Monday, June 1, 2020

മരുഭൂമിയിലെ പച്ചപ്പിലേക്ക്.

ഈ വെള്ളിയാഴ്ച അവിസ്മരണീയമായ ഒരു ദിവസമായിരുന്നു. പ്രവാസത്തിന്റെ ഒറ്റപെടലിനിടയിൽ ഉറ്റവവരുമായുള്ള ഒത്തുചേരൽ  സന്തോഷകമായ അനുഭവങ്ങൾ ആണ് സമ്മാനിക്കാറുള്ളത് . അതൊരു യാത്രയാണെങ്കിൽ ഏറെ മധുരിക്കും. ജിദ്ദയിൽ നിന്നും കുറച്ചകലെ അസ്ഫാനിൽ കസിൻ തുടങ്ങിയ പുതിയ കട കാണാനാണ് ഞങ്ങൾ യാത്ര തിരിച്ചത്. അവിടെയെത്തി കടയൊക്കെ കണ്ട് ജുമുഅഃ യൊക്കെ കഴിഞ്ഞു  ചെറിയൊരു യാത്ര പുറപ്പെട്ടു. അവിടെ നിന്നും ഏകദേശം 40 കിലോമീറ്ററും ജിദ്ദയിൽ നിന്നും 125 കിലോമീറ്റർ അകലെയുള്ള വാദി മാർവാനി ഡാം കാണാനാണ് ഞങ്ങൾ യാത്ര പുറപ്പെട്ടത്. മരുഭൂമിയുടെ വിവിധ മനോഹര ഭാവങ്ങൾ ആസ്വദിച്ച് വളഞ്ഞു പുളഞ്ഞു പോകുന്ന സുന്ദരമായ റോഡിലൂടെ ഞങ്ങളുടെ കാർ മുന്നോട്ടു കുതിച്ചു. പല തവണ ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ടു ഞങ്ങൾ ഡാമിന്റെ അകത്തു തന്നെ എത്തിച്ചേർന്നു. 



വെള്ളം കുറവായിരുന്നുവെങ്കിലും ഒരു വലിയ നിർമിതി തന്നെയാണ് വാദി മാർവാനി ഡാം .അര കിലോമീറ്ററിലധികം നീളവും 100 മീറ്ററിലധികം ഉയരവും ഈ ഡാമിനുണ്ട്. ഈ ഡാം നിർമിക്കാനുള്ള കാരണമാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. സാദാരണയായി കൃഷി ആവശ്യത്തിനും വൈദ്യുതി ഉല്പാദിപ്പിക്കാനുമാണല്ലോ ഡാമുകൾ നിര്മിക്കാറുള്ളത്. എന്നാൽ ഈ ഡാം  നിർമ്മിച്ചത്   വെള്ളപ്പൊക്കം തടയാനാണ്. ഇതിലെ വെള്ളം ശുദ്ധീകരിച്ചു  കുടി വെള്ളമായും ഉപയോഗിക്കുന്നുണ്ട്. ഞങ്ങൾ നിന്നതു ഡാമിനകത്താണെങ്കിലും വെള്ളം അതിനും ഏറെ താഴെയായിരുന്നു. അവിടെ നിന്നും വീണ്ടും യാത്ര ചെയ്തു അൽ ഖുവാർ എന്ന ഗ്രാമത്തിൽ എത്തിച്ചേർന്നു. കല്ലുകൾ കൂട്ടിവെച്ചു നിർമിച്ച പോലത്തെ മലകൾക്ക് ഇടയിലുള്ള  ഒരു കൊച്ചു ഗ്രാമമാണിത്. അവിടെയൊരിടത്തു കാർ നിർത്തി മൺപാതയിലൂടെ ഞങ്ങൾ നടന്നു. പച്ചപ്പ്‌ നിറഞ്ഞ അവിടത്തെ കൃഷി തോട്ടങ്ങൾക്കു പ്രതേക ചാരുത യായിരുന്നു. വാഴയും പ്ലാവും മാവും പപ്പായയും നാരകവും തിങ്ങി നിറഞ്ഞ തോട്ടങ്ങൾ. വെണ്ടയും ചോളവും തളിർത്ത കൃഷിയിടത്തിന്റെ ചാരത്തെ മൺപാതയിലൂടെ കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ നേരത്തെ കണ്ട ഡാമിന്റെ മുൻവശത്തിന്റെ കുറച്ചു ദൂരെ നിന്നുള്ള കാഴ്ച കാണാനായി. ഡാമിൽ നിന്ന് പുറത്തു വിടുന്ന വെള്ളം കെട്ടി നിൽക്കുന്ന തടാകം മനോഹരമായിരുന്നുവെങ്കിലും നീന്തൽ നിരോധിച്ചത് ഞങ്ങളെ സങ്കടപ്പെടുത്തി.


 
തിരിച്ചു നടന്ന ഞങ്ങൾ പിന്നെയെത്തിയത് മലയാളികൾ സന്ദർശിക്കുന്ന ഒരു   ഫാമിനകത്തായിരുന്നു. ആദ്യം ഞങ്ങളെ വരവേറ്റത് കുറെ ആടുകൾ ആയിരുന്നു. ആ കൃഷിയിടത്തിൽ നിരവധി മാവുകളും കുലച്ചു നിൽക്കുന്ന വാഴകളും നാരങ്ങാ മരവും മൈലാഞ്ചിയും നല്ല പച്ചപ്പുമെല്ലാമുണ്ടായിരുന്നു. അവിടത്തെ മരങ്ങളും തണുപ്പും എല്ലാം ഞങ്ങൾക്ക് സമ്മാനിച്ചത് നാട്ടിലെത്തിയ ഒരു അനുഭൂതി ആയിരുന്നു. കുറച്ചു സമയം അവിടെ ചിലവഴിച്ച ഞങ്ങൾ ഇരുട്ടുന്നതിനു മുമ്പ് ജിദ്ദയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു. 

No comments:

Post a Comment