Saturday, January 12, 2019

ജിദ്ദക്കുള്ളിൽ ഒരു കൊച്ചു സഞ്ചാരം


 ഏറെ കാലത്തിനു ശേഷം രണ്ട് ദിവസം ഒരുമിച്ചു അവധി കിട്ടിയപ്പോൾ വെറുതെ റൂമിലിരിക്കാൻ തോന്നിയില്ല. ആദ്യ ദിവസം ഷറഫിയയിൽ ഗാനമേളക്ക് പോയി. രണ്ടാം ദിവസം ജിദ്ദയുടെ ലോക്കൽ ബസിൽ ഒരു യാത്ര പ്ലാൻ ചെയ്തു. യാത്രക്കൊരു ലക്‌ഷ്യം വേണമല്ലോ. പുതിയ ലുലു ഹൈപ്പർമാർകെറ് ആയിരുന്നു ഞങ്ങളുടെ യാത്ര ലക്‌ഷ്യം. ഞങ്ങളുടെ സ്ഥലത്തു നിന്ന് ബലദിലേക്കു ഒരു ബസ് യാത്ര . അവിടെ നിന്നും ബവാദി ബസ്സിന്റെ അവസാന സ്റ്റോപ്പ് വരെ. അവിടെ നിന്നും ലുലുവിലേക്കു മൂന്നു കിലോമീറ്റർ നടന്നു എത്തിച്ചേരുക. തിരിച്ചും അത് പോലെ വരിക. SAPTCO എന്ന സൗദിയിലെ KSRTC യിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. ബസുകൾ ഒക്കെ നല്ല കിടിലൻ ആണ്. SAPTCO യുടെ മാപ്പും ഗൂഗിൾ മാപ്പും ചെക്ക് ചെയ്തു യാത്ര പഥം എല്ലാം തീരുമാനിച്ചു വൈകിട്ട് അഞ്ചു മണിയോടെ ഞങ്ങൾ യാത്ര ആരംഭിച്ചു. ആദ്യ ബസ് കിട്ടാൻ പത്തു മിനിറ്റോളം ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു. അപ്പോയെക്കും ടാക്സികളുടെയും കള്ള ടാക്സികളുടെയുമായി 21 ക്ഷണം ഞങ്ങൾക്ക് നിരസിക്കേണ്ടി വന്നു. പിന്നീട് വന്ന ബസ് നിറയെ ആളുകൾ ആയിരുന്നു. ഡ്രൈവറുടെ സമീപത്തുള്ള സ്ഥലത്തു നിന്ന് യാത്ര ശരിക്കും ആസ്വദിച്ചു. രസികനായ ഒരു ഹിന്ദിക്കാരൻ ആയിരുന്നു ബസ് ഡ്രൈവർ. അദ്ദേഹത്തിന്റെ നർമ കലർന്ന ഇടപെടൽ  ആസ്വാദത ഇരട്ടിയാക്കി. നിരവധി ട്രാഫിക് സിഗ്നലുകളും തെരുവുകളും പിന്നിട്ടു ബസ്സ് 15 മിനിട്ടിനകം ബലദിൽ എത്തി. . അന്നൊരു വെള്ളിയാഴ്ചയായതിനാൽ ബലദിന്റെ ആ സായാഹ്നം വിവിധ നാട്ടുകാർ വന്നു നിറഞ്ഞു കവിഞ്ഞിരുന്നു. അവിടെ ഇറങ്ങിയപ്പോൾ തന്നെ അടുത്ത ബസ് കിട്ടിയതിനാൽ ബലദിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നില്ല. ബവാദി ബസ്സിൽ ആളുകൾ കുറവായതിനാൽ സൗകര്യ പ്രദമായ സീറ്റുകളിൽ ഇരുന്നു നഗരത്തിന്റെ കാഴ്ചകൾ കണ്ടു ഞങ്ങൾ യാത്ര തുടർന്നു. ബാബ് മക്കയും കന്തറയും പിന്നിട്ടു ഓവർബ്രിഡ്ജിനു അടിയിലൂടെ ഷറഫിയ വഴി പലസ്റ്റീൻ റോഡിലേക്ക് ബസ് കടന്നു. പലയിടത്തും ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.പലസ്റ്റീൻ  റോഡിലൂടെ മുന്നോട്ടു പോയ മറ്റൊരു ഓവർ ബ്രിജിനടിയിൽ തിരിച്ചു വന്നു മക്കറോണ റോഡിലൂടെ യാത്ര തുടർന്നു.
 ആ റോഡിലെ പ്രധാന കാഴ്ച ഒരു ഭീമൻ ജ്യോമെട്രി ടൂളുകളുടെ ശിൽപം ആയിരുന്നു. ജിദ്ദ നഗരത്തിന്റെ പല ഭാഗത്തും റോഡരികിലും മറ്റും വലിയ രൂപങ്ങൾ മനോഹരമായ കാഴ്ചകൾ ആണ്. സൈക്കിൾ, പന്ത്, ഭൂഗോളം, കപ്പൽ, വിമാനം അങ്ങനെ പലതും ജിദ്ദയുടെ പല ഭാഗങ്ങളിലും കാണാം. അവയുടെ പേരിലാണ് പലതും അറിയപ്പെടുന്നത്. ഒടുവിൽ മകറോണ റോഡിൽ നിന്നും സുൽത്താൻ ബിൻ സൽമാൻ റോഡിലൂടെ അവസാന സ്റ്റോപ്പിൽ ബസെത്തി. അവിടെ എത്തിയപ്പോയേക്കും ആറേമുക്കാൽ ആയിരുന്നു. ബലദിൽ നിന്നും കൃത്യം ഒരു മണിക്കൂർ യാത്ര. ലക്‌ഷ്യ സ്ഥാനമായ ലുലു വിലേക്ക് നടക്കാനുള്ള വഴി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഉറപ്പാക്കി നടത്തം തുടങ്ങി. ബസിറങ്ങി വളവു തിരിചപ്പോൾ ബംഗ്ലാദേശ് കാരുടെ ഹോട്ടലുകളും കടകളും മറ്റുമുള്ള ഒരു സ്ഥലം പിന്നിട്ടു ഞങ്ങൾ മുന്നോട്ടു പോയി ഹിറാ സ്ട്രീറ്റിലേക്കു തിരിഞ്ഞു. അതിലൂടെ രണ്ടു കിലോമീറ്ററിൽ അധികം ഞങ്ങൾ നടന്നു. ആ യാത്രയിൽ മാളുകളും ബ്രാൻഡഡ് ഷോപ്പുകളും റെസ്റ്ററെന്റുകളും മറ്റും ഞങ്ങൾ പിന്നിട്ടിരുന്നു. അപ്പോയെക്കും സൂര്യൻ അസ്മിത ക്കാനായിരുന്നു. മഗ്‌രിബ് ബാങ്ക് വിളിച്ചപ്പോൾ പള്ളി നോക്കി ലക്‌ഷ്യ സ്ഥാനത്തേക്കുള്ള ഞങ്ങളുടെ യാത്ര തുടർന്നു.
കുറെ മുന്നോട്ടു പോയപ്പോൾ ഹറമൈൻ എക്സ്പ്രസ്സ് ഹൈവേ കാണാറായി. അവിടെ നിന്നും ഉള്ളിലൂടെ തിരിഞ്ഞു കുറച്ചു പോയപ്പോൾ കുറെ ലൈറ്റുകൾ തെളിയിച്ച ഒരു വലിയ ഒരു കെട്ടിടം ഞങ്ങൾ കണ്ടു.
 ലുലുവിന്റെ ബോർഡൊന്നും കാണാത്തതിനാൽ   ഞങ്ങൾക്ക് സംശയമായി. കെട്ടിടത്തിന്റെ അടുത്തെത്തിയപ്പോൾ ആണ്‌ ലുലു അത് തന്നെയാണെന്ന് ഞങ്ങൾ ഉറപ്പിച്ചത്. അകത്തു കയറിയപ്പോൾ ഷോപ്പിംഗ് കാർട്ടുമായി പോകാവുന്ന നീളൻ എസ്കലേറ്റർ ആണ് ഞങ്ങളെ സ്വാഗതം ചെയ്തത്. അതിലൂടെ കയറി മൂന്നാം നിലയിലെ പള്ളിയിൽ പോയി നിസ്കരിച്ചു. പുറത്തിറങ്ങിയപ്പോൾ മൂന്നാം നിലയിലെ ഡ്രസ്സ് ഇലക്രോണിക്‌സ്  ഒന്ന് കറങ്ങി ഒന്നും വാങ്ങാതെ തിരിച്ചിറങ്ങി. ഷോപ്പിംഗ് ഞങ്ങളുടെ ഒരു ലക്ഷ്യമല്ലായിരുന്നു. അപ്പോഴാണ് അവിടെ  5D സിനിമ എന്ന ബോർഡ് കണ്ടത്. കൗതുകം കൊണ്ട് ഞങ്ങൾ അവിടെ പോയി അനേഷിച്ചു. ചലിക്കുന്ന കസേരയിൽ ഇരുന്നു കണ്ണട വെച്ച് ആസ്വദിക്കാവുന്ന 6 മിനിറ്റ് നീളുന്ന ഷോകൾ ആയിരുന്നു. മലപ്പുറം കോട്ടക്കുന്നിൽ വെച്ചും സിംഗപ്പൂരിലെ സെന്റോസയിൽ വെച്ചും മലേഷ്യ യിലെ ലങ്കാവിയിൽ വെച്ചും നേരത്തെ ഇത്തരം ഷോകൾ ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ കണ്ട സിംഗപ്പൂരിലെ ഷോ എന്നെ നിരാശ പ്പെടുത്തിയെങ്കിൽ പ്രതീക്ഷകൾ ഇല്ലാതെ കണ്ട കോട്ടക്കുന്നിലെ ഷോ ഏറെ ആസ്വദിച്ചിരുന്നു. ഷോ കാണാൻ തീരുമാനിച്ചു.

 ഒരാൾക്ക് 15 റിയൽ ആയിരുന്നു. ഡിസ്കൊണ്ട് ചോദിച്ചപ്പോൾ രണ്ടു പേർക്ക് 25 റിയാലേ വാങ്ങിയുള്ളൂ. ഞങ്ങൾ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. കുഴപ്പമില്ല എന്നെ ഷോയെ പറ്റി പറയാൻ പറ്റൂ. അതിന് ശേഷം താഴെ നിലയിലെ സൂപ്പർമാർകെറ്റിൽ കറങ്ങി കുറച്ചു സാധനങ്ങൾ വാങ്ങി ഞങ്ങൾ പുറത്തിറങ്ങി. അമീർ ഫവാസ് ലുലുവിന്റെ അത്ര വിസ്താരം അനുഭവപ്പെട്ടില്ല. ഒരു പക്ഷെ ഇത് പല നിലകളിൽ ആയതിനാൽ ആയിരിക്കാം. പഴം പച്ചക്കറി വിഭാഗം മറ്റേ ലുലുവിനെ അപേക്ഷിച്ചു കുടുസ്സായ പോലെ അനുഭവപെട്ടു. അവിടെ നിന്ന് വാങ്ങിയ ജ്യൂസ് പുറത്തൊരു സോഫയിൽ ഇരുന്നു കുടിച്ച ശേഷം ഞങ്ങൾ തിരിച്ചുള്ള യാത്ര തുടർന്നു. വന്ന വഴിയിലൂടെ തിരിച്ചു നടക്കുമ്പോൾ ഒമ്പതു മണി കഴിഞ്ഞിരുന്നു. അര മണിക്കൂറിലധികം നടന്നു ബസ് പാർക്ക് ചെയ്യുന്നിടത്തു ഞങ്ങൾ എത്തി. അവിടെ പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ബസിൽ കയറി യാത്ര തുടർന്നു. ബസിൽ ആളുകൾ വളരെ  കുറവായിരുന്നു. തിരിച്ചുള്ള യാത്രയിൽ രാത്രിയായതിനാൽ പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ തോന്നിയില്ല. മെല്ലെയൊന്നു മയങ്ങിയപ്പോയേക്കും ബാബ് മക്കയിലെത്തി. അവിടെ നിന്നും ഹരാജ് ബസിൽ റൂമിലേക്ക്‌ മടങ്ങി.

No comments:

Post a Comment