പൂർക്കാരൻ ആയിരുന്നു ബോട്ട് ഡ്രൈവർ. ബോട്ട് കുറെ യാത്ര ചെയ്തു യാമ്പു 22 എന്ന പേരിലുള്ള ഒരു ടഗ് ബോട്ടിനടുത്തെത്തി. വലിയ കപ്പലുകളെ തള്ളി നീക്കാനും നാടുകടലിലേക്കു നീക്കാനും മറ്റും ഉപയോഗിക്കുന്ന യാനമാണിത്. അവിടെ ഞങ്ങളുടെ ബോട്ട് എൻജിൻ ഓഫ് ചെയ്തു കുറച്ചു ഫോട്ടോകൾ ഒക്കെ എടുത്തു. ഉൾക്കടലിൽ നിന്നും ചെങ്കടലിലേക്കുള്ള കടക്കുന്ന ഭാഗം അവിടെ നിന്നും കാണാമായിരുന്നു. കടലിലേക്ക് കടക്കണമെങ്കിൽ പ്രതേക അനുമതിയും ബോട്ടിൽ യാത്രക്കാരുടെ യാത്ര എണ്ണത്തിന് നിയന്ത്രണവും ഒക്കെയുണ്ട്. അജ്‌മാൻ ആസ്ഥാനമായ സിൽവർ ക്രാഫ്റ്റ് കമ്പനിയുടെ 36HT ഇനത്തിൽ പെട്ട ജമാൽ അൽ ബഹാർ എന്ന ബോട്ടിലാണ് ഞങ്ങൾ യാത്ര ചെയ്തത്. 35 അടി നീളമുളള ഈ ബോട്ടിനു ശക്തി പകരുന്നത് യമഹയുടെ 250 കുതിര ശക്തിയുള്ള രണ്ടു എൻജിനുകൾ ആണ്.ജീവിതത്തിൽ ഇതുവരെ നടത്തിയതിൽ കൊച്ചിയിൽ അറബിക്കടലിലേക്കു ക്ലാസിക് പാരഡൈസ് എന്ന ബോട്ട് യാത്രക്ക് ശേഷം ഏറ്റവും രസകമായ അനുഭവമായിരുന്നു ഈ യാത്ര.  രണ്ടര മണിക്കാരംഭിച്ച
യാത്ര മൂന്നരയോടെ അവസാനിപ്പിച്ച് ഞങ്ങൾ കരക്കെത്തി. അപ്പോൾ ജിദ്ദയിൽ നിന്നുള്ള മറ്റു ചില മലയാളികളുടെ ബസ്സുകളും അവിടെ എത്തിയിരുന്നു.
ഏറെ വൈകാതെ അവിടെ നിന്നും ബസ്സിൽ ഫ്ലവർ ഷോ നടക്കുന്ന റോയൽ കമ്മിഷൻ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. അതായതിനുള്ള പാത്രം കൊടുക്കാനുള്ളതിനാൽ യാമ്പു നഗരത്തിലൂടെയാണ് ഞങ്ങൾ അങ്ങോട്ട് പോയത്. ശരിക്കും ഫ്ലവർ ഷോ നടക്കുന്നത് ജിദ്ദ റോഡിൽ ആണ്. അംബര ചുംബികൾ കൂടുതൽ ഇല്ലാത്ത ഒരു ചെറിയ പട്ടണമാണ് യാമ്പു. യാമ്പു ടൗണിലൂടെ ഒന്ന് കറങ്ങിയാണ് ഞങ്ങളുടെ ബസ് ഫ്ലവർ ഷോ ഏരിയ യിൽ എത്തിയത്. കവാടത്തിനു കുറച്ചു മുമ്പ് ഞങ്ങളെ ഇറക്കി വിട്ടു ബസ് പാർക്കിംഗ് ഏരിയ യിലേക്ക് പോയി . ഏഴര മണിയോടെ എല്ലാവരോടും പാർക്കിംഗ് ഏരിയ യിൽ എത്തിച്ചേരാൻ അഡ്മിന്മാർ എല്ലാവരോടും പ്രതേകം പറഞ്ഞു. ഫ്ലവർ ഷോ ഗ്രൗണ്ടിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു.
അവരുടെ കൂടെ ഞങ്ങളും കൂടി. മുഖ്യ കവാടത്തിൽ എത്തുന്നതിനു മുമ്പ് തന്നെ പൂക്കളുടെ കാഴ്ചകൾ തുടങ്ങിയിരുന്നു. ഒരു ഭാഗത്തു വിവിധ വർണങ്ങളിൽ ഉള്ള പൂക്കളുടെ ഒരു മതിൽ ആയിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ്
അകത്തു ചെടിച്ചട്ടികൾ ചെരിച്ചു വച്ചതാണെന്നു മനസ്സിലായത്. അകത്തേക്കുള്ള വഴിയുടെ നടുവിൽ നീളത്തിൽ വെള്ളം മനോഹരമായി ഒഴുകുന്ന ടാങ്ക് പോലുള്ള ഭാഗമാണ് കണ്ടത്. അകത്തേക്ക് കടക്കുമ്പോളുള്ള ആദ്യ കാഴ്ച ഗിന്നസ് ബുക്കിന്റെ രണ്ടു വലിയ ഫലകങ്ങൾആണ്. 2014, 2017 എന്നീ വർഷങ്ങളിൽ ഏറ്റവും വലിയ പുഷ്പ പരവതാനിക്കു ലഭിച്ച റോക്കോഡുകൾ ആയിരുന്നു അത്.  പിന്നെ ഞങ്ങൾ കണ്ടത് വിവിധ വർണ്ണങ്ങളിൽ ഉള്ള പൂക്കളുടെ വലിയ ഒരു ലോകമായിരുന്നു. പൂക്കൾ വാരി വിതറിയ പോലത്തെ ചെറിയ കുന്നുകൾ. നമ്മൾ മുമ്പ് കണ്ടതും അല്ലാത്തതുമായ ഒത്തിരി പൂക്കൾ. വളരെ ചെറിയ ചെടികളിൽ ആണ് ഈ പൂക്കൾ എന്നതിനാൽ ദൂരെ നിന്ന് നോക്കുമ്പോൾ പൂക്കൾ മാത്രമേ കാണൂ.
ഒരുഭാഗത്തെത്തിയപ്പോൾ ചെറിയ അരുവിയും തടാകവുമെല്ലാം കൃതിമമായി നിർമ്മിച്ചത് കണ്ടു. ഫുഡ് സ്റ്റാളുകളുടെ അടുത്തെത്തിയപ്പോൾ എല്ലാവരും തിരഞ്ഞത് കുലുക്കി സർബത് സ്റ്റാൾ ആയിരുന്നു. കഴിഞ്ഞ വാരം ടി വി യിൽ വന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതിനാൽ എല്ലാവരും അറിഞിരുന്നു. മലയാളികളുടെ വലിയ ഒരു കൂട്ടം ഒരു സ്റ്റാലിന് മുമ്പിൽ കണ്ടു. അത് തന്നെ കുലുക്കി സർബത് സ്റ്റാൾ എന്ന് മനസ്സിലാക്കിയ ഞങ്ങൾ അങ്ങോട്ട് കുതിച്ചു. പച്ച മാങ്ങ, കൈതച്ചക്ക സർ ബത്തുകൾക്കു പണമടച്ചു ഞങ്ങളും വരി നിന്നു. സർബത് കുലുക്കാൻ ഒരാൾ മാത്രം ആയതിനാൽ ആളുകൾ വാരി നിന്ന് മടുത്തിരുന്നു. വരി നിന്ന ആളുകൾ പണം തിരിച്ചു ചോദിച്ച തക്കത്തിന് ഞങ്ങളും പണം വാങ്ങി അവിടെ നിന്നും വിട്ടു. അപ്പോയേക്കും സൂര്യ പ്രകാശം സൂര്യ പ്രകാശം പോയതിനാൽ കാഴ്ചയുടെ പൊലിമ കുറഞ്ഞിരുന്നു. പിന്നെ ബാക്കിയുള്ള കാഴ്ചകളെല്ലാം നടന്നു കണ്ടു. പൂക്കളുടെ ആ മനോഹര ലോകത്തു പിന്നെയും കുറെ സമയം ഞങ്ങൾ ചിലവഴിച്ചു. നല്ല തിരക്ക് കാരണം ചിലയിടങ്ങളിൽ നടക്കാൻ പോലും ബുദ്ദി മുട്ടി. പൂക്കളും മറ്റും വിൽക്കു 
 ന്ന കു
 
റെ സ്റ്റാളുകളും ഒരു ചെറിയ അമ്യൂസ്‌മെന്റ് പാർക്കുമെല്ലാം അവിടെ ഉണ്ടായിരുന്നു. പക്ഷി പ്രദർശനവും ചിത്ര ശലഭ പാർക്കും ഉണ്ടായിരുന്നു വെങ്കിലും ടിക്കറ്റുള്ളതിനാലും സമയ കുറവ് കൊണ്ടും  ഞങ്ങൾ കയറിയില്ല. ഏഴരയോടെ ബസിൽ തിരിച്ചെത്തി എട്ടര മണിക്ക് ബസ് ജിദ്ദയിലേക്കുള്ള മടക്ക യാത്ര തുടങ്ങി. വഴിയിൽ ഒരു പെട്രോൾ പമ്പിൽ നിർത്തി ഡിന്നർ കഴിച്ചു. തിരിച്ചു ബസിൽ കയറി ഒന്ന് മയങ്ങി ഉണർന്നപ്പോയേക്കും ബസ് ജിദ്ദയിൽ എത്തിയിരുന്നു. തിരിച്ചു വരുമ്പോൾ സമ്മാന വിതരണവും കണക്കവതരണവും ഉണ്ടായിരുന്നു.

No comments:

Post a Comment