ചരിത്രം
സാമൂഹ്യചരിത്രം
ഊരകം, മേല്‍മുറി, കീഴ്മുറി എന്നീ ഗ്രാമങ്ങളുള്‍കൊള്ളുന്ന പഴയ ഏറനാട് താലൂക്കിന്റെ പടിഞ്ഞാറേയറ്റത്ത് കടലുണ്ടിപുഴയ്ക്കും ഊരകം മലയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഊരകം പഞ്ചായത്ത്. വനപ്രദേശമായ ഈ ഊരില്‍ നിന്നും കടലുണ്ടിപ്പുഴയിലൂടെയായിരുന്നു പഴയ തലമുറക്കാര്‍ ബാഹ്യലോകവുമായി ബന്ധപ്പെട്ടിരുന്നത്. ഒരുകാലത്ത് കൊടുംവനമായിരുന്നതും വന്യജീവികളുടെ വിഹാരരംഗമായിരുന്നതുമായ ഈ പ്രദേശങ്ങളില്‍ വന്യജന്തുക്കളുടെ പേരിനെ അനുസ്മരിപ്പിക്കുന്ന കരിമ്പീലി, പന്നിപ്പാറ, മുള്ളന്‍ മടക്കല്‍, ആനക്കല്ല് തുടങ്ങിയ ധാരാളം സ്ഥലനാമങ്ങളുണ്ട്. വന്യജീവികളില്‍ ഇന്നവശേഷിക്കുന്ന ഏകവര്‍ഗ്ഗമായ കുരങ്ങുകളെ ഊരകം മലയില്‍ ഇപ്പോഴും അപൂര്‍വ്വമായി കാണാം. “മലമടക്കുകള്‍ക്കകത്ത് കിടന്ന ഊര്” ആയതുകൊണ്ടാവാം ഇവിടം “ഊരകം” ആയതെന്ന് അനുമാനിക്കാം. ഊരകംമല പണ്ടുകാലത്ത് പോരാളികളുടെ ഒളിത്താവളമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തിരുവര്‍ശനാംകുന്ന് ക്ഷേത്രം, നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഒരു സംസ്കാരം ഇവിടെ നിലനിന്നിരുന്നുവെന്നതിന്റെ സൂചന നല്‍കുന്നു. ഏറെ പുരാതനമായ പള്ളിയാണ് ഈ പഞ്ചായത്തിലെ നെല്ലിപ്പറമ്പ് ജുമാമസ്ജിദ്. ഈ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രസവിശേഷതകളായ കുന്ന്, പാറ, ചാലുകള്‍, തോടുകള്‍, പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങള്‍ ഇന്നും അറിയപ്പെടുന്നത്. ഉയര്‍ന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞതാണ് ഊരകം പഞ്ചായത്ത്. ജന്‍മികുടിയാന്‍ വ്യവസ്ഥിതി നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇത്. ഗ്രാമത്തിലെ ഭൂമി മുഴുവന്‍, തിരുവര്‍ച്ചനാംകുന്ന് ദേവസ്വം, ഗുരുവായൂര്‍ ദേവസ്വം, പൊതുവാള്‍, കുറിരിപ്പുറം എന്നീ ജന്മികുടുംബങ്ങളുടെ അധികാരപരിധിയിലായിരുന്നു. പഴയകാലത്ത് ഗ്രാമകൂട്ടങ്ങള്‍ ഊരാളന്‍മാരാല്‍ ഭരിക്കപ്പെട്ടു. കുടിയാന്മാര്‍ക്കു നേരെ, ഭൂപ്രമാണിമാരുടെ ക്രൂരമായ ചൂഷണം ഇവിടെ നിലനിന്നിരുന്നു. അടിമകളെപ്പോലെ പകലന്തിയോളം പണിയെടുത്താലും പട്ടിണിമാത്രം ബാക്കിയായ ഇവര്‍ മറ്റൊരു വേലയ്ക്കു പോയാലോ കൊടിയ മര്‍ദ്ദനമായിരുന്നു ഫലം. ജാതിവ്യവസ്ഥയുടെ ഭാഗമായി തൊട്ടുകൂടായ്മ, തീണ്ടല്‍ മുതലായ അനാചാരങ്ങളും നിലനിന്നിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് വഴി നടക്കാനോ, വസ്ത്രം ധരിക്കാനോ, ശീലക്കുട, ചെരുപ്പ് എന്നിവ ഉപയോഗിക്കാനോ, സ്ത്രീകള്‍ക്കു മാറ് മറയ്ക്കാനോ ഉള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. ദേശീയപ്രസ്ഥാനം വളര്‍ന്നതിന്റെ ഫലമായി അയിത്തത്തിനും ജാതിവ്യവസ്ഥിതിക്കും എതിരെ ഈ പഞ്ചായത്തിനകത്തും ഹരിജന്‍ സമാജം രൂപീകരിക്കപ്പെട്ടു. “കൃഷിഭൂമി കൃഷിക്കാരന്” എന്ന മുദ്രാവാക്യവും എ.കെ.ജി നയിച്ച പട്ടിണിജാഥയും ഈ പ്രദേശത്തെ സാമൂഹ്യ പരിവര്‍ത്തനത്തിനു കാരണമായി. കുടികിടപ്പ് അവകാശങ്ങള്‍ക്കായി ഊരകം മേല്‍മുറി നെച്ചികുഴിയില്‍ ഹരിജനങ്ങള്‍ ഭൂമി വളച്ചുകെട്ടി കുടിയേറിയെങ്കിലും അന്നത്തെ സവര്‍ണ്ണപ്രമാണിമാര്‍ ഊരകം കീഴ്മുറിയില്‍ നിന്നും കൊണ്ടുവന്ന ആളുകളെ ഉപയോഗിച്ച് കുടിലുകള്‍ പൊളിച്ചുമാറ്റി. പക്ഷെ, ഈ സംഭവത്തോടെ കുടികിടപ്പവകാശബോധം സാധാരണക്കാരില്‍ രൂഢമൂലമായി. വിനോബാഭാവേയുടെ ഭൂദാന പ്രസ്ഥാനത്തിന്റെ അലയൊലികള്‍ ഈ പഞ്ചായത്തിലുമുണ്ടായിട്ടുണ്ട്. ഭൂദാനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തു നിന്ന് പ്രമുഖ ഗാന്ധിയന്മാരായ എ.വി.ശ്രീണ്ഠപൊതുവാള്‍, കെ.സി.പൊന്നുണ്ണിരാരു തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാട്ടെഴുത്തച്ചന്‍മാരും മൊല്ലാക്കമാരുമുള്‍പ്പെട്ട ആദ്യകാല വിദ്യാദാതാക്കളായിരുന്നു ഈ നാടിനെ സാംസ്കാരിക പുരോഗതിയിലേക്ക് നയിക്കുന്നതിനു തുടക്കമിട്ടത്. അക്കാലത്ത് ഓത്തുപള്ളികളിലൂടെയും എഴുത്തുതറകളിലൂടെയും വിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ പ്രതിഭകള്‍ ഈ പഞ്ചായത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ അദ്വിതീയനായിരുന്നു മഹാകവി വി.സി.ബാലകൃഷ്ണപണിക്കര്‍. പ്രമുഖ മുസ്ളീം പണ്ഡിതനും ആത്മീയനേതാവുമായിരുന്ന മാട്ടില്‍ അലവി മുസ്ളിയാര്‍ 1855-ല്‍ ഊരകത്താണ് ജനിച്ചത്. കെ.കെ.പൂകോയതങ്ങള്‍ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ആത്മീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു.
വിദ്യാഭ്യാസചരിത്രം
വിദ്യാലയങ്ങളില്ലാത്ത കാലത്ത് വീടിനോടു ചേര്‍ന്ന്, എഴുത്തുതറയുണ്ടാക്കി വിദ്യ പകര്‍ന്നുനല്‍കിയത് നാട്ടെഴുത്തച്ഛന്‍മാരായിരുന്നു. കൂടാതെ മൊല്ലാക്കമാരുടെ നേതൃത്വത്തില്‍ ഓത്തുപള്ളികള്‍ കേന്ദ്രീകരിച്ചും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടന്നുവന്നു. ഗ്രാമീണജനതയെ ഹരിശ്രീയിലേക്ക് നയിച്ച ഈ നാട്ടെഴുത്തച്ഛന്‍മാരും മൊല്ലാക്കമാരുമാണ് ഊരകത്തിന്റെ സാംസ്കാരികവളര്‍ച്ചയ്ക്കു അടിത്തറ പാകിയത്. എം.കെ.കുഞ്ഞിമുഹമ്മദ് മുസ്ള്യാര്‍, കുറുങ്കാട്ടില്‍ കുഞ്ഞറ മുസ്ള്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലബാര്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മലബാര്‍ കോട്ടുമല എ.എം.എല്‍.പി.സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1918-ലാണ് പാണ്ടികടവത്ത് കുഞ്ഞാലി ഹാജിയുടെ നേതൃത്വത്തില്‍ ബോര്‍ഡ് മാപ്പിള എലിമെന്ററി സ്കൂള്‍ സ്ഥാപിതമാവുന്നത്. കെ.സി.രാമപണിക്കര്‍, ഇ.പി.ഉഴിത്തറവാര്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് മിനി ബോയ്സ് എലിമെന്ററി സ്കൂള്‍. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ 1929-ല്‍ ആരംഭിച്ച മാപ്പിള ബോയ്സ് സ്കൂള്‍ മീതിയിലാണ് സ്ഥാപിതമായത്. സാമൂഹ്യപരിവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിച്ച അധ്യാപകനായിരുന്നു ശൂലപാണിമാസ്റ്റര്‍. അനൌപചാരിക വിദ്യാഭ്യാസരംഗത്ത് കെ.കെ.വാസുമാസ്റ്റര്‍, കെ.പി.മുഹമ്മദുകുട്ടിമാസ്റ്റര്‍ മുതലായവരുടെ നേതൃത്വത്തില്‍ ബഹുവിധങ്ങളായ പല പ്രവര്‍ത്തനങ്ങളും അക്കാലയളവില്‍ നടന്നിട്ടുണ്ട്. അനൌപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പി.എന്‍.പണിക്കര്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗം സമ്പുഷ്ടമാക്കിയ അക്കാലത്തെ പ്രഗല്‍ഭരായ അധ്യാപകരായിരുന്നു പൂളക്കണ്ണി ചേക്കുട്ടിമാസ്റ്റര്‍, എം.കെ.പരമന്‍ മാസ്റ്റര്‍, ഉഴിത്തറ നാരായണന്‍ വാര്യര്‍, തട്ടായി നാരായണന്‍മാസ്റ്റര്‍ എന്നിവര്‍.
സാംസ്കാരികചരിത്രം
ഊരകം ഗ്രാമത്തിനു അതിപുരാതനമായ ഒരു സാംസ്കാരികചരിത്രമുണ്ട്. രാജഭരണത്തിന്റെയും ജന്മിത്വത്തിന്റെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും ചൂഷണത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചവരാണ് ഊരകത്തെ സാധാരണ ഗ്രാമീണ ജനത. ഊരകം മലയുടെ നെറുകയിലാണ് ഈ ഗ്രാമത്തിന്റെ ശ്രീകോവിലെന്നു പറയാവുന്ന തിരുവര്‍ച്ചനാംകുന്ന് ശ്രീശങ്കരനാരായണസ്വാമീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിപുരാതനമായ ഈ ക്ഷേത്രം കൃഷ്ണശിലയാല്‍ നിര്‍മ്മിതമാണ്. ഇതുകൂടാതെ ഗ്രാമത്തിന്റെ നാനാഭാഗങ്ങളില്‍ നിരവധി ക്ഷേത്രങ്ങള്‍ വേറേയുമുണ്ട്. കുറ്റാളൂര്‍ വിഷ്ണുക്ഷേത്രം, അയ്യപ്പക്ഷേത്രം, ഊരകത്തെ അമ്മാഞ്ചരിക്കാവ്, കോട്ടുമല ശ്രീരാമസ്വാമിക്ഷേത്രം, മാടത്തുകുളങ്ങര അയ്യപ്പക്ഷേത്രം, കോങ്കടപ്പാറയിലെ വേട്ടക്കൊരു മകന്‍ ക്ഷേത്രം, മമ്പീതി സുബ്രഹ്മണ്യക്ഷേത്രം, തേര്‍പൂജാകോവില്‍, അയോദ്ധ്യഭഗവതിക്ഷേത്രം എന്നിവയാണ് മറ്റു പ്രധാനക്ഷേത്രങ്ങള്‍. ഗ്രാമത്തിന്റെ നാനാഭാഗങ്ങളിലായി കിടക്കുന്ന നിരവധി മുസ്ളീംആരാധനാലയങ്ങളില്‍ മുന്നൂറിലധികം വര്‍ഷം പഴക്കമുള്ള നെല്ലിപ്പറമ്പ് ജുമാമസ്ജിദ് ആണ് ഏറെ പഴക്കവും പ്രശസ്തിയുമുള്ളത്. പ്രശസ്തരായ പാണക്കാട് പൂക്കോയതങ്ങള്‍, മതപണ്ഡിതരായ കണ്ണിയത്ത് അഹമ്മദ് മുസ്ള്യാര്‍ എന്നിവരെ പോലുള്ള പല പ്രമുഖരും ഈ മസ്ജിദില്‍ നിന്ന് മതവിദ്യാഭ്യാസം നേടിയവരാണ്. പ്രാചീന വാസ്തുശില്പവിദ്യയുടെ മകുടോദാഹരണമാണ് ഈ പള്ളി. ഇന്നും പഴയ രീതിയില്‍ തന്നെ സംരക്ഷിക്കപ്പെടുകയും ആചാരാനുഷ്ഠാനങ്ങള്‍ അതേ രീതിയില്‍ തുടരുകയും ചെയ്യുന്ന പള്ളിയാണിത്. ഊരകം മലയിലെ ഫാത്തിമ മാതാ ദേവാലയം, ക്രിസ്തു രാജാ ദേവാലയം, ഒമ്പതാം വാര്‍ഡിലെ മാര്‍ത്തോമ്മാ ദേവാലയം എന്നിവയാണ് പ്രധാന ക്രിസ്ത്യന്‍ പളളികള്‍. ദേവാലയങ്ങളിലെ ഉത്സവങ്ങള്‍ ജാതിമതഭേദമെന്യേ ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ആഘോഷിക്കുന്നു. ശങ്കരനാരായണ ക്ഷേത്രത്തില്‍ തുലാംമാസത്തിലെ തിരുവോണനാളില്‍ തിരുവോണമലകയറ്റം നടക്കുന്നു. ഇതില്‍ പങ്കെടുക്കാന്‍ നാനാപ്രദേശങ്ങളില്‍ നിന്നും ആളുകളെത്തുന്നു. കൃഷിക്കാരുടെ നേതൃത്വത്തിലുളള കാളപൂട്ട് മത്സരങ്ങള്‍ കൊയ്ത്തുത്സവത്തിന് ശേഷമുള്ള ജനകീയ ഉത്സവങ്ങളായിരുന്നു. കോട്ടുമല കാളപൂട്ട് വളരെയേറെ പ്രശസ്തമായിരുന്നു. ഗോത്രസംസ്കാരത്തിന്റെ ഭാഗമായുളള കലാരൂപങ്ങള്‍ ഗ്രാമത്തില്‍ ഇന്നും നിലനില്‍ക്കുന്നു. ഭൂതംകളി, ചവിട്ടുകളി, പരിചമുട്ട്, കോല്‍ക്കളി, വട്ടപ്പാട്ട്, നടീല്‍പാട്ട്, ദഫ്മുട്ട്, കൈകൊട്ടിക്കളി, മാപ്പിളപ്പാട്ട്, എന്നിവയൊക്കെ ഇവിടെ അന്യം നിന്നുപോകാതെ സംരക്ഷിക്കുന്നതില്‍ ഗ്രാമീണര്‍ ബദ്ധശ്രദ്ധരാണ്. കല്ല്യാണവുമായി ബന്ധപ്പെട്ട് ആളുകള്‍ കൂടിയിരുന്ന് സന്തോഷം പ്രകടിപ്പിക്കാനായി ചൊല്ലിയിരുന്ന പാട്ടാണ് വട്ടപ്പാട്ട്. ഈ രംഗത്ത് പ്രശസ്തരായ താഴത്തെ വീട്ടില്‍ കുഞ്ഞഹമ്മദ,് കുണ്ടുംകാരന്‍ മൊയ്തൂട്ടി, തട്ടാന്‍ മുഹമ്മദ് എന്നിവരും മാപ്പിളപ്പാട്ടുകളെഴുതി പ്രശസ്തനായ അരിമ്പതൊടി മമ്മാലിക്കുട്ടിഹാജിയും ഈ ഗ്രാമത്തിന്റെ സന്തതികളാണ്. കേരള സാംസ്കാരിക രംഗം സമ്പുഷ്ടമാക്കിയ മലയാള സാഹിത്യത്തിലെ കൊള്ളിമീനായ മഹാകവി വി.സി.ബാലകൃഷ്ണപ്പണിക്കരുടെ ജന്മം കൊണ്ട് അനുഗൃഹീതമായ നാടാണിത്. വിദ്യാലയങ്ങളില്ലാത്ത കാലത്ത് വീടിനോട് ചേര്‍ന്ന് എഴുത്തുതറയുണ്ടാക്കി വിദ്യ പകര്‍ന്നുകൊടുത്തിരുന്നത് നാട്ടെഴുത്തച്ഛന്‍മാരായിരുന്നു. കൂടാതെ മൊല്ലാക്കമാരുടെ നേതൃത്വത്തില്‍ ഓത്തുപള്ളികളില്‍ കേന്ദ്രീകരിച്ചും അക്ഷരവിദ്യ പഠിപ്പിച്ചിരുന്നു. ഗ്രാമീണ ജനതയെ ഹരിശ്രീയിലേക്ക് നയിച്ച ഈ നാട്ടെഴുത്തച്ഛന്‍മാരും മൊല്ലാക്കമാരുമാണ് ഊരകത്തിന്റെ സാംസ്കാരികരംഗത്തിനു അടിത്തറ പാകിയത്. മഹാകവി വി.സി.ബാലകൃഷ്ണപ്പണിക്കര്‍ സ്മാരക വായനശാലയാണ് പ്രധാന ഗ്രന്ഥശാല.
കടപ്പാട് http://lsgkerala.in
No comments:
Post a Comment