Wednesday, January 16, 2019

മക്കയിലെ ചരിത്ര സ്ഥലങ്ങളിലേക്ക്

ജീവിതത്തിലെ ഏറെ കാലമായുള്ള ഒരു ആഗ്രഹമായിരുന്നു മക്ക യിലെ ഹിറാ ഗുഹ കാണാൻ പോകണം എന്നത്. പലവിധ കാരണങ്ങളാൽ ഇത് വരെ അതിനുള്ള അവസരം കിട്ടിയിരുന്നില്ല. ശനിയാഴ്ചകളിൽ ഷറഫിയയിൽ നിന്നുള്ള മക്ക ചരിത്ര പഠന യാത്ര യെ പറ്റി പത്രത്തിൽ വായിക്കുകയും ഏറെ കാലത്തിനു ശേഷം ഒരു അവധി ഒത്തു വരുകയും ചെയ്തപ്പോൾ അതിനു പോകാം എന്ന് തീരുമാനിച്ചു. ഷറഫിയയിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ടു ഉച്ചക്ക് രണ്ടു മണിക്ക് തിരിച്ചു വരുന്ന രീതിയിൽ ആണ് യാത്ര. ഹിറാ ഗുഹ ഉൾകൊള്ളുന്ന ജബൽ നൂർ, ജബൽ സൗർ , മിന യിലെ  ജബൽ റഹ്മ, ഹജ്ജിന്റെ പ്രധാന കേന്ദ്രങ്ങളായ മിന, അറഫാ, മുസ്തലിഫ കൂടാതെ ഉമ്മു ജൂദ് മ്യൂസിയം എന്നിവയാണ് പ്രധാന കാഴ്ചകൾ. ഞങ്ങൾ നാലു പേർ ഒരു ടാക്സിയിൽ ഷറഫിയ എത്തിയപ്പോൾ തന്നെ ആറേമുക്കാൽ ആയിരുന്നു. കുറച്ചു ആളുകൾ കൂടി വരാറുണ്ടായിരുന്നു. അവർ കൂടി എത്തി വണ്ടി പുറപ്പെട്ടപ്പോൾ ഏഴു മണി കഴിഞ്ഞിരുന്നു. 50 ആളുകളെ ഉൾകൊള്ളുന്ന ആ വലിയ ബസിൽ ഞങ്ങൾ വെറും ഇരുപത് പേർ മാത്രമേ യാത്രക്കാരായി ഉണ്ടായിരുന്നുള്ളൂ. മക്ക ലക്‌ഷ്യ മാക്കി ബസ് നീങ്ങുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ കടും ചുവപ്പു നിറത്തിൽ സൂര്യൻ ഉദിച്ചു വരുന്നുണ്ടായിരുന്നു.

 യാത്ര പുറപ്പെട്ടപ്പോൾ തന്നെ ഗൈഡ് കാണാൻ പോകുന്ന കാഴ്ചകളെ പറ്റി വിശദമായ ഒരു പ്രസംഗം തന്നെ നടത്തി. മക്കയിലേക്ക് പോകുമ്പോഴുള്ള സ്ഥിരം കാഴ്ചകൾ ആണ് പിന്നെ ഞങ്ങളെ വരവേറ്റത്. കഴിഞ്ഞ തവണ ട്രെയിനിൽ പോയപ്പോൾ മഴ കാരണം മരുഭൂമിക്കും മലകൾക്കും സുന്ദരമായ ഒരു ഹരിതാവണം ഉണ്ടായിരുന്നു. എന്നാൽ ഈ യാത്രയിൽ ആ ഭംഗി കാണാൻ കഴിഞ്ഞില്ല. മഴ അകന്നു പോയപ്പോൾ പുല്ലുകളും മറ്റും ഉണങ്ങി തവിട്ടു നിറത്തി ലേക്ക് മാറി കഴിഞ്ഞിരുന്നു. എട്ടു മണിയോടെ ഭക്ഷണം കഴിക്കാനും മറ്റു പ്രഥമിക ആവശ്യങ്ങൾക്കുമായി ബസ് ഒരു പെട്രോൾ സ്റ്റേഷനിൽ നിർത്തി. ഇരുപതു മിനിറ്റ് അവിടെ ചിലവഴിച്ചു ബസ് മക്ക ലക്ഷ്യമാക്കി യാത്ര തുടർന്നു. മക്ക പട്ടണത്തിലൂടെ കുറെ യാത്ര ചെയ്ത് ഞങ്ങളുടെ ആദ്യ ലക്‌ഷ്യ സ്ഥാനമായ ജബൽ സൗറിനടുത് ഞങ്ങൾ എത്തിച്ചേർന്നു. ഈ മല മുകളിൽ ഉള്ള സൗർ ഗുഹയിയിലാണ് മുഹമ്മദ് നബി മദീനയിലേക്ക് പോകുന്നതിനു മുമ്പ്  3 ദിവസം ഒളിച്ചു താമസിച്ചത്. ഇതിന്റെ ചരിത്രം വിശദമായി ഞങ്ങളുടെ ഗൈഡ് വിവരിക്കുന്നു ണ്ടായിരുന്നു. മലമുകളിൽ കയറി സൗർ ഗുഹ കാണുക എന്നത് ഏറെ സമയമെടുക്കും എന്നതിനാലും ഞങ്ങൾക്ക് ഹിറാ ഗുഹയിലേക്ക് കയറുവാനുള്ളതിനാലും താഴെ നിന്നും മലയുടെ കാഴ്ചകൾ കണ്ടു. ഈ മലയുടെ ഉയരം 1405 മീറ്റർ ആണ്. അവിടെ നിന്നും ഞങ്ങൾ ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന ജബല് നൂർ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. ഹിറാ ഗുഹയിൽ വെച്ചാണ് മുഹമ്മദ് നബിക്കു ആദ്യമായി ഖുർആൻ ജിബിരീൽ മലക്ക് മുഖേന അവതരിച്ചത് . മക്ക പട്ടണത്തിലൂടെ കുറച്ചു  സഞ്ചരിച്ചപ്പോൾ ആ മല ബസ്സിൽ നിന്ന് തന്നെ കാണാമായിരുന്നു. വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ആളുകൾ കയറി പോകുന്നത് വെള്ള കുത്തുകൾ പോലെ ദൂരെ നിന്ന് തന്നെ ഞങ്ങൾ കണ്ടു. സൗകര്യ പ്രദമായ ഒരു സ്ഥലത്തു ബസ് നിർത്തി ജബൽ നൂർ ലക്ഷയമാക്കി ഞങ്ങൾ നടത്തം തുടങ്ങി. താഴ്‌വാരം വരെയുള്ള റോഡ് ടാർ ചെയ്തതാണെങ്കിലും കുത്തനെ യായിരുന്നു. മല കയറുന്നതിനു തൊട്ടു മുമ്പ് വരെ എത്തിയത് തന്നെ വളരെ കഷ്ടപെട്ടായിരുന്നു. സാഹസികമായി ടാക്സി കാറുകൾ തായ്‌വാരം വരെ എത്തുന്നുണ്ടായിരുന്നു. തായ്‌വാരത്തു വെള്ളവും പഴങ്ങളും മല കയറാനുള്ള വടികളും മറ്റും വിൽക്കുന്ന കുറച്ചു കടകൾ ഉണ്ടായിരുന്നു. അത്യാവശ്യത്തിനു വെള്ളം വാങ്ങി ഞങ്ങൾ മല കയറ്റം തുടങ്ങി.

സിമന്റിട്ട പടികൾ ഉണ്ടെങ്കിലും കുത്തനെയുള്ള കയറ്റം മൂലം നല്ല കിതപ്പും തളർച്ചയും അനുഭവപെട്ടു. പലയിടത്തും വിശ്രമിച്ചാണ് ഞങ്ങൾ മുകളിലേയ്ക്ക് കയറിയത്. മല കയറുന്നവരും ഇറങ്ങുന്നവരുമായി ഒത്തിരി ആളുകൾ ഉണ്ടായിരുന്നു. മുഖ്യമായും പാകിസ്ഥാനികളും ഇന്ത്യക്കാരും ആണ് തീർത്ഥാടകാരിൽ ഉണ്ടായിരുന്നു. അറബികൾ വളരെ കുറവായിരുന്നു. വളഞ്ഞു പുളഞ്ഞുള്ള കയറ്റത്തിൽ വളവുകളിൽ വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. അവിടെ ഒരു പാകിസ്താനി സർബത് എനർജി എന്നൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.രണ്ടു റിയാലിന്  ചെറിയ ഗ്ലാസ് നാരങ്ങാ വെള്ളം ഞാനും എന്റെ കൂടെയുണ്ടായിരുന്ന നാസർക്കായും  കുടിച്ചു. അപ്പോൾ കിട്ടിയ എനർജിയിൽ മുകളിലേക്ക് വീണ്ടും കയറി തുടങ്ങി. മുകളിലേക്ക് കയറുന്നതിനുസരിച്ചു താഴെയുള്ള കെട്ടിടങ്ങളുടെയും വളഞ്ഞു പുളഞ്ഞുള്ള വഴിയും കാണാൻ ചന്തമേറെയായിരുന്നു. ഇടയ്ക്കു പ്രാവിൻ കൂട്ടങ്ങളെയും അവക്ക് തീറ്റ വില്കുന്നവരെയും കണ്ടിരുന്നു. മുകളിലേക്ക് നോക്കുമ്പോൾ മല കയറാൻ പിന്നെയും കുറെ ബാക്കിയുണ്ടായിരുന്നു. ആകെ പാക്കിസ്ഥാനികളുടെ ഒരു ആധിപത്യം ആയിരുന്നു അവിടെ കണ്ടത്. തീർത്ഥാടകാരിൽ കൂടുതൽ പാകിസ്ഥാനികൾ കൂടാതെ ഭിക്ഷാടകർ , വിൽപനക്കാർ, പടികൾ സിമന്റിട്ടു പണം പിരിക്കുന്നവർ തുടങ്ങിയവരെല്ലാം പാകിസ്ഥാനികൾ ആയിരുന്നു. കുറെ കയറി മലയുടെ ഒരു ഭാഗത്തു കൂടി ഞങ്ങൾ ഏറ്റവും മുകൾ തട്ടിലെത്തി. അവിടെ പരന്ന സ്ഥലത്തു കുറെ പേർ ഉണ്ടായിരുന്നു. പാകിസ്ഥാനികൾ അവിടെ ചെറിയ ഒരു കട ഒക്കെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. വെള്ളവും പഴങ്ങളും ഒക്കെ അവിടെ വിൽക്കുന്നത് ഇരട്ടി വിലക്കായിരുന്നു. അവിടെ നിന്നും മക്ക യുടെ പല ഭാഗങ്ങളും ഘടികാര ഗോപുരവും മറ്റും കാണാമായിരുന്നു. ജനുവരിയിൽ ആണ് ഞങ്ങളുടെ യാത്ര എന്നതിനാൽ തണുത്ത കാലാവസ്ഥായായിരുന്നു. ഇത് കൊണ്ട് തന്നെ  വെയിൽ ഉണ്ടെങ്കിലും വലിയ ചൂട് അനുഭവപ്പെട്ടില്ല. മലയുടെ മുകളിൽ നിന്നും മറു ഭാഗത്തേയ്ക്ക് കുറച്ചു പടികൾ ഇറങ്ങിയാലേ  ഹിറാ ഗുഹയിൽ എത്താൻ സാധിക്കൂ. പടികൾ ഇറങ്ങി ഗുഹ പോലുള്ള ഭാഗത്തു കൂടി കയറി ഇറങ്ങി ഹിറാ ഗുഹയുള്ള ഭാഗത്തെത്തി. അവിടെ കുറെ ആളുകൾ ഗുഹയിൽ കയറാനുള്ള അവസരം കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ അതിരിൽ ഇരുമ്പു പൈപ്പ് കൊണ്ട് ഒരു വേലി പണിതിട്ടുണ്ടായിരുന്നു. അതിനപ്പുറം ചെങ്കുത്തായ ഗർത്തമാണ്. കുറെ നേരം കാത്തിരുന്ന ശേഷം ഞങ്ങളും ഗുഹ സന്ദർശനം  നടത്തി.നല്ല തിരക്കായിരുന്നു അവിടെ കാണപ്പെട്ടത്.

 ഗുഹയിൽ നിന്നും പുറത്തിറങ്ങിയ ശേഷം അതിന്റെ മുകൾ ഭാഗത്തേക്ക് കയറി അവിടെ കുറച്ചു നേരം വിശ്രമിച്ചു. വീണ്ടും മുകളിലേക്ക് കയറി പരന്ന ഭാഗത്തു കുറച്ചു സമയം ചിലവഴിച്ചു. അവിടെ അപ്പോഴും നല്ല തിരക്കായിരുന്നു. പിന്നെ മലയിറക്കം തുടങ്ങി. സിമന്റിട്ട നല്ല പടികൾ ഉള്ളതിനാൽ മലയിറക്കം അത്ര ആയാസകരമായിരുന്നില്ല.  മലയിറങ്ങി താഴെ എത്താൻമുകളിലേക്ക് കയറിയതിന്റെ പകുതി സമയം പോലും എടുത്തില്ല. താഴ് വാരത്തെത്തി കുറച്ചു വിശ്രമിച്ചു കുത്തനെയുള്ള റോഡിലൂടെ ഞങ്ങൾ ബസിനടുത്തു എത്തിയപ്പോൾ മറ്റാളുകൾ എത്തിച്ചേരുന്നെ ഉണ്ടായിരുന്നുള്ളു. പിന്നെയും അര മണിക്കൂറോളം കാത്തിരുന്നതിന് ശേഷമാണ് മറ്റുള്ളവർ എത്തി വണ്ടി പുറപ്പെട്ടത്.
      പിന്നീട് ഞങ്ങൾ പോയത് ഹജ്ജ് നടക്കുന്ന അറഫ യിലേക്കാണ്. വളരെ വിശാലമായ ഒരു ഏരിയ യയാണ് ഹജ്ജിന്റെ മുഖ്യ ചടങ്ങ് നടക്കുന്ന അറഫ. ബസ് കുറെ ഓടി യാണ് അവിടെ എത്തിയത്. ആ യാത്രയിൽ കശാപ്പ് ശാലയും ഹജ്ജിന്റെ സമയത്തു മാത്രം പ്രവർത്തിക്കുന്ന മെട്രോ യുടെ പല സ്റ്റേഷനുകളും പാലങ്ങളും എല്ലാം ഞങ്ങൾ കണ്ടിരുന്നു. ഒടുവിൽ ബസ് എത്തിച്ചേർന്നത് അറഫയിലെ പ്രശസ്‌തമായ ജബലു റഹ്മക്ക് താഴെയാണ്. അതി മനോഹരമായി ഒരുക്കി നിർത്തിയിരിക്കുന്ന ഒരു കൊച്ചു കുന്നാണ് ജബൽ റഹ്മ. കുന്നിനു ചുറ്റും പ്രതേക അകലത്തിൽ തറയോടുകൾ പാകി കുറെ സ്ഥലം ഒഴിച്ചിട്ടിരിക്കുന്നുണ്ടായിരുന്നു. ഹജ്ജ് സമയത്തു ആളുകൾക്ക് വിശ്രമിക്കാനും മറ്റും ആയിരിക്കും. കുന്നിൻ മുകൾ വരെ മനോഹരമായ പടികൾ. മുകളിൽ പരന്ന ഭാഗത്തു ഒരു വലിയ സ്തൂപവും അവിടെ കുറെ കച്ചവടക്കാരെയും കണ്ടു. കുന്നിൻ മുകളിൽ കയറാനുള്ള സമയം ഞങ്ങൾക്ക് അനുവദിച്ചിരുന്നില്ല. എങ്കിലും മറ്റുള്ളവർ ബാത്‌റൂമിൽ പോയ സമയത്തു ഒറ്റ ഓട്ടത്തിന് ഞങ്ങൾ മുകളിൽ എത്തി കാഴ്ചകൾ കണ്ടു പെട്ടെന്ന് തന്നെ ഞങ്ങൾ ബസിൽ തിരിച്ചെത്തി. ആദിമ മനുഷ്യരായ ആദവും ഹവ്വയും കണ്ടു മുട്ടിയത് ഇവിടെ വെച്ചാണെന്നതാണ് വിശ്വാസം. മുഹമ്മദ് നബി തന്റെ ചരിത്ര പ്രസിദ്ധമായ ഹജ്ജത്തുൽ വദഹ് പ്രസംഗം നിർവഹിച്ചത് ഈ കൊച്ചു മലയുടെ താഴ്വാരത്തു വെച്ചായിരുന്നു. ഉച്ച സമയമായിട്ടും അവിടെ നിറയെ ആളുകൾ ഉണ്ടായിരുന്നു.

ഹജ്ജിന്റെ മറ്റൊരു ചടങ്ങ് നടക്കുന്ന മുസ്തലിഫയിലൂടെയാണ് പിന്നീട് ഞങ്ങൾ പോയത്. മുസ്തലിഫയിൽ രാപാർക്കുക എന്നത് ഹജ്ജിന്റെ ഭാഗമാണ്. ഗൈഡ് എല്ലാ കാര്യങ്ങളും വിശദമായി വിവരിക്കുന്നുണ്ടായിരുന്നു. മുസ്തലിഫയിൽ ബസിൽ നിന്ന് ഇറങ്ങാതെ തന്നെ കാഴ്ചകൾ കാണുകയായിരുന്നു. മുസ്തലിഫ പള്ളിയും ഹാജിമാർ രാപാർക്കുന്ന സ്ഥലങ്ങളും ജംറയിൽ എറിയാൻ കല്ല് ശേഖരിക്കുന്ന യിടവുമെല്ലാം ബസിലിരുന്നു കണ്ടു. ആനക്കല സംഭവത്തിന് സാക്ഷ്യം വഹിച്ച വാദി മുദഫ്ഫർ എന്ന സ്ഥലം മുസ്തലിഫ കഴിഞ്ഞു മിനായിൽ പ്രവേശിക്കുന്നതിന് മുമ്പായി കണ്ടു. യമനിലെ അബ്റഹത് രാജാവ് ആനപ്പട യാളികളുമായി വന്നു വിശുദ്ധ കഅബ പൊളി ക്കാൻ വന്നപ്പോൾ അള്ളാഹു അബാബീൽ പക്ഷികളെ വിട്ട് ചുടു കല്ലുകൊണ്ടെറിഞ്ഞു കൊണ്ട് നശിപ്പിച്ച സംഭവമാണ് ആനക്കല സംഭവം. മിനായിൽ പ്രവേശിച്ച ഞങ്ങൾ ഇബ്രാഹിം നബി ഇസ്മായിൽ നബിയെ അറുക്കാൻ കൊണ്ട് പോയ സ്ഥലം കണ്ടു.പിന്നീട് വെളുത്ത കൂടാരങ്ങൾ കണ്ടു തുടങ്ങി. വലിയ പ്രദേശം മൊത്തം നിറഞ്ഞു നിൽക്കുന്ന കൂടാരങ്ങൾ.

മലഞ്ചെരുവിൽ കല്ല് കൊണ്ട് പണിത ഒരു കനാൽ ഗൈഡ് ഞങ്ങൾക്ക് കാണിച്ചു തന്നു. സുബൈദ കനാൽ എന്നറിയപ്പെടുന്ന ഇത് ഒരു കാലത്തു തായിഫിൽ നിന്ന് മക്കയിലേക്ക് വെള്ളം കൊണ്ട് വരൻ ഉപയോഗിച്ചിരുന്നു.ഖലീഫ ഹാറൂൺ റഷീദിന്റെ കാലത്തു മക്കയിൽ എത്തുന്ന തീർത്ഥാടകർക്ക് ജല ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു .അദ്ദേഹത്തിന്റെ മരണ ശേഷം പത്നി സുബൈദ സ്വന്തം പണം മുടക്കി ബാഗ്ദാദിൽ നിന്ന് എൻജിനീയർമാരെ വരുത്തി സർവ്വേ നടത്തി നിർമിച്ച കനാൽ ആണിത്. ഏകദേശം ആയിരത്തിലേറെ വർഷങ്ങൾ ഇത് ഉപയോഗിച്ചു എന്നാണ് ചരിത്രം. മിനായിലെ കല്ലെറിയുന്ന ജംറ കാണാനാണ് പിന്നെ ഞങ്ങൾ ബസിൽ നിന്നും ഇറങ്ങി പോയത്. മൂന്നു ജംറകളും വ്യക്തമായി കാണാവുന്ന ഒരു ഉയർന്ന ഭാഗത്തു ഞങ്ങൾ എത്തി. കല്ലേറിന്റെ കർമങ്ങളെ പറ്റി ഗൈഡ് വിശദമായി വിവരിച്ചു.അവിടെ നിന്നും പുറപ്പെട്ട ഞങ്ങൾ മസ്ജിദുൽ ഹറമിന്റെ ഏകദേശം അടുത്തുള്ള ഖദീജ ബീവിയുടെ ഖബർ സ്ഥിതി ചെയ്യുന്ന ജന്നത്തുൽ മുഅല്ലയിൽ സിയാറത് നടത്തി. ആ യാത്രയിൽ ബസിൽ നിന്നും മസ്ജിദുൽ സജർ  , മസ്ജിദുൽ ജിന്ന് എന്നീ പള്ളികളും ബസിൽ നിന്നും കണ്ടു. ഉമ്മു ജൂഡ് മ്യൂസിയം കാണാൻ ഞങ്ങൾ പോയെങ്കിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടെ സന്ദർശകരെ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. അവിടെ നിന്നും ജിദ്ദയിലേക്കുള്ള മടക്ക യാത്ര ഞങ്ങൾ ആരംഭിച്ചു. വഴിയിൽ ഒരു പ്രട്രോൾ പമ്പിലെ പള്ളിയിൽ ദുഹ്ർ നിസ്കരിച്ചു മൂന്നു മണിയോടെ ഞങ്ങൾ ജിദ്ദയിൽ തിരിച്ചെത്തി.

No comments:

Post a Comment