Saturday, January 12, 2019

ഹറമൈൻ അതിവേഗ റെയിൽവേയിൽ മക്കയിലേക്ക്

ഹറമൈൻ അതിവേഗ റെയിൽവേ യുടെ ജോലികൾ നടന്നു കൊണ്ടിരുന്നപ്പോൾ തന്നെ ഉള്ള ഒരു ആഗ്രഹമായിരുന്നു അത് പ്രവർത്തന ക്ഷമമാകുമ്പോൾ സൗദിയിൽ ഉണ്ടെങ്കിൽ അതിൽ ഒന്ന് യാത്ര ചെയ്യണം എന്നത്. മദീന യിലേക്ക് പോകുവാൻ അവധി കിട്ടാത്തതിനാൽ യാത്ര മക്കയിലേക്ക് മതിയെന്ന് തീരുമാനിച്ചു. കൂടെ ജോലി ചെയ്യുന്ന ഹൈദരാബാദുകാരൻ നവാസ് താല്പര്യം പ്രകടിപ്പിച്ചപ്പോൾ അടുത്ത ആഴ്ച പോകാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ തുടക്കത്തിൽ രണ്ടു മാസം നൽകുന്ന പകുതി നിരക്ക് ഈ ആഴ്ച അവസാനിക്കുമെന്ന് ഇൻറർനെറ്റിൽ ടിക്കറ്റ് എടുക്കാൻ ശ്രമിച്ചപ്പോൾ ആണ് മനസ്സിലായത്. അത് കൊണ്ട് ഈ ആഴ്ച തന്നെ യാത്ര നടത്താം എന്ന് തീരുമാനിച്ചു. രാവിലെ 10.22 നു ജിദ്ദയിൽ നിന്ന് പുറപ്പെട്ടു 11.05 നു മക്കയിൽ എത്തുന്ന ട്രെയിനിന് ആണ് ഞങ്ങൾ ടിക്കറ്റ് എടുത്തത്. സാദാരണ ടിക്കറ്റിനു 21 റിയാലും ബിസിനസ്സ് ക്ലാസിനു 26 റിയാലും ആയിരുന്നു നിരക്ക് എന്നതിനാൽ ബിസിനസ് ക്ലാസ് ടിക്കറ്റ് തന്നെ എടുത്തു.

പുണ്യ നഗരങ്ങളായ മക്കയേയും മദിനയെയും ജിദ്ദ പട്ടണത്തേയും ബന്ധിപ്പിക്കുന്ന 450 കിലോ മീറ്റർ നീളത്തിലുള്ള അത്യാധുനിക രീതിയിലുള്ള റെയിൽവേ സംവിധാനമാണ് ഹറമൈൻ അതിവേഗ റയിൽവേ. ചൈനീസ് ടെക്നോളജി ഉപയോഗിക്കുന്ന ഇതിൽ പരമാവധി വേഗം മണിക്കൂറിൽ 300 കിലോമീറ്റർ ആണ്. മക്ക , മദീന എന്നിവക്ക്  പുറമെ ജിദ്ദ മെയിൽ സ്റ്റേഷൻ, ജിദ്ദ എയർപോർട്ട്, റാബക് എന്നിവടങ്ങളിൽ ആണ് ഇതിനു സ്റ്റേഷനുകൾ ഉള്ളത്.
ഒമ്പതു മണിക്ക് ജോലി കഴിഞ്ഞു കൃത്യം ഒമ്പതരയ്ക്ക് തന്നെ സ്റ്റേഷനിലേക്ക് പോകാൻ ഞങ്ങൾ ഒരു ടാക്സിയിൽ കയറി. 20 മിനിറ്റ് യാത്രക്ക് ശേഷം സുലൈമാനിയയിലെ സ്റ്റേഷനിൽ ഞങ്ങൾ എത്തി ചേർന്നു. അതി വിപുലവും അത്യാധുനികവുമായ സ്റ്റേഷൻ എന്നെ അത്ഭുതപ്പെടുത്തി. ടാക്സി ഇറങ്ങിയപ്പോൾ തന്നെ ഒരാൾ ഞങ്ങളുടെ ടിക്കറ്റ് പരിശോദിച്ചു ലിഫ്റ്റ വഴി മുകളിലേക്ക് കടത്തി വിട്ടു. അവിടെ നിന്നും കുറച്ചു നടന്ന ശേഷമാണ് ടിക്കറ്റ് കൗണ്ടറിന്റെയും മറ്റും അടുത്ത ഞങ്ങൾ എത്തിയത്. കുറച്ചു സമയം കാത്തിരുന്ന ശേഷം ഞങ്ങളെ ടിക്കറ്റ് പരിശോദിച്ചു അകത്തേയ്ക്കു കയറ്റി വിട്ടു. വിമാനത്താവത്തിലേതിന് സമാനമായ സുരക്ഷാ പരിശോധനയും ലഗേജ് പരിശോധനയും അവിടെ ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ എത്തിച്ചേർന്നത് വിശാലമായ ഒരു ഹാളിൽ ആയിരുന്നു. അൽ ബൈക്കിന്റെ ഒരു ഷോപ് അവിടെ തുറന്നിട്ടുണ്ട്. പക്ഷെ വെള്ളവും ജ്യുസ് എന്നിവയൊക്കെ മാത്രമാണ് അവിടെ ലഭിക്കുന്ന്നത്. ട്രെയിൻ വരുന്നതിന്റെ ഏകദേശം 10 മിനിറ്റ് മുമ്പ് മാത്രമാണ് ഞങ്ങളെ ട്രാക്കിനടുത്തേക്കു എക്സലറേറ്റർ വഴി ഞങ്ങളെ കടത്തി വിട്ടത്. ഒന്നാം നമ്പർ ബോഗിയിൽ ആയിരുന്നു സീറ്റ് എന്നതിനാൽ പ്ലാറ്റഫോമിൽ അവസാന ഭാഗത്താണ് ഞങ്ങൾ ഇരുന്നത്. സേവന തൽപരരായ ഒരു കൂട്ടം യുവതീ യുവാക്കൾ അവിടെ എല്ലായിടത്തും ജീവനക്കാരായി ഉണ്ട്.

 കൃത്യം 10.22 ആയപ്പോൾ തന്നെ പൊടി പരത്തി സുന്ദരകുട്ടപ്പനായ തീവണ്ടി ഞങ്ങളുടെ മുന്നിലെത്തി. ഞങ്ങൾ ഫോട്ടോസ് ഒക്കെ എടുത്ത് കഴിഞ്ഞപ്പോൾ ഇറങ്ങാനുള്ളവൾ ഇറങ്ങി ഞങ്ങൾ അകത്തേയ്ക്കു കയറി. തീവണ്ടിക്കകം വിമാനം പോലെ സുന്ദരമായിരുന്നു. വലിയ ഒരു സ്‌ക്രീനിൽ സഞ്ചാര പതം , വേഗം എന്നിവയെല്ലാം കാണിക്കുന്നുണ്ട്. നല്ല സൗകര്യ പ്രദമായ ഇരിപ്പിടങ്ങലും, പുറത്തേയ്ക്കു കാണാൻ വിശാലമായ ഗ്ലാസ് ജനലും , ഓരോ സീറ്റിനു മുമ്പിലും വിഡിയോകളും മറ്റും കാണാനുള്ള കൊച്ചു മോണിറ്റർ എന്നിവയെല്ലാം ഉണ്ടായിരുന്നു. ഏറെ വൈകാതെ ട്രെയിൻ യാത്ര ആരംഭിച്ചു. ജിദ്ദ പട്ടണവും പ്രാന്ത പ്രദേശങ്ങളും  മരുഭൂമിയിലൂടെയും മലകൾക്കിടയിലൂടെയുമായിരുന്നു പിന്നീടുള്ള യാത്ര. നിരന്തര മായ മഴ മലകൾക്കു സമ്മാനിച്ച നേരിയ ഹരിത കവചം കാഴ്ചകൾക്ക് പ്രതേക ചാരുത നൽകി. മരുഭൂയിൽ നാമ്പിട്ട പുല്ലും മറ്റും തിന്നു നടക്കുന്ന ആട്ടിൻ പട്ടങ്ങളെയും ഒട്ടകങ്ങളെയും കാണാമായിരുന്നു. പല ഭാഗങ്ങളിലും റെയിൽ പാത കുറച്ചു ഉയരത്തിൽ ആയതിനാൽ പുറത്തെ കാഴ്ചകൾക്ക് ഒരു പ്രതേക ചന്തം ആയിരുന്നു. ജന വാസ മേഖല കളും കൊച്ചു ഫാക്ടറികളും മറ്റും പിന്നിട്ടു ട്രെയിൻ മക്കയോട് അടുക്കാറായി. ഏകദേശം മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ ആണ് ട്രെയിൻ സഞ്ചരിച്ചിരുന്നത്. സ്റ്റേഷൻ എത്തുന്നതിനു കുറെ മുമ്പ് തന്നെ ട്രെയിൻ സ്പീഡ് കുറക്കാൻ ആരംഭിച്ചിരുന്നു. പതിനൊന്നു മാണിയോട് കൂടി ഞങ്ങൾ മക്കയിൽ ട്രെയിൻ ഇറങ്ങി. അവിടെ നിർത്തിയിട്ട ട്രെയിൻ കണ്ടപ്പോൾ ആണ് ട്രെയിനിന് ഇരു വശത്തോട്ടും സഞ്ചരിക്കാൻ കഴിയും എന്ന് മനസ്സിലായത്.മക്ക സ്റ്റേഷനും വലുതാണെങ്കിലും ജിദ്ദ സ്‌റ്റേഷന്റെ അത്ര പൊലിമ തോന്നിയില്ല. നല്ല വലുപ്പമുണ്ടായിരുന്നുവെങ്കിലും നിലകൾ ഇല്ലായിരുന്നു.
 
 പുറത്തിറങ്ങുമ്പോൾ ഹറാമിലേക്കുള്ള ഷട്ടിൽ ബസിന്റെയും ടാക്സികളുടെയും കൗണ്ടറുകളും ആളുകളും ഞങ്ങളെ സ്വീകരിക്കുന്നുണ്ടായിരുന്നു. ഹറമിലേക്കുള്ള ബസിന്റെ 3 റിയൽ വിലയുള്ള ടിക്കറ്റ് എടുത്ത് ഞങ്ങൾ പുറത്തേയ്ക്കു നടന്നു. നിരയായി നിർത്തിയിട്ടിട്ടുള്ള കുറെ ബസുകൾ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവയെല്ലാം പുതിയ നല്ല സൂപർ ബസുകൾ ആയിരുന്നു . ഏകദേശം നിറഞ്ഞ ഒരു ബേസിൽ കയറി ഞങ്ങൾ ഹറാമിലേക്കു യാത്ര തിരിച്ചു.

ഹറമിന്റെ കുറചചെടുത്തായി ബസ് നിർത്തി ഞങ്ങൾ ഇറങ്ങി. തവാഫും ദുഹ്ർ നിസ്കാരവും കഴിഞ്ഞു ഒരു ടാക്സിയിൽ മടങ്ങിയ ഞങ്ങൾ 2 മണിയോട് കൂടി ജിദ്ദയിൽ തിരിച്ചെത്തി. 

No comments:

Post a Comment