ലോകയാൻ പദ്ദതിയുടെ ഭാഗമായി ലോകത്തെ വിവിധ തുറമുഖങ്ങൾ സന്ദർശിക്കുന്ന INS തരംഗിണി എന്ന ഇന്ത്യൻ കപ്പൽ ജിദ്ദ തുറമുഖത്തെത്തിയപ്പോൾ അത് കാണാൻ അവസരം കിട്ടി. ജിദ്ദ തുറമുഖത്തിന്റെ രണ്ടാം നമ്പർ ഗേറ്റിൽ നിന്നും ഇന്ത്യൻ കോൺസുലേറ്റ് ഏർപ്പെടുത്തിയ വാഹനത്തിൽ ഏറെ ദൂരം സഞ്ചരിച്ചാണ് കപ്പലിനടുത്തെത്തിയത്. ആ യാത്രയിൽ തീരത്തണഞ്ഞ കപ്പലുകളും കപ്പലുകളിൽ നിന്നും ഇറക്കിയ വലിയ ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും കണ്ടൈനറുകളും മറ്റും തുറമുഖത്തിന്റെ ഭാഗമായ മറ്റു പല നിർമിതികളും കാണാനായി. ഒടുവിൽ കപ്പലിന്റെ തൊട്ടടുത്താണ് ഞങ്ങളുടെ വാഹനം നിർത്തിയത്. ഞങ്ങളുടെ മുമ്പിൽ പാറിപ്പറക്കുന്ന വലിയ ഇന്ത്യൻ പതാകയോട് കൂടിയ പഴയ കാല പായ കപ്പലുകളെ ഓർമിപ്പിക്കുന്ന INS തരംഗിണി എന്ന മനോഹര കപ്പൽ.
ഇന്ത്യൻ നേവിയുടെ കപ്പൽ ആണെങ്കിലും ഇത് ശരിക്കും ഒരു യുദ്ധ കപ്പൽ അല്ല. ഇന്ത്യൻ നാവികസേനയിലെ ഓഫീസർ കേഡറ്റുകൾക്ക് കപ്പൽ പരിശീലനം നൽകുന്നതിനായി സഞ്ചരിക്കുന്ന ഈ കപ്പൽ ഗോവയിൽ നിർമിച്ചു 1997 ൽ നീറ്റിലിറക്കിയതാണ് . . "സമുദ്രങ്ങൾക്ക് കുറുകെ സൗഹൃദത്തിന്റെ പാലങ്ങൾ നിർമ്മിക്കുക" എന്ന പ്രമേയവുമായി 2003-04-ൽ തരംഗിണി അതിന്റെ ആദ്യ ഭൂഗോള പ്രദക്ഷിണം ആരംഭിച്ചു. പതിനഞ്ച് മാസത്തെ ആദ്യ യാത്രയിൽ കപ്പൽ 33,000 നോട്ടിക്കൽ മൈൽ (61,000 കിലോമീറ്റർ) പിന്നിടുകയും 18 രാജ്യങ്ങളിലെ 36 തുറമുഖങ്ങൾ സന്ദർശിക്കുകയും ചെയ്തു.
കപ്പലിനെ കരയുമായി ബന്ധിപ്പിക്കുന്ന ചെറിയ പാലത്തിലൂടെ ഞങ്ങൾ അകത്തേക്ക് കയറി, അവിടെ ഞങ്ങളെ സ്വീകരിക്കാനായി ഇന്ത്യൻ നേവി ഓഫീസർമാർ ഉണ്ടായിരുന്നു, കപ്പലുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോകൾ അവിടെ പ്രദർശിപ്പിച്ചിരുന്നു, 54 മീറ്റർ മാത്രം നീളമുള്ള ഇതിലെ വിവിധ കാഴ്ചകൾ നടന്നു കാണുകയും ഫോട്ടോകൾ പകർത്തുകയും ചെയ്തു. ചെറിയ കപ്പൽ ആയതിനാൽ ഇത് ചെറുതായി വെള്ളത്തിനൊപ്പം ആടുന്നതായി ഞങ്ങൾക്ക് അനുഭവപെട്ടു. കപ്പലിലെ ഓഫീസർമാർ ഞങ്ങൾക്ക് എല്ലാ കാര്യങ്ങളും വിവരിച്ചു തരികയും സംശയങ്ങൾക്ക് മറുപടിയും നൽകിയിരുന്നു. ഒരു ഭാഗത്തു അടുക്കളയിൽ പാചകം നടക്കുന്നതും ഞങ്ങൾ കണ്ടു. കാറ്റിന്റെ ഗതിക്കനുസരിച്ചും അല്ലാതെ ഇന്ധനനത്തിന്റെ സഹായത്തിലും ഈ കപ്പൽ പ്രവർത്തിക്കും . കപ്പലിന്റെ മൂന്നു വലിയ കൊടിമരങ്ങളിലെ പായകൾ ആ സമയത്തു ചുറ്റി വെച്ചിരുന്നു. കപ്പൽ ചുറ്റി കറങ്ങി കണ്ട ഞങ്ങൾ മുകളിലെ നിലയിലെ ക്യാപ്റ്റന്റെ റൂമിലെത്തി. അവിടെ ക്യാപ്റ്റൻ ഇന്ത്യൻ കോൺസുലർ ജനറലിന് കാര്യങ്ങൾ വിവരിച്ചു കൊടുക്കുന്നതാണ് ഞങ്ങൾ കണ്ടത്. അവിടത്തെ കാഴ്ചകൾ കണ്ടു അതിന്റെയും മുകളിൽ തുറന്ന ഭാഗത്തു കയറി കാഴ്ചകൾ കണ്ടു ഞങ്ങൾ താഴെ ഇറങ്ങി. കപ്പലിൽ സന്ദർശകർക്ക് പലതരം സ്മരണികകൾ വിൽക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു. കപ്പലിന്റെ ചെറിയ ഫോട്ടോ ഉള്ള ഫ്രിഡ്ജ് സ്റ്റിക്കറുകൾ , ടി ഷർട്ട് , ചായ കപ്പുകൾ, വിവിധ സ്‌പൈസസ് അടങ്ങിയ കിറ്റ് അങ്ങനെ പലതും അവിടെ ഉണ്ടായിരുന്നു. ഈ യാത്രയുടെ ഓർമക്കും എന്റെ ശേഖരത്തിലേക്കും ആയി കപ്പലിനെ ഒരു ദ്വിമാന രൂപം ഞാൻ അവിടെ നിന്നും വാങ്ങി. അവിടെ ഒരു മലയാളി ഓഫീസറെയും ഞങ്ങൾ പരിചയപെട്ടു. പിന്നീട് കരയിലേക്കിറങ്ങിയ ഞങ്ങൾ കരയിൽ നിന്നും കപ്പലിന്റെ ഫോട്ടോകൾ പകർത്തി. പുതിയ കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച കപ്പലിനോട് വിട ചൊല്ലി ബസിൽ കയറി കുറെ ഓടി സീപോർട്ടിന്റെ ഗേറ്റിനു പുറത്തേക്കും അവിടെ നിന്നും ജോലിയുടെ തിരക്കിലേക്കും ഞങ്ങൾ യാത്ര തുടർന്നു.
No comments:
Post a Comment