Monday, June 1, 2020

ഒരു ചെറിയ ചെന്നൈ യാത്ര.

ഇത് വരെ കാണാത്ത നഗരങ്ങൾ കാണാനുള്ള യാത്ര എന്നെയെത്തിച്ചത് തമിഴ്നാട് തലസ്ഥാനമായ ചെന്നൈയിൽ ആണ്. രാത്രി എട്ടരക്ക് തിരൂരിൽ നിന്നാരംഭിച്ച ട്രെയിൻ യാത്ര നേരം പുലരുമ്പോൾ തമിഴ്നാട് ഗ്രാമങ്ങളിലൂടെ നീങ്ങുകയായിരുന്നു. എട്ട് മണിയോടെ ട്രെയിൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തി ചേർന്നു. അവിടെ കാത്തു നിന്ന മഹ്മൂദിന്റെ കൂടെ റെയിൽവേ സ്റ്റേഷന്റെയും അടുത്തുള്ള കെട്ടിടങ്ങളുടെയും ഭംഗി ആസ്വദിച്ചു ചെന്നൈ മെട്രോയിൽ ഗിണ്ടിയിലേക്കു തിരിച്ചു. ഗിണ്ടി ദേശീയോദ്യാനവും IIT യും കണ്ടു ചെന്നൈയിലെ വലിയ മാളുകളിൽ ഒന്നായ ഫിനിക്‌സ് മാളിലേക്കു പോയി .അവിടം കണ്ടു ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി. 




പിന്നെ റൂമിൽ ചെക്ക് ഇൻ ചെയ്ത് ഫ്രഷായി വീണ്ടും കാഴ്ചകളിലേക്ക്. പിന്നീടുള്ള യാത്ര മഹ്മൂദിന്റെ കൂടെ ബൈക്കിൽ ആയിരുന്നു. ആദ്യം പോയത് സെൻറ് ജോർജ് മൗണ്ട് എന്ന ഒരു കുന്നിൻ മുകളിലേക്കായിരുന്നു. അവിടെ ഒരു ചർച്ചും പ്രതിമകളും മറ്റു കുറച്ചു കാഴ്ചകളും ഉണ്ടായിരുന്നു. എന്നാൽ അവിടത്തെ പ്രധാന ആകർഷണം അവിടെ നിന്നുള്ള പട്ടണത്തിന്റെയും എയർ പോർട്ടിന്റെനയും മെട്രോ പാതയുടെയും മറ്റും കാഴ്ചകൾ ആയിരുന്നു. 


അവിടെ നിന്നും കുന്നിറങ്ങി പിന്നെ ഞങ്ങൾ പോയത് മദ്രാസ് വാർ സെമിത്തേറിയിലേക്കായിരുന്നു. 856 മാർബിൾ ഫലകങ്ങളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ പട്ടാളക്കാരുടെ പേരുകൾ ആലേഖനം ചെയ്ത ഈ സ്ഥലം അതി മനോഹരമായിരുന്നു. അവിടത്തെ പുല്ലു വിരിച്ച മൈതാനവും മാർബിൾ ഫലകങ്ങളും അതിനിടയിലുള്ള പൂക്കളും മരങ്ങളും എല്ലാം നമ്മൾ നിൽക്കുന്നത് മറ്റേതോ രാജ്യത്താണെന്നു തോന്നിപ്പിക്കും. അവിടെ നിന്നും പിന്നെ പോയത് പ്രശസ്ഥമായ മറീന ബീച്ചിലേക്കാണ്. അവിടത്തെ MGR , ജയലളിത, അണ്ണാ മെമ്മോറിയലും കണ്ടു ബീച്ചിലൂടെ കുറെ നടന്നു അവിടത്തെ സ്പെഷ്യൽ വിഭവങ്ങളായ മീൻ പൊരിച്ചതും ബജികളും മറ്റും കഴിച്ചു രാത്രി പതിനൊന്നു മണിയോടെ റൂമിലേക്ക്‌. പിറ്റേന്ന് അതിരാവിലെ ചെന്നൈ എയർപോർട്ടിൽ നിന്നും കോഴിക്കോട്ടേക്ക് സ്‌പൈസ് ജെറ്റ് ബൊംബാഡിയറിന്റെ ചെറിയ വിമാനത്തിൽ കോഴിക്കോട്ടേയ്ക്കു പറന്നു. 80 ൽ താഴെ ആളെ കൊള്ളുന്ന അത്തരമൊരു വിമാനത്തിൽ എന്റെ ആദ്യ യാത്രയായിരുന്നു. വലിയ വിമാനങ്ങളെ അപേക്ഷിച്ചു ശബ്ദവും വിറയലും കുറച്ചു കൂടുതലായി അനുഭവപെട്ടു. എയർപോർട്ടിൽ ബൈക്കുമായി കാത്തു നിന്ന ഉമറലി യുടെ കൂടെ വീട്ടിലേക്കു തിരിച്ചു.


No comments:

Post a Comment