Thursday, September 22, 2022

അൽബഹയിലെ വിസ്മയങ്ങൾ.

 ജിദ്ദയിൽ നിന്നും നാനൂറിലേറെ കിലോമീറ്റർ ദൂരെയുള്ള അൽ ബഹയിലേക്ക് അറേബ്യൻ റൂട്സ് സംഘടിപ്പിച്ച യാത്ര ജീവിത്തിലെ നല്ല ഒരു അനുഭവമായിരുന്നു.  രാവിലെ 6.45 നു മൂന്നു ബസുകളിൽ ആയി ഏകദേശം നൂറ്റമ്പതോളം ആളുകൾ  ഷറഫിയക്കടുത്തുള്ള റോക്ക് ഗാർഡൻ പരിസരത്തു നിന്നും യാത്ര പുറപ്പെട്ടു. ഞങ്ങൾ സഞ്ചരിച്ച രണ്ടാം നമ്പർ ബസിനെ നയിച്ചത് പ്രശസ്ത ഫുഡ് വ്‌ളോഗർ എം സി മനാഫ്  ആയിരുന്നു. ബസ് പുറപ്പെട്ട ഉടൻ തന്നെ കേക്കും ബദാമും ഉണക്ക മുന്തിരിയും അടങ്ങിയ  വെൽക്കം കിറ്റ്  വിതരണം ചെയ്തു. മനാഫിന്റെ  ആമുഖ പ്രസംഗത്തോടെ തുടങ്ങി പാട്ടും ഡാൻസും കഥ പറച്ചിലും ഒക്കെ ആയി ബസ് ജിസാൻ റോഡിലൂടെ മുന്നോട്ട് കുതിച്ചു. 10 മണിയോടെ പ്രാതൽ കഴിക്കാനായി അലൈത് എന്ന സ്ഥലത്തെ മനോഹരമായ കടപ്പുറത്തെ പാർക്കിൽ എത്തിച്ചേർന്നു. ഭക്ഷണം കഴിക്കലും മറ്റു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയും ആ പാർക്കിന്റെയും കടലിന്റെയും ഭംഗി ആസ്വദിച്ചും ഫോട്ടോ എടുത്തും ഒരു മണിക്കൂറോളം അവിടെ ചിലവയിച്ചു. പിന്നീട് യാത്ര തുടർന്നപ്പോൾ കുശ്രുതി ചോദ്യങ്ങളും മറ്റുമായി വളരെ രസകരമായ നിമിഷങ്ങൾ ആണ് ബസിൽ അരങ്ങേറിയത്. സമ്മാനമായി ചോക്ലേറ്റുകളും വിതരണം ചെയ്തു. പുറത്തു മരുഭൂമികളും ചെറിയ പച്ചപ്പും ഒട്ടക കൂട്ടങ്ങളും മറ്റുമായിരുന്നു മാറി മാറി വന്നിരുന്ന കാഴ്ചകൾ. വെള്ളിയാഴ്ച ആയതിനാൽ ജുമുഅ ക്കു സമയമായപ്പോൾ വണ്ടി ഒരിടത്തു നിർത്തി ജുമുഅ കഴിഞ്ഞപ്പോൾ വീണ്ടും പുറപ്പെട്ടു, ALMUZAYLIF എന്ന സ്ഥലത്തെ ത്തിയപ്പോൾ ജിസാൻ റോഡിൽ നിന്നും അൽബഹ റോഡിലേക്ക് തിരിഞ്ഞു കുറച്ചു യാത്ര ചെയ്തു  AL  MAKWAH  പിന്നിട്ടപ്പോൾ പച്ചപ്പ്‌ നിറഞ്ഞ തോട്ടങ്ങൾ കണ്ണിനും മനസ്സിനും കുളിർമയേകി. അപ്പോയെക്കും ചെറിയ കയറ്റം കയറി ഞങ്ങൾ സമുദ്ര നിരപ്പിൽ നിന്നും മുകളിലേക്ക് കയറി കൊണ്ടിരിക്കുകയായിരുന്നു, കുറച്ചു കൂടി സഞ്ചരിച്ചപ്പോൾ ഞങ്ങൾ മാർബിൾ വില്ലജ് എന്ന ചരിത്ര നിർമിതിയുടെ മുന്നിൽ എത്തിച്ചേർന്നു,  മക്കവെ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെ ചുരം പാത തുടങ്ങുന്നതിന്റെ തൊട്ടു മുമ്പായാണ് ഇത് സ്ഥിതി ചെയ്യുന്നത്. മെയിൻ റോഡിൽ നിന്ന് തന്നെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ മനോഹര നിർമിതി കാണാം സാധിക്കും. മെയിൻ റോഡിൽ നിന്നും തിരിഞ്ഞു മാർബിൾ വില്ലേജിന്റെ തായ്‌വാരത്തുള്ള പാർക്കിങ് സ്ഥലത്തു ബസ് നിർത്തി എല്ലാവരും ഇറങ്ങി, 



 അങ്ങോട്ട് പോകുന്നതിനു  മുമ്പ്    ജിദ്ദയിലെ പ്രശസ്ത ചരിത്ര കാരനും പത്ര പ്രവർത്തകനുമായ ഹസ്സൻ ചെറൂപ്പ നടത്തിയ  ചരിത്ര വിവരണം ആ അത്ഭുത നിർമിതിയെ പറ്റി കൂടുതൽ മനസ്സിലാക്കാൻ ഞങ്ങളെ സഹായിച്ചു. 400 വർഷം പഴക്കമുള്ള മാർബിൾ വില്ലേജ് അഥവാ ദി ഐൻ ഒരു വെളുത്ത മാർബിൾ കുന്നിൻ മുകളിൽ കല്ലും മരവും കൊണ്ട്നിർമ്മിച്ച സവിശേഷ നിർമിതിയാണ്കെട്ടിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നിർമ്മാണ സാങ്കേതികത തികച്ചും അസാധാരണമാണ്; പരന്ന കല്ലുകൾ പരസ്പരം അടുക്കി വെച്ചാണ്  അ വ നിർമ്മിച്ചിരിക്കുന്നത്,    രണ്ട് മുതൽ ഏഴ് നിലകൾ വരെയുള്ള നാല്പതോളം വീടുകൾ ഇവിടെയുണ്ട്. ഹിജ്റ പത്താം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ ഗ്രാമത്തിൽ സഹ്റാനി , ഗാംദി ഗോത്രത്തിൽ പെട്ടവരാണ് താമസിച്ചിരുന്നത്. അബ്ദുൾ അസീസ് അൽ സൗദ് രാജാവ് സൗദി  ഏകീകരിക്കുന്നതിന് മുമ്പ്  നിരവധി ആക്രമണങ്ങൾക്ക് ഇവിടെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളും കീഴടക്കിയ ഒട്ടോമൻ തുർക്കി പട ഇവിടെ കീഴടക്കാൻ വന്നെങ്കിലും ഗ്രാമത്തിലുള്ളവരുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റാതെ പലരും മരണത്തിന് കീഴടങ്ങി. ആ സൈനികരെ കബറടക്കിയ തുർക്കികളുടെ മക്ബറ ഇപ്പോഴും  ഗ്രാമത്തിന്റെ ഒരു ഭാഗത്തായി നമുക്ക് കാണാം.  സൗദി ടൂറിസം അതോറിറ്റി 16 ദശലക്ഷം റിയാൽ ചെലവിട്ട് , ഗ്രാമത്തിന്റെ പുനരുദ്ധാരണ പദ്ധതി നടത്തുന്നുണ്ട്, ഇ ത് ഗ്രാമത്തെ പുനരുജ്ജീവിപ്പിക്കാനും വികസിപ്പിക്കാനും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും ഏറെ സഹായിച്ചിട്ടുണ്ട്. 




കുന്നിൻചുവട്ടിലെ ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ ഒഴുകുന്ന നീരുറവയായ ദീ ഐനിന്റെ പേരിലാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. ഞങ്ങൾ അവിടത്തെ പല വീടുകളും സന്ദർശിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു. കുന്നിന്റെ താഴ്വാരത്തെ വലിയ തോട്ടം നല്ലൊരു  ആകർഷണം ആയിരുന്നു, വാഴ, തുളസി, നാരങ്ങ, ഈന്തപ്പന തുടങ്ങിയ സസ്യങ്ങൾ കൊണ്ട് നിറഞ്ഞ ആ തോട്ടത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ച അതീവ ഹ്യദ്യമായിരുന്നു. അവിടത്തെ മറ്റൊരു പ്രധാന ആകർഷണമായ നീരുറവ കാണാനാണ് പിന്നെ ഞങ്ങൾ പോയത്. പച്ചപ്പ് നിറഞ്ഞ മനോഹരമായ പ്രദേശത്തു കൂടി ചെറിയ വെള്ളച്ചാട്ടങ്ങൾ സൃഷ്ട്ടിച്ചു ഒഴുകുന്ന ആ അരുവിക്കരികിൽ വാഴ തോട്ടങ്ങളും മറ്റും ഉണ്ടായിരുന്നു, പാറക്കെട്ടുകൾ പിന്നിട്ട് അരുവിയുടെ ഉത്ഭവ സ്ഥാനം വരെ ഞങ്ങൾ പോയി. കേരളത്തിൽ എത്തിയ ഒരു അനുഭൂതിയാണ് അത് ഞങ്ങളിൽ ഉണ്ടാക്കിയത്. അവിടത്തെ പഴയ പള്ളിയും മറ്റും കണ്ട് തിരിച്ചെത്തിയപ്പോൾ എല്ലാവരും ഉച്ച ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു. ഏറെ സാദിഷ്ടമായ ബിരിയാണി ഞങ്ങളും ആസ്വദിച്ചു കഴിച്ചു. ഭക്ഷണ ശേഷം അൽബഹ യുടെയും  മാർബിൾ വില്ലേജിന്റെയും വിവരങ്ങളും ഫോട്ടോകളും ആധുനിക രീതിയിൽ പ്രദർശിപ്പിക്കുന്ന ഒരു ഗാലറി ഞങ്ങൾ സന്ദർശിച്ചു, അവിടത്തെ കാഴ്ചകൾ ഞങ്ങളെ ഏറെ ആകർഷിച്ചു. 




 


അൽബഹ ലക്ഷ്യമാക്കി ഞങ്ങൾ ബസിൽ യാത്ര തുടർന്നത്  അദ്ഭുതകരമായ ചുരം പാതയിയിലൂടെ ആയിരുന്നു. ഇരുത്തിലേറെ തുരങ്കങ്ങളും നിരവധി പാലങ്ങളും ഉള്ള പോകുന്ന ഈ ചുരം പാത ഇരുപത്തഞ്ചു  കിലോമീറ്ററോളം നീളമുണ്ട്‌. ഇതിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള കാഴ്ച നമ്മെ ഏറെ അത്ഭുതപ്പെടുത്തും. സാഹസിക സൈക്കിൾ സഞ്ചാരികളുടെ  ഇഷ്ട പാതയാണിത്. ഈ ചുരം പാത പിന്നിട്ട് മുകളിൽ എത്തുമ്പോൾ സമുദ്ര നിരപ്പിൽ നിന്ന് എണ്ണായിരത്തോളം  അടി മുകളിൽ ആയിരുന്നു ഞങ്ങൾ. അതിശയിപ്പിക്കുന്ന  കാര്യം ഞങ്ങൾ പ്രാതൽ കഴിച്ച സമുദ്ര തീരത്തു നിന്ന് ഇത്രയും ഉയരത്തിലേക്ക് ഞങ്ങൾ കുറഞ്ഞ സമയം കൊണ്ട് സഞ്ചരിച്ചു എന്നതാണ്, അൽ ബഹ യിൽ എത്തിയപ്പോൾ സൗദി ദേശീയ ദിനത്തിന്റെ തിരക്കിൽ ആയിരുന്നു പട്ടണം . സൗദി ദേശീയ പതാക ഏന്തിയ വാഹനങ്ങൾ കൊണ്ട് റോഡുകൾ നിറഞ്ഞതിനാൽ നല്ല ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ഏകദേശം അഞ്ചു മാണിയോട് കൂടി ഞങ്ങളുടെ അടുത്ത ലക്ഷ്യ സ്ഥാനമായ RAGATHAN ഫോറെസ്റ് പാ ർക്കിൽ ഞങ്ങൾ എത്തിച്ചേർന്നു, ആറു ലക്ഷത്തോളം ചതുരശ്ര മീറ്ററുകളിൽ പരന്നു കിടക്കുന്ന ഈ പാർക്കിന്റെ നല്ലൊരു ഭാഗവും  വെച്ച് പിടിപ്പിച്ച വന പ്രദേശമാണ്. കൂടാതെ മനോഹരമായി രൂപകൽപന ചെയ്ത പൂന്തോട്ടങ്ങളും കുട്ടികൾക്കുള്ള പാർക്കുകൾ സിപ് ലൈൻ അടക്കമുള്ള ഉല്ലാസ പരിപാടികളും അവിടെ ഉണ്ട്. പാർക്കിനു മുകളിലൂടെ പോകുന്ന സിപ്‌ലൈനിൽ തൂങ്ങി നല്ല വേഗതയിൽ  ഇടയ്ക്കിടെ ആളുകൾ പോകുന്നത് കണ്ടിരുന്നു,  സിപ്‌ലൈനിൽ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും മല  മുകളിൽ ഉള്ള സറ്റേഷനിൽ എത്താൻ ബുദ്ദിമുട്ടായതിനാൽ ആ ശ്രമം ഞങ്ങൾ ഉപേക്ഷിച്ചു.     ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സിപ്‌ലൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 12 ശതമാനം ചരിവിൽ ഘടിപ്പിച്ചിരിക്കുന്ന 957 മീറ്റർ നീളമുള്ള  ഇതിൽ  റൈഡർമാർക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്നു. പാർക്കിൽ കറങ്ങി വരാൻ പഴയ കാല വണ്ടികളുടെ രുപത്തിലുള്ള കൗതുകമുണർത്തുന്ന പലതരം വണ്ടികളും അവിടെ കണ്ടു. അവിടത്തെ പള്ളി യുടെ രൂപകൽപന എന്നെ ഏറെ ആകർഷിച്ചു . യുറോപ്പിലൊക്കെ ഉള്ള പഴയ ബംഗ്ലാവിന്റെ മാത്രക പോലെ എനിക്ക് തോന്നി. അതി മനോഹരമായി രൂപകൽപന ചെയ്ത കല്ല് വിരിച്ച നടപ്പാതകളൊളോട് കൂടിയ പാർക്കിന്റെ ഒരുഭാഗത്തു വെളിച്ച വിന്യാസം കൊണ്ട് ഏറെ ആകർഷകമായ കൃതിമ വെള്ള ചാട്ടങ്ങളും ഉണ്ടായിരുന്നു, പുല്ല്  വിരിച്ചു മനോഹരമാക്കിയ അവിടെ ഏറെ ഭംഗിയുള്ള പൂക്കളും ചെടികളും കൊച്ചു പാലങ്ങളും കൊണ്ട് ഞങ്ങളെ ഏറെ ആകർഷിച്ചു. അവിടെ നിന്നും ഞങ്ങൾ കുറെ ഫോട്ടോകൾ എടുത്തു.  .പാർക്കിന്റെ പല ഭാഗങ്ങളും നടന്ന് കണ്ട് സൗദി ദേശീയ ദിനത്തിന്റെ ഭാഗമായ കുട്ടികളുടെ പരിപാടികളും കുറച്ചു സമയം അസ്വദിച്ചു എട്ട് മണിയോടെ ബസിൽ തിരിച്ചെത്തി. ബസ് പുറപ്പെട്ടപ്പോൾ അവിടെ വിളഞ്ഞ ഏറെ രുചികരമായ അത്തിപ്പഴം ബസിലെല്ലാവർക്കും വിതരണം ചെയ്തു,  തിരിക്കുകൾ പിന്നിട്ട് മലയിറങ്ങുമ്പോൾ ദേശീയ ദിനത്തിന്റെ ഭാഗമായ വെടിക്കെട്ട് ചെറിയ രീതിയിൽ കണ്ടു, ചുരമിറങ്ങിയ ഉടനെയുള്ള ഒരു പള്ളി പരിസരത്തു വെച്ചു രാത്രി ഭക്ഷണം എല്ലാവരും ആസ്വദിച്ചു കഴിച്ചു.  നൂറുകണക്കിന് കിലോമീറ്ററുകൾ പിന്നിട്ട് ബസ് ജിദ്ദയിൽ എത്തിയപ്പോൾ  പുലർച്ചെ  മൂന്നു മണി പിന്നിട്ടിരുന്നു. ജീവിതത്തിലെ മറ്റൊരു അവിസ്മരണീയമായ യാത്ര സമ്മാനിച്ച സംഘടകരെ നന്ദിയോടെ സ്മരിക്കുന്നു, 

No comments:

Post a Comment